സംസ്ഥാന വ്യാപകമായി നാളെ ‌എസ്‌എഫ്‌ഐയുടെ പഠിപ്പ് മുടക്ക് സമരം

സംസ്ഥാനത്തെ സർവകലാശാലകളിലെ സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലികളെ ഗവർണർ നാമനിർദേശം ചെയ്യുകയാണെന്ന ആരോപണവുമായി എസ്എഫ്ഐ. ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു.

ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് പി എം ആർഷോ പറഞ്ഞു. കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് പി എം ആർഷോ പറഞ്ഞു. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

സർവകലാശാലകളിൽ ഗവർണർ നടത്തുന്ന നീക്കത്തിനെതിരെയാണ് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നതെന്നും, ഈ വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർത്തുമെന്നും ആർഷോ വ്യക്തമാക്കി. സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ എസ്എഫ്ഐയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ വളയുമെന്നും വ്യക്തമാക്കി.

05-Dec-2023