മഹിളാ കോണ്‍ഗ്രസ് നേതാവിനു സസ്പന്‍ഷന്‍

ആലുവയില്‍ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭര്‍ത്താവ് പണം തട്ടിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനു സസ്പന്‍ഷന്‍. എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്.

ഹസീന നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹസീനയുടെ ഭര്‍ത്താവ് മുനീറാണ് പണം തട്ടിയെടുത്തത്. കുടുംബത്തിന് പണം നല്‍കി ആരോപണവിധേയന്‍ പരാതി പരിഹരിച്ചിരുന്നു. ബാക്കി നല്‍കാനുണ്ടായിരുന്ന 50,000 രൂപ കൂടി നല്‍കിയതോടെ ഇനി പരാതിയില്ലെന്ന് കുടുംബം അറിയിച്ചു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

മുനീര്‍ 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇതില്‍ 70,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക നല്‍കിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തെന്നും അച്ഛന്‍ പറഞ്ഞിരുന്നു.

16-Nov-2023