ഉന്നത വിദ്യാഭ്യാസരംഗത്തെ ഹബ്ബായി കേരളം മാറുമ്പോള്‍ വിദേശവിദ്യാര്‍ഥികളും ഇവിടേക്കെത്തും: മുഖ്യമന്ത്രി
അഡ്മിൻ
മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുകയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടത്ത് താന്‍ തന്നെ അങ്ങനെ ഒരു കാര്യം കണ്ടെന്നും അതുകൊണ്ടാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തന്നെ കരിങ്കൊടി കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ രീതി ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഓടുന്ന ബസിന് മുന്നില്‍ ചാടുന്ന സംഭവങ്ങളാണ് ഇപ്പോഴും കണ്ടുവരുന്നത്. ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്ത് പോകുന്നതില്‍ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുന്‍ തലമുറ വളര്‍ന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകൈയില്‍ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്. വിദേശ പഠനസൗകര്യങ്ങള്‍ കുട്ടികള്‍ സ്വയം കണ്ടെത്തുകയാണ്.’ മുഖ്യമന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പുതിയ കോഴ്‌സുകളും ആരംഭിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ഹബ്ബായി കേരളം മാറുമ്പോള്‍ വിദേശവിദ്യാര്‍ഥികളും ഇവിടേക്കെത്തും. ഇവിടെ പഠിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ കോഴ്‌സുകള്‍ അത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് തുടങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ നാട് ഒന്നിലും പിന്നിലല്ലെന്ന വികാരവും കാലാനുസൃത വികസനം ഇവിടെയുമുണ്ടാകണമെന്ന ജനങ്ങളുടെ ബോധ്യവുമാണ് നവകേരള സദസിലെ വലിയ പങ്കാളിത്തത്തിന് കാരണം,’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.