രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്

കേരളത്തിലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന – ദേശീയ നേതാക്കളോടും കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. അഖിലേന്ത്യാ പ്രസിഡന്റ്‌ ബി വി ശ്രീനിവാസ്‌, ജനറൽ സെക്രട്ടറി ശ്രാവൺ റാവു, സംസ്ഥാന പ്രസിഡന്റ്‌ എന്നിവർക്കാണ് നിർദ്ദേശം.

ഡിസംബർ ഒന്നിന് മഞ്ചേരി കോടതിയിലാണ് ഹാജരാകേണ്ടത്. യൂത്ത്‌ കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മുൻ മണ്ഡലം സെക്രട്ടറി മുസാഫിർ നെല്ലിക്കുത്ത് കോടതിയെ സമീപിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് അംഗത്വ വിതരണത്തിലും നാമനിർദേശ പത്രികയിലും ഒരുവിഭാഗം കൃത്രിമംനടത്തി. ഐടി സെല്ലിന്റെ സഹായത്തോടെ വോട്ടർ ഐഡി കാർഡുകൾ വ്യാജമായി നിർമിച്ചു. വോട്ടർ പട്ടികയിലുംകൃത്രിമം നടത്തി. എ ഗ്രൂപ്പിന്റെ വോട്ടുകൾ അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് നടത്തിപ്പുകാരുടെ സഹായത്തോടെ എതിർവിഭാഗം ഓൺലൈൻ സംവിധാനത്തിൽ കൃത്രിമംനടത്തി. എ ഗ്രൂപ്പ് അംഗങ്ങൾ വോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷെബീർ കുരിക്കളാണ് ഇതിന് നേതൃത്വം നൽകിയത്. ചട്ടപ്രകാരം 35 വയസ് കഴിഞ്ഞവർക്ക് മത്സരിക്കാൻ പാടില്ല. എന്നാൽ 40 വയസ് പൂർത്തിയായവരുടെ നാമനിർദേശ പത്രിക തന്നെ സ്വീകരിക്കരുതെന്നിരിക്കെ 1983ൽ ജനിച്ച ഷെബീർ ഭാരവാഹിയായി. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്.

21-Nov-2023