നവകേരള സദസിന്റെ സ്വീകാര്യത പ്രതിപക്ഷത്തെയും വലതുപക്ഷ മാദ്ധ്യമങ്ങളെയും വിറളിപിടിച്ചിരിക്കുന്നു : എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
നവകേരള സദസിന്റെ സ്വീകാര്യത പ്രതിപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന വലതുപക്ഷ മാദ്ധ്യമങ്ങളെയും വിറളിപിടിച്ചിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ജനങ്ങളാണ് യഥാർഥ ഭരണാധികാരികൾ എന്ന സങ്കൽപ്പമാണ് ജനാധിപത്യം മുന്നോട്ടുവയ്ക്കുന്നത്. ‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം’ എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ നൽകിയ നിർവചനം വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതും ഇതിനാലാണ്. ജനാധിപത്യത്തിന്റെ യഥാർഥ സത്ത ഉൾക്കൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാടിന്റെ നല്ല ഭാവി ഉറപ്പുവരുത്താനായി ജനങ്ങളുടെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും 36 ദിവസം നീണ്ട ജനകീയ യാത്രയ്ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങൾ അവർക്കു വേണ്ടി ഭരണം നടത്താനായി 140 എംഎൽഎമാരെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയക്കുന്നത്. ഈ 140 മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ സഞ്ചരിക്കുകയാണ്. ജനങ്ങളെ നേരിട്ട് കണ്ട് അവരിൽനിന്ന് പരാതികൾ സ്വീകരിച്ച് സമയബന്ധിതമായി അവ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്.
ലോക ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കാം ഭരണത്തിലിരിക്കുന്നവർ, അതും ഒരു കൂട്ടുകക്ഷി സർക്കാരിലെ മന്ത്രിസഭാംഗങ്ങൾ ഒറ്റക്കെട്ടായി, ഒന്നായി ജനങ്ങളുടെ പ്രശ്‌നങ്ങൾ തേടി അവരുടെ മധ്യത്തിലേക്ക് ഇറങ്ങുന്നത്. ലോകത്തിലെ എല്ലാ ജനാധിപത്യ ഭരണാധികാരികൾക്കും പുതിയ മാതൃകയും ബദലുമാണ് ഇതുവഴി പിണറായി സർക്കാർ ഒരുക്കുന്നത്. ഇതും കേരള മോഡലിന്റെ ഭാഗം തന്നെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അത് ആഡംബരവും അശ്ലീലവുമാണെന്നാണ് പ്രതിപക്ഷവും ഭൂരിപക്ഷം മാധ്യമങ്ങളും ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന അർഥത്തിലാണ് ഈ വിശേഷണം മാധ്യമങ്ങൾക്ക് ലഭിച്ചത്. എന്നാൽ, ഇന്ന് ഇന്ത്യയിൽ കാണുന്നത് ജനാധിപത്യത്തെയും ഭരണഘടനയെ തന്നെയും കശക്കിയെറിയുന്ന മോദി സർക്കാരിന്റെ വിനീത ദാസരായി ഭൂരിപക്ഷം മാധ്യമങ്ങളും മാറുന്നതാണ്.
ജനാധിപത്യത്തിന് ശക്തിപകരുന്നതിന് പകരം അതിന്റെ തകർച്ചയ്ക്ക് കൂട്ടുനിൽക്കുകയാണോ മാധ്യമങ്ങൾ എന്ന ചോദ്യം പലരും ഉയർത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ചിത്രവും വ്യത്യസ്തമല്ല. ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനത്തിനു തന്നെ പുതിയ മാതൃകയാകുന്ന നവകേരള സദസ്സിനെ ഇകഴ്ത്താനും പരിഹസിക്കാനും മാധ്യമങ്ങൾ നടത്തിയ മത്സരം ഈ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
24-Nov-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ