കണ്ണില്‍ അബദ്ധത്തില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മഞ്ചേരിയിലെ നവകേരള സദസ് വേദിയില്‍ തന്റെ കണ്ണില്‍ അബദ്ധത്തില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വര്‍ എംഎല്‍എയുടെ വസതിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ എന്‍സിസി കേഡറ്റ് ജിന്റോ കണ്ടത്. ‘അബദ്ധത്തില്‍ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്ന് പറഞ്ഞ് പേന സമ്മാനമായി നല്‍കിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്.

ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്റോ. മഞ്ചേരിയിലെ വേദിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നിയുക്തനായ എന്‍സിസി കേഡറ്റായിരുന്നു ജിന്റോ. മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനിടെയാണ് ജിന്റോയുടെ കൈ അബദ്ധത്തില്‍ മുഖ്യമന്ത്രിയുടെ കണ്ണില്‍ ഇടിച്ചത്.

തുടര്‍ന്ന് കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോള്‍ തന്നെ പരിചരിക്കാന്‍ ജിന്റോ തയ്യാറായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കാണണമെന്ന് ജിന്റോ താല്പര്യപ്പെടുകയായിരുന്നു. ഇതോടെയാണ് അന്‍വര്‍ എംഎല്‍എയുടെ വസതിയില്‍ അതിനുള്ള അവസരം ഒരുക്കിയത്.

30-Nov-2023