നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനുമുള്ള നവകേരള സദസ്സ് ഡിസംബർ 4 കുന്നംകുളത്ത് പട്ടാമ്പി റോഡിലെ ചെറുവത്തൂര്‍ ഗ്രൗണ്ടിൽ വൈകിട്ട് 4.30 ന് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനെ വരവേൽക്കാൻ നഗരം മുഴുവൻ ദീപാലങ്കൃതമാക്കി.
നവകേരള സദസ്സ് നടക്കുന്നതിന് മുന്നോടിയായും ശേഷവും വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. ഉച്ചയ്ക്ക് 2 ന് തിരുവാതിരക്കളി, മലബാര്‍ മ്യൂസിക് ബാന്റിന്റെ ഗാനമേള എന്നിവ അരങ്ങേറും. കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം വേദിയും തയ്യാറാക്കിയിട്ടുണ്ട്.
നവകേരള സദസ്സില്‍ നിവേദനങ്ങള്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷകൾ നൽകാൻ 20 കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ജനറല്‍ കൗണ്ടറുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടറുകളും ഉണ്ട് . ഉച്ചക്ക് 1.30 മുതൽ അപേക്ഷകൾ സ്വീകരിക്കും. അവസാന പരാതിയും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കൂ.