ഈ യൂത്ത് കോണ്‍ഗ്രസ് മോഡല്‍ ജനങ്ങളെ സംബന്ധിച്ച്‌ ഉത്കണ്ഠയുണ്ടാക്കുന്നതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ ഐഡന്‍ഡിറ്റി കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ .

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി ഇത്രയധികം കാര്‍ഡുകള്‍ ഉണ്ടാക്കിയാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എത്രലക്ഷം ഐഡികാര്‍ഡാവും ഉണ്ടാക്കുകയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക ആപ്പില്‍ നിന്ന് ഐഡി കാര്‍ഡ് ഉണ്ടാക്കുക. അതുമായി വോട്ടുചെയ്യുക. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കണ്ട് ഇടപെടണം. പാര്‍ലമെന്റ് തെരഞ്ഞടുപ്പിനോടനുബന്ധിച്ച്‌ ഉണ്ടാക്കിയ ഈ യൂത്ത് കോണ്‍ഗ്രസ് മോഡല്‍ ജനങ്ങളെ സംബന്ധിച്ച്‌ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അത് സംബന്ധിച്ച്‌ അന്വേഷണം ആവശ്യമായ രീതിയില്‍ നടത്തണമെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

വ്യാജ ഐഡന്‍ഡിറ്റി നിര്‍മ്മിച്ചത് വളരെ ഗൗരവമുള്ള പ്രശ്‌നമാണ്. ആര്‍ക്കും ഐഡി കാര്‍ഡ് നിര്‍മ്മിക്കാമെന്നതാണ് ഇത് കാണിക്കുന്നത്. ഇത് വരുന്ന പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇതിന്റെ പിന്നില്‍ കനുഗോലുവാണെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

17-Nov-2023