നവകേരള സദസിനായി വാങ്ങിയ ബസ് അസറ്റ് ആണെന്ന് ഇപി ജയരാജന്‍

നവകേരള സദസിനായി വാങ്ങിയ ബസ് അസറ്റ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആഢംബര ബസ് അസറ്റാണ്. വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിര്‍മിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു. യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങള്‍ക്കും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയും.

പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ പ്രത്യേകമായി ആളെ കൂട്ടണ്ട കാര്യമുണ്ടോയെന്നും ഇപി ജയരാജന്‍ ചോദിച്ചു. ഹമീദ് മികച്ച സഹകാരിയാണെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. പി അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ വിഷയത്തിലായിരുന്നു ഇപിയുടെ പ്രതികരണം. ഡയറക്ടര്‍ ബോര്‍ഡ് അംഗമാകാന്‍ ഹമീദ് അര്‍ഹനാണ്. പ്രതിപക്ഷത്തെ കൂടി ഉള്‍പ്പെടുത്തുകയാണ് എല്‍ഡിഎഫ് ചെയ്തത്.

നയപരമായ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ സമ്മതം വാങ്ങണ്ട ഗതികേട് ലീഗിനില്ല. യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. ചാരി നില്‍ക്കാന്‍ ഒരു വടിയാണ് കോണ്‍ഗ്രസിന് ആവശ്യം. മലപ്പുറത്തെ പരിപാടിയില്‍ ലീഗ് പങ്കെടുക്കണമോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും ഇപി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ലീഗ്. അവരും സഹകരണ മുന്നണിയില്‍ ഉണ്ടാവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പലസ്തീനൊപ്പം നിന്ന ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ്സ് നടപടിയെടുത്തു. ഹമാസിനെ പിന്തുണച്ച തരൂരിനെ തിരുത്താന്‍ തയാറായില്ല. പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് ആണിത്. കേരളത്തിലെ എന്‍സിപിയും ജെഡിഇസും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളാണ്. അവരെ സംരക്ഷിക്കേണ്ട ചുമതല എല്‍ഡിഎഫിനുണ്ട്. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ഉള്ള ആര്‍ജവം അവര്‍ക്കുണ്ടെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

16-Nov-2023