സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം അസാധാരണം: സുനിൽ പി. ഇളയിടം
അഡ്മിൻ
സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം അസാധാരണമെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടം പറഞ്ഞു. നവകേരള സദസ്സിന് മുന്നോടിയായി കായംകുളം മണ്ഡലത്തിൽ നവകേരളവും വർത്തമാനകാല ഇന്ത്യയും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സെമിനാറിൽ യു. പ്രതിഭ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
സമൂഹത്തെ മതപരമായി വിഭജിക്കാനുള്ള ഓരോ ശ്രമത്തെയും ചെറുക്കാനുള്ള ജാഗ്രത ഇന്ന് കേരളത്തിനുണ്ട്. ഏഴുവർഷംകൊണ്ട് മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് വീട് നിർമ്മിച്ചു നൽകാൻ കഴിഞ്ഞ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ് - അദ്ദേഹം പറഞ്ഞു. സെമിനാറിൽ നഗരസഭ ചെയർപേഴ്സൺ പി. ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുരാജ്, കുമാരനാശാൻ സ്മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.