ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ കോൺഗ്രസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്: മുഖ്യമന്ത്രി
അഡ്മിൻ
ശബരിമലയില്‍ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും കൂടുതല്‍ ഏകോപതമായ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ എം പിമാര്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ശബരിമല വിഷയത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ എന്തോ കുഴപ്പം കാണിച്ചുവെന്നാണ് പറയുന്നത്. ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. നേതൃത്വം കൊടുത്തത് മുന്‍പത്തെ പ്രതിപക്ഷ നേതാവ് ആണെന്നും അദ്ദേഹ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇതില്‍ പ്രത്യേക അജണ്ട ആയിട്ടാണ് വന്നിരിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തീര്‍ത്ഥടന കാര്യങ്ങളില്‍ രാഷ്ട്രീയം കടന്നു വരുന്നത് ശരിയല്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക. ഞങ്ങളെ കൈകാര്യം ചെയ്യാന്‍ തീര്‍ത്ഥടന കാലം ഉപയോഗിക്കരുത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ആലോചനയും മുന്നൊരുക്കവും ഉണ്ടായില്ല എന്ന പ്രചരണം തെറ്റ്. യോഗങ്ങള്‍ മുന്‍കൂട്ടി തന്നെ നടത്താറുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി യോഗം നടത്തി. ശബരിമല ഒരുക്കം മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്നതാണ്. അത് ആ രീതിയില്‍ നടന്നിട്ടുണ്ട്. വിവിധ മന്ത്രിമാര്‍ പ്രത്യക യോഗങ്ങളും നടത്തി. സൂക്ഷ്മമായ വിലയിരുത്തലും നടപടിയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് യു ഡി എഫ് മറച്ചു വക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഹൈക്കോടതി നിര്‍ദേശം പാലിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ യഥാര്‍ഥ്യം ഇതായിരിക്കെ ഇതിനെതിരായ വലിയ പ്രചാരണങ്ങള്‍ നടക്കുന്നു. സന്നിധാനത്ത് 1005ഉം പമ്പയില്‍ 400ഉം ശുചിമുറികള്‍ കൂടുതലായി ക്രമീകരിച്ചിട്ടുണ്ട്. നിലക്കലും ശുചിമുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. എതിര്‍ പ്രചരണങ്ങള്‍ തീര്‍ത്ഥാടകരെ ഒരു വിധത്തിലും ബാധിക്കുന്നില്ല. എല്ലാ വകുപ്പുകളും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 16118 പോലീസുകാരെ നിയോഗിച്ചിട്ടും പൊലീസ് ഇല്ല എന്ന് പ്രചരിപ്പിക്കുന്നു. 30 വെള്ളി കാശിനു വേണ്ടി പ്രസ്ഥാനത്തെ ഒറ്റു കൊടുത്ത ആളെ ദേവസ്വം ബോര്‍ഡ് ഭരിക്കാന്‍ അനുവദിക്കില്ല എന്നാണ് കോണ്‍ഗ്രസ് മുദ്രാവാക്യം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിരായ ആരോപണം രാഷ്ട്രീയ വിരോധം കൊണ്ടുണ്ടായ അസഹിഷ്ണുതയാണ്. നല്ല രീതിയില്‍ ആണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്യൂ ഒരുക്കിയിരിക്കുന്നത്. അത് ഒരു പരാതിയും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും തിരക്ക് സ്വാഭാവികമാണെന്നും ഒരു ആശങ്കയും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതില്ലെന്നും എല്ലാ തീര്‍ത്ഥടകര്‍ക്കും സുഖകരമായ ദര്‍ശനം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
12-Dec-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ