സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ കാനം സ്വദേശി വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.