കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുന്നു: മന്ത്രി പി രാജീവ്
അഡ്മിൻ
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് നൽകിയ പണം തട്ടിയ സംഭവത്തിൽ കോൺഗ്രസ്സ് നേതാക്കളുടെ നടപടി ക്രൂരമെന്ന് മന്ത്രി പി രാജീവ്. വിവരം അറിഞ്ഞിട്ടും ഒളിച്ചു വെച്ച ജനപ്രതിനിധികളുടെ നടപടി അപലപനീയമെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎയുടെ അറിവോടെ ആണ് ഈ ഒളിച്ചു കളി. ന്യായീകരിക്കാൻ കഴിയാത്ത സംഭവം. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല.
പണം തട്ടിയതിനെ ഈ നാട് അംഗീകരിക്കില്ല. കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പി രാജീവ് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് കോൺഗ്രസ് പ്രവർത്തകൻ മുനീർ പണം തട്ടിയെന്ന പരാതി ഉയർന്നിരുന്നു. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എടിഎമ്മില്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു.
എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് മുനീര്‍ കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കുന്നത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാര്‍ഡ് ഉണ്ടായിരുന്നത്. 1,20,000 രൂപ മുനീര്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി പെൺകുട്ടിയുടെ പിതാവ് ചോദിക്കുമ്പോഴാണ് സംഭവം വിവാദമാകാതിരിക്കാൻ 70000 രൂപ മുനീർ തിരികെ കൊടുക്കുന്നത്. അതിനുശേഷം 50000 രൂപ ബാക്കി കൊടുക്കാനുണ്ടായിരുന്നു.
വാര്‍ത്ത വിവാദമായതോടെ മുനീര്‍ കുട്ടിയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് മുനീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം വാര്‍ത്തയായതിന് പിന്നാലെ, ബാക്കി നൽകാനുണ്ടായിരുന്ന 50000 രൂപ മുനീര്‍ തിരികെ നൽകി. മുഴുവന്‍ പണവും തിരിച്ചുകിട്ടി എന്നും ഇനി പരാതി ഇല്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.