പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, അതില്‍ എനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല : രാഹുൽ ഗാന്ധി
അഡ്മിൻ
ഡല്‍ഹിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്ട്രീയ സമിതിയെ (ബിആര്‍എസ്) പരാജയപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി .ഡല്‍ഹിയില്‍ മോദിയെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ ബിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ തോല്‍പ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ബിആര്‍എസും ബിജെപിയും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച രാഹുല്‍ കെസിആര്‍ പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ പിന്തുണക്കുന്നതായും ചൂണ്ടിക്കാട്ടി. കെസിആറിനെതിരെ എന്തെങ്കിലും കേസുകള്‍ ഉണ്ടോയെന്ന് അറിയാനുള്ള ആഗ്രഹവും രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു, 'തെലങ്കാനയിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ ആണ് ഇതെന്ന് പറഞ്ഞ രാഹുല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കെസിആറിന് പിന്നില്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
പ്രധാനമന്ത്രിക്കെതിരെ പോരാടുന്ന തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതികള്‍ കാലാകാലങ്ങളില്‍ സമന്‍സ് അയക്കാറുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദ്യമായി അപകീര്‍ത്തിക്കേസില്‍ എനിക്ക് രണ്ട് വര്‍ഷം ശിക്ഷ കിട്ടി. എന്റെ ലോക്സഭാ അംഗത്വം റദ്ദാക്കി. എന്റെ സര്‍ക്കാര്‍ വസതി റദ്ദാക്കി. എനിക്ക് അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ഹൃദയത്തിലാണ് എന്റെ വീട്, അദ്ദേഹം പറഞ്ഞു. പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, അതില്‍ എനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.