ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസ്സിന്റെ പുറകോട്ട് പോക്ക് ദൗർഭാഗ്യകരമാണ്. ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലയുണ്ടായിരുന്ന മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാർട്ടിക്കുളളിലെ തമ്മിലടിയാണ്.

കേരളത്തിലെ കോൺഗ്രസ് ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകർക്കാൻ ആണ് ശ്രമിക്കുന്നത്. കോൺഗ്രസ് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയം നേടാനായത്. ബാക്കി മൂന്നിടങ്ങളിലും ബിജെപി ആണ് മുന്നേറ്റം കൈവരിച്ചിരിക്കുന്നത്.

03-Dec-2023