നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നു: മുഖ്യമന്ത്രി
അഡ്മിൻ
സ്വാനുഭവങ്ങൾ മറന്ന് ജനങ്ങൾ നുണകളുടെ പിന്നാലെ പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള തെളിവാണ്, യുഡിഎഫ് എം എൽ എ മാർ ബഹിഷ്കരിച്ച മണ്ഡലങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച് ഒഴുകിയെത്തുന്ന സദസ്സ്. ഈ ജനങ്ങൾക്ക് മുന്നിൽ ഒരു വ്യാജ ആക്ഷേപവും വിലപ്പോകില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്റെ വാർത്താസമ്മേളനം
ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്. പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി വരെ അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് എത്തിയത്. നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നു. എന്നാൽ ചിലരുടെ ക്യാമറകളിൽ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കാണുന്നില്ല.
ഇത് ആർക്കും എതിരായ പരിപാടിയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണ്. ‘എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.’ - എന്ന ആരോപണമാണ് ഉന്നയിച്ച് കേട്ടത്. പതിനാല് ജില്ലാകൗൺസിലുകൾ ഒറ്റയടിക്ക് പിരിച്ചു വിട്ട് അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തിൽ കത്തി വെച്ചവരാണ് ഇത് പറയുന്നത്. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും അതിനെ തുരങ്കം വെക്കാൻ നോക്കിയവരും ആരാണെന്നും ഞാൻ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടൽ ആണ് നടത്തുന്നത്. അതിനായി കാലികമായ മാറ്റങ്ങൾ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നൽകി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിൽ ഒന്നായ മാലിന്യ സംസ്കരണത്തിൽ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്. അത് ഓർഡിനൻസായി ഗവർണർ മുമ്പാകെ നൽകിയിട്ടുണ്ടെങ്കിലും ഒപ്പിടാതെ വച്ചിരിക്കയാണ്. അക്കാര്യത്തിൽ പ്രതിപക്ഷം യാതൊരു പ്രതിഷേധവും ഉന്നയിച്ച് കേട്ടില്ല. നഗരപ്രദേശങ്ങളിലും, ചേർന്നുനിൽക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൻ്റെ ആനുകൂല്യങ്ങൾ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി 941 ഗ്രാമ പഞ്ചായത്തുകളിലും ഐ.എൽ. ജി.എം.എസ്. ഓൺെലൈൻ ഫയൽ സംവിധാനം ഏർപ്പെടുത്തി.
270 ഓളം സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു. നഗരസഭകൾക്ക് വേണ്ടി കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികൾ തീർപ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിൽ ഏതാണ് "അസ്ഥിരീകരിക്കൽ" എന്ന് പറഞ്ഞവർ വിശദീകരിച്ചാൽ നന്ന്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ടന്ന തുക യഥാസമയം നൽകിയിട്ടില്ല എന്നാണ് മറ്റൊരു ആക്ഷേപം.
ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വാർഷിക പദ്ധതിയുടെ 26 ശതമാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയത്. 2022-23 ൽ അത് 26.5 ശതമാനമായും 2023-24 ൽ അത് 27.14 ശതമാനമായും വർദ്ധിപ്പിച്ചു. ഇതിനു പുറമേയാണ് മെയിന്റനൻസ് ഫണ്ടും പൊതു ആവശ്യ ഫണ്ടും കൃത്യമായി നൽകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ആയി ഉപയോഗിക്കാൻ അധികാരമുള്ള പൊതു ആവശ്യ ഗ്രാൻഡ് എന്ന ജനറൽ പർപ്പസ് ഫണ്ടിൻ്റെ ഏപ്രിൽ മുതൽ നവംബർ വരെയുള്ള പ്രതിമാസ ഗഡുക്കൾ നൽകിക്കഴിഞ്ഞു. മൂന്ന് ഗഡുക്കളായി നൽകേണ്ട മെയിൻ്റനൻസ് ഫണ്ടിൻ്റെ രണ്ടു ഗഡുക്കൾ നൽകി. അടുത്ത ഗഡുവും കൃത്യസമയത്ത് നൽകും. പദ്ധതിവിഹിതം വികസന ഫണ്ട് ഇനത്തിലുള്ള തുകയും 3 ഗഡു നൽകേണ്ടതിൽ രണ്ടു ഗഡുക്കൾ നൽകിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ ഫണ്ടുകൾ നൽകുന്നില്ല എന്ന് തെറ്റായി പറയുന്ന കുറ്റപത്രക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല.
സംസ്ഥാനത്തിന് കേന്ദ്ര ധന കാര്യ കമ്മീഷൻ ഗ്രാൻ്റ് ശുപാർശ ചെയ്തതു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യോജിക്കുന്നതും കേരളത്തിന്റെ സാഹചര്യത്തിൽ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉൾപ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കുന്നത്. അതിൽ പ്രതിപക്ഷത്തിന് അഭിപ്രായമില്ലേ? 2022-23 സാമ്പത്തിക വർഷത്തെ നഗര തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള മില്യൺ പ്ലസ് സിറ്റീസ് ഇനത്തിൽ പെട്ട 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്റ് ഇനത്തിൽ 137. 16 കോടി രൂപയും 2023 - 24 ലെ 8 മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. 2023 - 24 വർഷം ഗ്രാമ മേഖലയിൽ 1260 കോടിയും നഗര മേഖലയിൽ മില്യൺ പ്ലസ് സിറ്റീസ് ന് 281 കോടിയും നോൺ മില്യൺ പ്ലസ് സിറ്റീസ് ന് 368 കോടിയും ചേർന്ന് ആകെ 1909 കോടി രൂപ ലഭിക്കണം. ഇതിൽ ഒന്നാം ഗഡുവായി 814 കോടി രൂപ ഈ വർഷമാദ്യം ലഭിക്കേണ്ടതാണ്. അത് യഥാസമയം തന്നില്ല. നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഗ്രാമ മേഖലയിലേക്കായി 252 കോടി രൂപ മാത്രമാണ് ഈ നവംബർ 20 ന് അനുവദിച്ചത്.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നത് സംസ്ഥാനങ്ങളുടെയും അതു വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ അവകാശമാണ്. അവകാശമുള്ള ഫണ്ട് ലഭിക്കാത്തതിനാൽ തദ്ദേശ തലത്തിൽ പ്രോജക്റ്റുകൾ മുടങ്ങുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇത്തരം ഏതെങ്കിലും നിബന്ധനകൾ നൽകാൻ ധനകാര്യ കമ്മീഷന് മാത്രമാണ് അധികാരം. എന്നാൽ കേന്ദ്ര ധനകാര്യ വകുപ്പ് ഏകപക്ഷീയമായി പുതിയ നിബന്ധന വെച്ചിരിക്കുന്നു. ഇത് തീർത്തും ഭരണഘടനാ വിരുദ്ധമാണ്. നവകേരള സദസ്സിന് നടത്തിപ്പിനാവശ്യമായ തുകയിൽ ഒരു ചെറിയ വിഹിതം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രചാരണം.
നവകേരള സദസ്സ് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക പരിപാടിയാണ്. സ്വാഭാവികമായും സംഘാടനത്തിന്റെ ഭാഗമായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നവകേരള സദസിന് ആവശ്യമായ ചെലവിൽ വിഹിതം നൽകുന്നതിനു സർക്കാർ അനുമതി ആവശ്യമാണ്. നവകേരള സദസ് മുൻ മാതൃകകൾ ഇല്ലാത്ത ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ മുൻകൂട്ടി പഞ്ചായത്ത് രാജ് നിയമത്തിൽ മുൻസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അനുമതിയാണ് സർക്കാർ നൽകിയത്. അതിന് പരിധിയും നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
ആദ്യം പണം നൽകുന്നതിനു തീരുമാനിച്ച ഒരു നഗരസഭ, പ്രതിപക്ഷ നേതാവിൻ്റെ പ്രേരണ മൂലമെന്ന് മനസ്സിലാക്കുന്നു ഇതിനെതിരെ കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായി. ആ ഉത്തരവ് റദ്ദാക്കുന്നതിനുള്ള യാതൊരു നടപടിയും കോടതി സ്വീകരിച്ചില്ല. ഇതിനെയാണു നവകേരള സദസ്സിനു വേണ്ടി ഉള്ള പിരിവ് എന്ന് പറയുന്നത്. നിരവധി യുഡിഎഫ് എംഎൽഎമാർ വിവിധ പരിപാടികൾക്കു വേണ്ടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തുക ഉപയോഗിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പലതിനും അനുമതി നൽകിയിട്ടുമുണ്ട്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് നടപ്പാക്കുന്ന ഒരു പരിപാടിയിൽ പണം ചെലവഴിക്കേണ്ടി വരിക എന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പ്രാഥമികമായ ഒരു ഉത്തരവാദിത്വം ആണ് എന്നത് വിസ്മരിക്കരുത്.
സ്വാനുഭവങ്ങൾ മറന്ന് ജനങ്ങൾ നുണകളുടെ പിന്നാലെ പോകില്ല. അതിനു തെളിവ്, യുഡിഎഫ് എം എൽ എ മാർ ബഹിഷ്കരിച്ച മണ്ഡലങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച് ഒഴുകിയെത്തുന്ന സദസ്സ്. ഈ ജനങ്ങൾക്ക് മുന്നിൽ ഒരു വ്യാജ ആക്ഷേപവും വിലപ്പോകില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.പാലക്കാട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 12 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങൾ. ആദ്യദിനം ലഭിച്ചത് 15753 നിവേദനങ്ങളും രണ്ടാം ദിവസം 22745 ഉം മൂന്നാം ദിവസം 22706 നിവേദനങ്ങളുമാണ് ലഭിച്ചത്. മലമ്പുഴ -7067, പാലക്കാട്-5281, നെന്മാറ-6536, ആലത്തൂർ-6664,ഷൊർണൂർ-3424, ഒറ്റപ്പാലം-4506, തരൂർ-4525, ചിറ്റൂർ-4981, മണ്ണാർകാട്-5885, കോങ്ങാട്-4512, പട്ടാമ്പി-3404 തൃത്താല-4419 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
04-Dec-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ