റീ കൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് വിജയം

തൃശൂർ ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് വിജയം. 3 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനിരുദ്ധന്‍ ജയിച്ചത്. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്താനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ട്രഷറി ലോക്കറില്‍ ആയിരുന്ന ബാലറ്റുകള്‍ കഴിഞ്ഞ ദിവസം കോളേജിലെ സ്‌ട്രോങ്ങ് റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തില്‍ ഇത് തുറന്ന് ചേംബറിലെത്തിച്ചു. കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളും, വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേര്‍ന്നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു കോടതിയെ സമീപിച്ചിരുന്നത്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നിന് രാവിലെയായിരുന്നു തിരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടായിരുന്നു. എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. വൈകിട്ട് ആറിന് ന് തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് രാത്രി 12നായിരുന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വന്നതോടെയാണ് വിവാദമായത്.

02-Dec-2023