രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് പരാജയപ്പെടുന്നു : എം.വി ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തോല്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ. തെലങ്കാനയില്‍ വിജയിച്ചവരെ സംരക്ഷിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ‘ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാതെ കോണ്‍ഗ്രസിന് നിലനില്‍ക്കാനാകില്ല. സംഘടനയ്ക്ക് അകത്തെ ഐക്യവും പ്രശ്‌നമാണ്.
ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന് കനുഗോലു സിദ്ധാന്തത്തിന് കിട്ടിയ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബാദ്രയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് കൊടുത്തു’, അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ബിജെപി യെ തോല്‍പ്പിക്കലാണ് സിപിഎം അജണ്ട. സിപിഎം അതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലിരിക്കാന്‍ പോലും കഴിയാത്ത വിധം കോണ്‍ഗ്രസ് തോറ്റു.
ബിജെപിയെ തോല്‍പ്പിക്കാവുന്ന വിധം ഓരോ സംസ്ഥാനത്തിനും ഇന്ത്യമുന്നണിക്ക് ഓരോ സമീപനങ്ങള്‍ ഉണ്ടാകണം. വയനാട്ടില്‍ രാഹുല്‍ മത്സരിക്കണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം. ഇടതു പാര്‍ട്ടികളോടല്ല രാഹുല്‍ മത്സരിക്കേണ്ടത്. മത്സരിക്കരുത് എന്ന് അപേക്ഷിക്കാനൊന്നും ഇല്ല’, അദ്ദേഹം പറഞ്ഞു.