ജനസമ്പര്‍ക്ക പരിപാടിയില്‍ ഉമ്മന്‍ ചാണ്ടിക്ക് കൊടുത്ത പരാതികള്‍ തന്നെ ഇപ്പോഴും ലഭിക്കുന്നുണ്ട്: മന്ത്രി എം ബി രാജേഷ്

ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊടുത്ത പരാതികള്‍ തന്നെ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. അന്ന് പരാതിയില്‍ എഴുതിക്കൊടുക്കല്‍ മാത്രമാണ് ഉണ്ടായതെന്നും ഇപ്പോഴാണ് നടപടിയുണ്ടാകുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

‘ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊടുത്ത അപേക്ഷകളില്‍ നടപ്പിലാക്കാത്തവ ഇപ്പോഴുമുണ്ട്. ഉമ്മന്‍ചാണ്ടി എഴുതിക്കൊടുത്ത കടലാസുമായിട്ടാണ് പലരും ഇന്ന് വരുന്നത്. അതാണ് അന്നത്തെ ജന,സമ്പര്‍ക്ക പരിപാടി. എഴുതിക്കൊടുക്കലേ ഉണ്ടായിട്ടുള്ളൂ. കാര്യം നടന്നില്ല. അവ പരിഹരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്’. മന്ത്രി കൂട്ടിച്ചേര്‍ത്തു.

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായി. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

23-Nov-2023