വി ഡി സതീശനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി ഡി സതീശന്‍ മാടമ്പിയെ പോലെ പെരുമാറുന്നു. താനാണ് കോണ്‍ഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലെന്നും പറഞ്ഞു. ജനം ഇതെല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാക്കുകളില്‍ മാടമ്പിത്തരമാണ് സതീശന്. പല പ്രതിപക്ഷ നേതാക്കളെയും താന്‍ കണ്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. ജനാധിപത്യ രീതിയിലാണ് അവരൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ളത്. അവരൊക്കെ മാറി പുതിയൊരു നേതൃത്വം വന്നപ്പോഴാണ് സതീശന്‍ സ്ഥാനത്തെത്തിയത്. മാടമ്പി രീതിയിലുള്ള ജല്‍പ്പനങ്ങളാണ് വിഡി സതീശന്‍ നടത്തുന്നത്.

ഇത് എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയാം. കോണ്‍ഗ്രസിന്റെ തന്തയും തള്ളയും ജനങ്ങളും താനാണെന്ന നിലയിലാണ് സതീശന്റെ പ്രതികരണം. ഉള്ളത് പറയുമ്പോള്‍ വിരോധം വിചാരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രെസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. തുടര്‍ച്ചയായ പത്താം തവണയാണ് വെള്ളാപ്പള്ളി എസ് എന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എത്തുന്നത്. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് നടന്ന ചടങ്ങിലാണ് സ്ഥാനമേറ്റടുത്തത്. മറ്റ് ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേറ്റു.

27-Nov-2023