കേന്ദ്രത്തിന് മണിപ്പൂര്‍ ആദിവാസി സംഘടനയുടെ അന്ത്യശാസനം

തങ്ങളുടെ ആവശ്യം കേന്ദ്രം അവഗണിച്ചാലും കുക്കി-സോ ആദിവാസി മേഖലകള്‍ക്കായി പ്രത്യേക ഭരണസംവിധാനം രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.തങ്ങളുടെ ആവശ്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍, കേന്ദ്രത്തിന്റെ അംഗീകാരം പരിഗണിക്കാതെ സ്വയംഭരണ ഭരണം രൂപീകരിക്കാന്‍ ഗ്രൂപ്പ് മുന്നോട്ടുപോകുമെന്ന് ഐടിഎല്‍എഫ് ജനറല്‍ സെക്രട്ടറി മുവാന്‍ ടോംബിംഗ് പ്രഖ്യാപിച്ചു.

കുക്കി ഗോത്രക്കാര്‍ കൂടുതലായി അധിവസിക്കുന്ന ജില്ലയായ ചുരാചന്ദ്പൂരില്‍ നടന്ന ബഹുജന റാലിയിലാണ് പ്രഖ്യാപനം. കുക്കി-സോ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമൂഹത്തിന്റെ പരാതികള്‍ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്. ആറ് മാസത്തിലേറെയായിട്ടും പ്രത്യേക ഭരണം വേണമെന്ന ഞങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സംഘടന ആരോപിച്ചു.

'രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സ്വയം ഭരണം സ്ഥാപിക്കും. കേന്ദ്രം അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ മുന്നോട്ട് പോകും' ഐടിഎല്‍എഫ് പറഞ്ഞു. 'ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ളതുപോലെ, കുക്കി-സോ പ്രദേശങ്ങളിലെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്ന ഒരു സ്വയംഭരണം ഞങ്ങള്‍ സ്ഥാപിക്കും. ഞങ്ങളുടെ ശബ്ദം കേള്‍ക്കാത്തതിനാലാണ് ഇത് ചെയ്യേണ്ടിവരുന്നത്, '-ഐടിഎല്‍എഫിന്റെ ജനറല്‍ സെക്രട്ടറി മുവാന്‍ ടോംബിംഗ് പറഞ്ഞു.

16-Nov-2023