കടമെടുപ്പ് പരിധി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍
അഡ്മിൻ
കടമെടുപ്പ് പരിധി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. വായ്പാ പരിധി വെട്ടുക്കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു.
കടമെടുപ്പ് പരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണം. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. ഇതിന് കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണം. ഇല്ലെങ്കില്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കേരളത്തിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയത് നിയമ വിരുദ്ധമാണ്. സമാന രീതിയിലുള്ള വായ്പ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ലെന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ് നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാമെന്നാണ് അനുച്ഛേദം 131ന്റെ നിര്‍വ്വചനം. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വാദം സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നുണ്ട്. ഇതിനൊടുവിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.