തലസ്ഥാനത്തിന് പുറത്ത് ആദ്യമായി പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു
അഡ്മിൻ
കേരളത്തിൽ തലസ്ഥാനത്തിന് പുറത്ത് ആദ്യമായി മുഴുവന്‍ മന്ത്രിമാരും പങ്കെടുത്ത് നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തലശ്ശേരിയില്‍ ചേര്‍ന്നു. നവകേരള സദസ് പര്യടനം തുടര്‍ന്നതിനിടെയാണ് അപൂര്‍വ്വ മന്ത്രിസഭ യോഗം ചേര്‍ന്നത്.
ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭ അനുമതി നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭ യോഗങ്ങള്‍ മുമ്പ് ചേര്‍ന്നിട്ടുണ്ടെങ്കിലും എല്ലാ മന്ത്രിമാരുടെയും പ്രാതിനിത്യമുണ്ടായിരുന്നില്ല. കൊവിഡ് പ്രതിസന്ധി കാലത്ത് ഓണ്‍ ലൈന്‍ വഴി മന്ത്രിസഭ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. നവകേരള സദസിനിടയില്‍ വിവിധ ജില്ലകളിലായി അഞ്ച് മന്ത്രിസഭ യോഗങ്ങളാണ് ചേരുന്നത്.
തലശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു നവകേരള സദസിനിടെയുള്ള ആദ്യ മന്ത്രിസഭ ചേര്‍ന്നത്.. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവരുടെ സുരക്ഷയിലായിരുന്നു തലസ്ഥാനത്തിന് പുറത്തെ മന്ത്രിസഭ യോഗം. കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് അംഗീകാരം നല്‍കിയ തലശ്ശേരി മന്ത്രിസഭ യോഗം കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ പദ്ധതിക്കായി കൈമാറാന്‍ തീരുമാനിച്ചു.
150 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം 15 മാസത്തിനകം പൂര്‍ത്തിയാക്കും. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 387 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് ദിവസം ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിച്ചു. സംസ്ഥാന സഹകരണ യൂണിയനിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചതിനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകള്‍ക്ക് സാധൂകരണവും നല്‍കി.