പ്രധാനമന്ത്രിക്കെതിരെ 'സാമ്‌ന'യിൽ ലേഖനം ; സഞ്ജയ് റാവത്തിനെതിരെ കേസ്

പാർട്ടി മുഖപത്രമായ 'സാമ്‌ന'യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിനെതിരെ കേസെടുത്തു. യവത്മാൽ പോലീസാണ് കേസെടുത്തത്. 'സാമ്‌ന' എന്ന പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് റാവത്ത്.

ബിജെപി യവത്മാൽ കൺവീനർ നിതിൻ ഭൂതാഡയാണ് സഞ്ജയ് റാവത്തിനെതിരെ പരാതി നൽകിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ 11 ന് പ്രധാനമന്ത്രി മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം റാവത്ത് എഴുതിയതായി ബിജെപി നേതാവ് തന്റെ പരാതിയിൽ ആരോപിക്കുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 153 (എ) (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകൾ) (2), 124 (എ) (വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഉമർഖേദ് പോലീസ് സ്റ്റേഷനിൽ റാവുത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് എനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും ശിവസേന (യുബിടി) നേതാവ് പ്രസ്താവനയിൽ പറഞ്ഞു.

12-Dec-2023