സോഷ്യലിസമാണ് ലക്ഷ്യം

വര്‍ഗീയശക്തികളാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതിതീവ്രമായാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നത്. നവലിബറല്‍ നയങ്ങള്‍, വര്‍ഗീയത, ജനാധിപത്യസംവിധാനങ്ങളെയും പാര്‍ലമെന്ററി സംവിധാനത്തെയും തകര്‍ക്കുന്ന ശക്തികള്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഈ ത്രിമൂര്‍ത്തികളുടെ ഭീഷണി ഇന്ത്യയുടെ എല്ലാ മേഖലയെയും തകര്‍ക്കാനൊരുങ്ങുകയാണ്. ചരിത്രത്തെ ഐതിഹ്യംകൊണ്ടും തത്വചിന്തയെക്കൊണ്ടും പകരംവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കാന്‍ നമ്മള്‍ സ്വയം സജ്ജമാകണം. അതിനായി ജനങ്ങളെ സമരസജ്ജരാക്കണം. പാര്‍ടിയിലെ ഐക്യവും സമരത്തിലെ ഐക്യവും ഊട്ടിയുറപ്പിക്കണം.

മുതലാളിത്തത്തിന്റെ ചൂഷണങ്ങളില്‍നിന്ന് മനുഷ്യന് സ്വയം മോചിതനാകാനുള്ള ഏകവഴി സോഷ്യലിസമാണ്. മുതലാളിത്ത വ്യവസ്ഥയെ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സാമൂഹ്യക്രമം സ്ഥാപിച്ചാല്‍ മാത്രമേ രാഷ്ട്രം രാഷ്ട്രത്തെയും മനുഷ്യന്‍ മനുഷ്യനെയും ചൂഷണംചെയ്യുന്ന സാമൂഹ്യക്രമത്തിന് അന്ത്യമിടാന്‍ കഴിയുകയുള്ളു. ആഗോള സംഭവവികാസങ്ങളും രാജ്യത്തെ ആഭ്യന്തര സ്ഥിതിഗതികളും ആവര്‍ത്തിച്ചുറപ്പിക്കുന്നത് യഥാര്‍ഥ സാഹചര്യങ്ങള്‍ വിപ്ലവകരമായ മാറ്റത്തിന് അനുകൂലമാണെന്നുതന്നെയാണ്. എന്നാല്‍, ചൂഷിതവിഭാഗങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ ഓരോ രാജ്യത്തെയും ഭരണവര്‍ഗത്തെ അട്ടിമറിച്ചാല്‍മാത്രമേ ഇതിന് വഴിയൊരുങ്ങൂ.

ശക്തമായ രാഷ്ട്രീയബദലിന്റെ അഭാവത്തില്‍ ഈ പ്രതിസന്ധിയെ മുതലാളിത്തം അതിജീവിക്കുമെന്നുമാത്രമല്ല, ചൂഷണം പരമാവധി വര്‍ധിപ്പിക്കുകയുംചെയ്യും. സാമ്രാജ്യത്വത്തിന്റെ എല്ലാ മേഖലയിലുമുള്ള കടന്നാക്രമണത്തില്‍ ഇത് അന്തര്‍ലീനമാണ്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ ഈ പ്രക്രിയ തെളിഞ്ഞുകാണാം. പ്രതിസന്ധിക്ക് കാരണക്കാരായ സാമ്പത്തികഭീമന്മാര്‍ക്ക് സഹായപാക്കേജുകള്‍ നല്‍കി പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുക എന്നത് മുതലാളിത്തത്തിന്റെ സ്വഭാവമാണ്.

2008ലും പ്രതിസന്ധിക്ക് വഴിമരുന്നിട്ട ഭീമന്മാര്‍ക്കാണ് സഹായം നല്‍കിയത്. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനും വന്‍ ലാഭംകൊയ്യാനും ഇത് സാമ്പത്തികഭീമന്മാരെ സഹായിച്ചു. മുതലാളിത്തരാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ക്ക് വന്‍ ബാധ്യത അടിച്ചേല്‍പ്പിച്ചായിരുന്നു പാക്കേജുകള്‍ നല്‍കിയത്. പാക്കേജുകള്‍ നല്‍കാനായി ഈ സര്‍ക്കാരുകള്‍ വന്‍ തുക വായ്പയെടുത്തു. മുതലാളിത്തം അതിന്റെ പതിവ് സ്വഭാവമനുസരിച്ച് കടംവാരിക്കൂട്ടുമ്പോഴും കൂടുതല്‍ ലാഭം നേടാനുള്ള വഴികള്‍ തുറന്നിട്ടു. അതായത് കോര്‍പറേറ്റ് കടബാധ്യത സര്‍ക്കാരിന്റെ കടബാധ്യതയായി മാറ്റപ്പെട്ടു. അമേരിക്കയെയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളെയും ഇത് ദോഷകരമായി ബാധിക്കുകയുംചെയ്തു.

രാഷ്ട്രങ്ങളുടെ ഈ കടബാധ്യത മുതലാളിത്തരീതിയനുസരിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുമേല്‍ കെട്ടിവച്ചു. കടംതിരിച്ചടയ്ക്കാനെന്നപേരില്‍ ചെലവ് ചുരുക്കാന്‍ ആഹ്വാനമുയര്‍ന്നു. ചെലവ് ചുരുക്കല്‍ പാക്കേജിന്റെ ഭാഗമായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ആനൂകുല്യങ്ങളും മറ്റും വെട്ടിക്കുറച്ചു. അതായത് പ്രതിസന്ധി പരിഹരിക്കാനുള്ള ആഗോളമുതലാളിത്തത്തിന്റെ ശ്രമങ്ങള്‍ ആഴത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ചെലവ്ചുരുക്കല്‍ നടപടി തൊഴിലില്ലായ്മ ക്രമാതീതമായി വര്‍ധിപ്പിക്കുകയും ജനങ്ങളുടെ വാങ്ങല്‍ശേഷി കുറയ്ക്കുകയും പണച്ചുരുക്കസാധ്യതകള്‍ വര്‍ധിപ്പിക്കുകയുംചെയ്തു. പ്രതിസന്ധി എത്രമാത്രം മൂര്‍ച്ഛിച്ചെന്നിരിക്കിലും മുതലാളിത്തം ഒരിക്കലും സ്വാഭാവികമായി തകരില്ല. മാര്‍ക്‌സിസ്റ്റ് വിശകലനമനുസരിച്ച് ഓരോപ്രതിസന്ധിയില്‍ നിന്നും മുതലാളിത്തം ശക്തി നേടുകയാണ് ചെയ്യുന്നത്.

ഉല്‍പ്പാദനശക്തികളില്‍ ചിലവയെ നശിപ്പിച്ച് മുതലാളിത്തത്തില്‍ നിലവിലുള്ള ഉല്‍പ്പാദനബന്ധങ്ങളും ഉല്‍പ്പാദനശക്തികളുടെ വികസനവും തമ്മിലുള്ള സന്തുലനം സാധ്യമാക്കിയാണ് പ്രതിസന്ധിയില്‍നിന്ന് മുതലാളിത്തം കരുത്ത് നേടുന്നത്. ഈ പ്രക്രിയയാകട്ടെ ചൂഷണം പരമാവധി വര്‍ധിപ്പിക്കുയുംചെയ്യും. ലോകത്തെമ്പാടുമുള്ള ഈ മുതലാളിത്ത പ്രതിസന്ധിക്ക് കാരണം ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നതുപോലെ ഏതാനും വ്യക്തികളുടെ അത്യാര്‍ത്തിയല്ല. ശരിയായ നിയന്ത്രണസംവിധാനമില്ലാത്തതുകൊണ്ടോ അസാധാരണ സാഹചര്യത്തിലുണ്ടാകുന്ന വ്യതിചലനമോ അല്ല ഇതിന് കാരണം. മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയതുപോലെ നിലവിലുള്ള പ്രതിസന്ധിക്ക് മുതലാളിത്തത്തിന്റെ അടിസ്ഥാനസ്വഭാവമായ മാനുഷികചൂഷണമാണ് കാരണം.

മാനുഷികമുഖത്തോടെയുള്ള നവ ഉദാരവല്‍ക്കരണം തുടങ്ങിയ മുഖംമിനുക്കല്‍കൊണ്ടാന്നും മനുഷ്യരെ ചൂഷണത്തില്‍നിന്ന് വിമോചിപ്പിക്കാനാകില്ല. നിലവിലുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് ഉതകുന്ന രാഷ്ട്രീയ ബദല്‍ ഉയര്‍ന്നുവരുന്നത് തടയാന്‍ മുതലാളിത്തവും സാമ്രാജ്യത്വവും അവരുടെ ആക്രമണം സൈനിക ഇടപെടലിലുടെയും മറ്റും ശക്തമാക്കുകയാണ്.

അറബ് ലോകത്ത് യഥാര്‍ഥത്തില്‍ നടക്കുന്നതും ഇതുതന്നെ. അറബ് രാഷ്ട്രങ്ങളുടെമേലുള്ള രാഷ്ട്രീയനിയന്ത്രണം സമ്പൂര്‍ണമാക്കുന്നതോടൊപ്പം സാമ്പത്തികവിഭവങ്ങളുടെ പ്രത്യേകിച്ചും എണ്ണയുടെ നിയന്ത്രണംകൂടി കൈക്കലാക്കി ലോകാധിപത്യം ശക്തമാക്കുകയാണ് സാമ്രാജ്യത്വലക്ഷ്യം. തുടരുന്ന സാമ്പത്തികപ്രതിസന്ധിയോടൊപ്പം ചൂഷണത്തിനെതിരായി ഉയരുന്ന രാഷ്ട്രീയ വെല്ലുവിളിക്കെതിരെയുള്ള ആക്രമണവും സാമ്രാജ്യത്വം ശക്തമാക്കുകയാണ്. അതിനാല്‍ മുതലാളിത്തത്തെ മറിച്ചിടുകതന്നെ വേണം.

മുതലാളിത്തത്തെ മറിച്ചിടണമെങ്കില്‍, മുതലാളിത്തഭരണത്തിനെതിരെ വര്‍ഗസമരം മൂര്‍ച്ഛിപ്പിച്ചുകൊണ്ടുള്ള ജനകീയസമരങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടക്കണം. പ്രതിസന്ധിയുടെ മൂര്‍ത്തമായ ഘട്ടത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞാലും അത് വിപ്ലവകരമായ ആക്രമണമായി മാറണമെങ്കില്‍ ശക്തിയെന്ന ഭാവനാത്മകതകൂടി അതിലുള്‍ചേര്‍ന്നിരിക്കണം.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ഭാവനാത്മകഘടകം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ദൗര്‍ബല്യമുണ്ടെന്ന് 20ാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തുകയുണ്ടായി. അതിനാല്‍ നിലവിലുള്ള വെല്ലുവിളികളെ മൂര്‍ത്തമായി നേരിടാന്‍ 21ാം പാര്‍ടി കോണ്‍ഗ്രസ് പ്രമേയം നിര്‍ദേശിക്കുന്നുണ്ട്. വര്‍ഗസമരം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താനും 21ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ സഹായിക്കും.

വര്‍ഗീയശക്തികളാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതിതീവ്രമായാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നത്. നവലിബറല്‍ നയങ്ങള്‍, വര്‍ഗീയത, ജനാധിപത്യസംവിധാനങ്ങളെയും പാര്‍ലമെന്ററി സംവിധാനത്തെയും തകര്‍ക്കുന്ന ശക്തികള്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഈ ത്രിമൂര്‍ത്തികളുടെ ഭീഷണി ഇന്ത്യയുടെ എല്ലാ മേഖലയെയും തകര്‍ക്കാനൊരുങ്ങുകയാണ്. ചരിത്രത്തെ ഐതിഹ്യംകൊണ്ടും തത്വചിന്തയെക്കൊണ്ടും പകരംവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കാന്‍ നമ്മള്‍ സ്വയം സജ്ജമാകണം. അതിനായി ജനങ്ങളെ സമരസജ്ജരാക്കണം. പാര്‍ടിയിലെ ഐക്യവും സമരത്തിലെ ഐക്യവും ഊട്ടിയുറപ്പിക്കണം.

മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഒരു ത്രിശൂലമായി ഇന്ത്യയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുംമുമ്പ് അതിനെ തടയണം. വെല്ലുവിളികള്‍ നേരിടാനുള്ള ദൗത്യമാണ് ഈ പാര്‍ടി കോണ്‍ഗ്രസ് ഏറ്റെടുത്തത്. പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയ എല്ലാ രേഖകളിലും ദേശീയവും അന്തര്‍ദേശീയവുമായ വെല്ലുവിളികള്‍ ഏതെല്ലാമെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത് മനസിലാക്കി മുന്നേറിയാല്‍ ഇന്ത്യയില്‍ വിപ്ലവാത്മകമായ മാറ്റത്തിന് നാന്ദികുറിക്കുവാന്‍ സാധിക്കും. ഇന്ത്യന്‍ ജനങ്ങളുടെ മോചനം വര്‍ഗസമരത്തിന്റെ വിജയത്തിലൂടെമാത്രമേ സാധ്യമാവുകയുള്ളു. 

23-Apr-2015

ഭൂമധ്യരേഖകൾ മുന്‍ലക്കങ്ങളില്‍

More