രണ്ട് ലക്ഷം അസാധുവോട്ടുകൾ യൂത്ത് കോണ്‍ഗ്രസിന് തലവേദനയാകുന്നു
അഡ്മിൻ
യൂത്ത് കോണ്‍ഗ്രസ് കേരളം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിലെ അസാധുവോട്ടുകളുടെ എണ്ണം രണ്ട് ലക്ഷത്തിലധികം. ആകെ പോള്‍ ചെയ്ത 7,29,626 വോട്ടില്‍ 2,16,462 വോട്ടാണ് അസാധുവായത്. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയ വോട്ടുകള്‍ 2,21,986 ആണ്. അസാധു വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 5,524 വോട്ടുകളുടെ വ്യത്യാസം മാത്രം.
വ്യാജമായ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതാണ് ഇത്രയധികം വോട്ടുകള്‍ അസാധുവാകാന്‍ കാരണം. പരാതികളുടെ അടിസ്ഥാനത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പരും, വോട്ടര്‍ ലിസ്റ്റിലെ നമ്പരും ഒത്തുനോക്കിയപ്പോള്‍ തന്നെ വ്യാജ വോട്ടര്‍മാരെ തിരിച്ചറിഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളും അംഗത്വം എടുത്ത വ്യക്തി നല്‍കിയ വിവരങ്ങളും ഒത്തുപോകാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. പലരുടേയും തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയും അംഗത്വം എടുക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്ത ലൈവ് ഫോട്ടോയും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
സംഘടനയിൽ അംഗത്വം എടുത്ത് വോട്ട് ചെയ്യാന്‍ 50 രൂപയാണ് ഫീസ്. തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് പോയപ്പോള്‍ പരാജയം ഉറപ്പായതുകൊണ്ടോ ആവേശം കുറഞ്ഞത് കൊണ്ടോ ചിലര്‍ ആ പൈസമേല്‍ കമ്മിറ്റിക്ക് നല്‍കിയില്ല, അതുവഴിയും കുറച്ച് വോട്ടുകള്‍ അസാധുവായി. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് ചെയ്യിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കയ്യോടെ പിടികൂടിയ അത്തരം വോട്ടുകളും അസാധുവോട്ടിന്‍റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
എന്നത്, കുറ്റമറ്റ ഏഴ് പ്രോസസിലൂടെ വോട്ടെണ്ണല്‍ നടത്തിയതുകൊണ്ടാണ് ഇത്രയധികം അസാധുവോട്ടുകള്‍ വന്നതെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിശദീകരണം. പണം അടച്ചിട്ടും അസാധുവായി കണക്കാക്കിയ 2,16,462 വോട്ടിനൊപ്പം നല്‍കിയ അംഗത്വ ഫീസ് ദേശീയ കമ്മിറ്റി അസാധുവായല്ല കണക്കാക്കുക. ആ വഴി മാത്രം ഒരു കോടി എട്ടുലക്ഷത്തി ഇരുപത്തിമൂവായിരം (1,08,23,100) രൂപയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തിന് ഏതാണ്ട് ലഭിച്ചത്.