പ്രേമം

നാടകത്തിന്റെ വാതില്‍ വലിച്ചു തുറന്ന്, അറിവ് അവരോട് എനിക്ക് ആക്‌സിഡന്റ് പറ്റിയതും ഓര്‍മ്മ നശിച്ചുപോയതും പറഞ്ഞു. ഞാനും എന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. ആ പാവങ്ങള്‍ എല്ലാം വിശ്വസിച്ച് മലയിറങ്ങിയപ്പോള്‍ നാടകത്തിന് തിരശ്ശീല വീണു.' കാമ്പസ്സിന്റെ കവാടത്തിനരികിലേക്കടുക്കുന്നതിനിടയില്‍ അവളെന്നെ ചിരിയോടെ നോക്കുകയും, പൊടുന്നനെ മുഖം വിഷാദഭരിതമാവുകയും ചെയ്തു. 'തന്മയന്‍, പിന്നീടവന്‍ ഞങ്ങളുടെ പ്രീവെഡ്ഡിംഗ് റിസപ്ഷന് വന്നപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി കേട്ടോ... അവര്‍...!'

അവളുടെ സൗന്ദര്യത്തേക്കാള്‍ മനോഹരമായിരുന്നു അവളുടെ പേര്. അതായിരുന്നു അവളിലേക്കെന്നെ അടുപ്പിച്ചതും. ഞാനുമവളുമിപ്പോള്‍ ഒരേ കോളേജില്‍ അദ്ധ്യാപകരായി ജോലി ചെയ്യുന്നു. ഞങ്ങളൊരെ ദിവസമാണ് ജോലിയില്‍ പ്രവേശിക്കാന്‍ ഹില്‍സ്റ്റേഷനിലെ ഈ കോളേജില്‍ എത്തുന്നത്.

അന്നത്തെ യാത്രയില്‍, മലഞ്ചെരുവിലൂടെ പായുന്ന തീവണ്ടിയില്‍ വെച്ച് ഞാനവളെ കണ്ടിരുന്നു. തീവണ്ടിയിറങ്ങി റിക്ഷ കാത്തുനില്‍ക്കുമ്പോള്‍ അവളെന്നെയും ശ്രദ്ധിച്ചു. റിക്ഷയില്‍ ഞങ്ങളൊരുമിച്ചാണ് യാത്ര ചെയ്തത്. അപ്പോഴും അറിയില്ലായിരുന്നു ഞങ്ങളൊരെ സ്ഥാപനത്തിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പോവുന്നവരാണെന്ന്.

ഹാജര്‍പ്പട്ടികയില്‍ ആദ്യ ഒപ്പിടുമ്പോഴാണ് എനിക്ക് മുമ്പ് ഒപ്പിട്ട അവളുടെ പേര് കാണുന്നത്. ഞാനവളെ വീണ്ടും നോക്കി. അവളേതോ ക്ലാസ്സിലേക്ക് നടന്നുനീങ്ങുമ്പോള്‍ ഞാനവളിലേക്കാകര്‍ഷിക്കപ്പെട്ട് പിറകേ നടന്നു. അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പതിയെ ചുമച്ചു. അവള്‍ തിരിഞ്ഞുനോക്കി. ഞാനവള്‍ക്കൊപ്പം നടന്നു.

'എന്റെ പേര് തന്മയന്‍. നിങ്ങളുടെ വീട് എവിടെയാണ്?'

'കൊടൈക്കനാല്‍.'

'നിങ്ങളുടെ പേര് വളരെ മനോഹരം!'

അവള്‍ ചിരിയോടെ നടന്നുപോവുമ്പോള്‍ ഞാന്‍ എനിക്ക് കയറേണ്ട ക്ലാസ്‌റൂം കഴിഞ്ഞ് മുമ്പിലെത്തിയിരുന്നു. ഞാന്‍ തലതാഴ്ത്തി പിന്തിരിഞ്ഞു നടന്നു.

പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഞങ്ങളുടെ ഹോസ്റ്റലുകള്‍ അടുത്തടുത്തായിരുന്നു. ചില ആഴ്ചാന്ത്യങ്ങളിലെല്ലാം അവള്‍ നാട്ടിലേക്ക് പോവാതെ ഹോസ്റ്റലില്‍ തങ്ങുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ തടാകക്കരയിലേക്ക് പോവും. അവിടെ, സഞ്ചാരികളും ജലപ്പരപ്പില്‍ നിറയെ ദേശാടനപ്പക്ഷികളുമുണ്ടാവും. ഇരുളുംവരെ മരച്ചോട്ടിലെ മുളബെഞ്ചിരിലുന്ന് ഞങ്ങള്‍ സംസാരിക്കും.

അങ്ങനെയൊരു സായാഹ്നത്തില്‍ അവള്‍ കേരളത്തിലെ തന്റെ അദ്ധ്യാപക ജീവിതത്തെ കുറിച്ച് പറഞ്ഞു. അയല്‍ സംസ്ഥാനമാണെങ്കിലും ഞാന്‍ ഒന്നോ രണ്ടോ തവണയാണ് കേരളത്തില്‍ പോയിട്ടുള്ളത്. കേരളം സുന്ദരമാണ്. പക്ഷേ, അവളുടെ അവിടത്തെ അനുഭവങ്ങള്‍ക്ക് അല്‍പ്പം നീറ്റലുണ്ടായിരുന്നു. സംസാരത്തിനിടയില്‍ അവള്‍ നീണ്ട ഇടവേളകളിലകപ്പെടുമ്പോള്‍ ഞാന്‍ എന്റെ സന്ദേഹങ്ങള്‍ അവളുമായി പങ്കുവെച്ചു.

'അവനോട് നിങ്ങള്‍ക്ക് ഒരു ചെറുപ്രണയം ഉണ്ടായിരുന്നോ?'

'എന്റെ മനസ്സിന് നേര്‍ത്തൊരു പിടച്ചില്‍ സംഭവിച്ചു എന്നത് നേരാണ്. അത് പ്രണയമാണോ, അതോ ഒരു വിദ്യാര്‍ത്ഥിയോടുള്ള സ്‌നേഹമാണോയെന്ന് വേര്‍ത്തിരിച്ചെടുക്കാനാവാതെ ഉള്ളില്‍ വിഷമിക്കുമ്പോഴാണ് അവന്റെ ജീവിതത്തിലെ ഇരുണ്ട മുഖങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും കാണുന്നത്!'

'അവര്‍ അത്രക്കും!'

'യെസ് തന്മയന്‍, ദേ ആര്‍ ക്രോണിക് ആല്‍ക്കഹോളിക്‌സ്. വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കേരളത്തിലെ ഒരു കോളേജിന്റെ മുഖം ഇതാണെങ്കില്‍ ഇന്നത്തെ അവിടുത്തെ കാമ്പസ്സുകള്‍ എത്രമാത്രം!' അവര്‍ മാനത്തേക്ക് നോക്കി.

'അവനെയും കൂട്ടുകാരേയും നിങ്ങള്‍ ഉപദേശിച്ചോ?'

'സ്വബോധമില്ലാതെ ക്ലാസ്സിലിരിക്കുന്ന അവരെ എന്തുപദേശിക്കാന്‍, തന്മയന്‍? ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ അവനോട് അച്ഛനെയും കൂട്ടിവരാന്‍ പറഞ്ഞപ്പോള്‍, അച്ഛന്‍ പ്രിന്‍സിപ്പാലിനു മുന്‍പില്‍ വെച്ച് പറഞ്ഞതെന്തെന്നറിയാമോ? മകനേ, നിനക്ക് ബാറിലിരുന്നോ വീട്ടിലിരുന്നോ മദ്യപിച്ചുകൂടേയെന്ന്!'

'ഹൊ! അച്ഛന്‍! എത്ര ഉത്തമനായ അച്ഛന്‍!' ഞാന്‍ തലയില്‍ കൈവെച്ചു.

'അതിനിടയില്‍ എന്നെ കാണാന്‍ അറിവഴകന്‍ കേരളത്തിലേക്ക് വന്നു.'

'അറിവ് നിങ്ങളുടെ ഭര്‍ത്താവല്ലെ?'

'അതെ... അന്നവന്‍ എന്റെ കസിന്‍, ഇന്നവന്‍ എന്റെ ഹസ്സ്.' അവള്‍ തടാകത്തിലേക്ക് പറന്നുപോവുന്ന പൂമ്പാറ്റകളെ നോക്കി ചിരിയോടെ പറഞ്ഞു. 'അറിവിന് ഞാനവരെ പരിചയപ്പെടുത്തി. അവരുടെ വിരലുകളുടെ വിറകളിലൂടെ ലഹരിയുടെ ആഴങ്ങള്‍ അറിവും മനസ്സിലാക്കി. അതവന്‍ അപ്പോഴൊന്നും എന്നോട് പറഞ്ഞില്ല. വെക്കേഷന് അറിവിനൊപ്പം ഞാന്‍ നാട്ടിലേക്ക് മടങ്ങി.'

'അപ്പോള്‍ ആ പ്രേമം!'

'അത് ആളിക്കത്തുന്നുണ്ടെന്ന് ഞാനറിഞ്ഞു.'

'പിന്നെയെങ്ങനെ അതില്‍നിന്ന് നിങ്ങള്‍ അകന്നുപോന്നു?'

'എല്ലാം അറിവില്‍ നിന്ന് മറച്ചുവെക്കാമെന്നാണ് ഞാനാദ്യം വിചാരിച്ചത്. പിന്നീടാലോചിച്ചപ്പോള്‍, ആ പ്രേമവും അതിനുള്ളില്‍ പതിയിരിക്കുന്ന ലഹരിയുടെ നീരാളിക്കൈകളും എന്റെ ജീവിതത്തെ വഴിതെറ്റിക്കുമെന്ന് മനസ്സിലാക്കിയ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന തലേരാത്രിയില്‍ അറിവനോടെല്ലാം തുറന്നു പറഞ്ഞു. അവനൊരുക്കിയ നാടകത്തിലൂടെയാണ് ഞാനാ പ്രേമത്തില്‍ നിന്നകലുന്നത്.'

'നാടകമോ?'

'തന്മയന്‍ നേരമിരുളുന്നു. നമുക്ക് നടക്കാം.'

മുക്കുവരുടെ വട്ടവഞ്ചിയില്‍ നിന്നുള്ള വെളിച്ചങ്ങള്‍ തടാകത്തില്‍ ആടിയുലഞ്ഞു. ദേശാടന കൊക്കുകള്‍ സമീപത്തുള്ള സില്‍വര്‍ ഓക്കുമരങ്ങളിലേക്ക് ചേക്കേറുന്ന ബഹളങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു.
തെരുവുവിളക്കുകള്‍ വെളിച്ചം പരത്തുന്ന വഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഞങ്ങളുടെ നീളന്‍ നിഴലുകളും പിന്തുടരുന്നുണ്ടായിരുന്നു. കുന്നിന്‍ചെരുവിലെ കാമ്പസ്സിലെ ലൈറ്റുകള്‍ ഒന്നൊന്നായി പ്രകാശിക്കുകയാണ്. തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ അവള്‍ സാരി തലയിലൂടെ മൂടി, ഞാന്‍ കൈകള്‍ പോക്കറ്റുകളിലേക്കിറക്കി.

'മഴ വരുന്നതിന്റെ തണുപ്പാണ്.'

'അതെ! ഇന്ന് രാത്രി മഴയുണ്ടാവും.' അവള്‍ മരച്ചില്ലയിലിരുന്ന് ചിറകുകള്‍ കുടയുന്ന മൈനകളെ നോക്കി പറഞ്ഞു.

'നിങ്ങളൊരുക്കിയ നാടകത്തെക്കുറിച്ച് പറഞ്ഞില്ല!'

'ജീവിതം തന്നെ ഒരു നാടകമാണല്ലോ! അതിനുള്ളില്‍ മറ്റൊരു നാടകം കൂടി അണിയിച്ചൊരുക്കിയത് അറിവാണ്. അത് അറിവ് കണ്ടെത്തുന്നത് ഒരു മലയാള സിനിമയില്‍ നിന്നും.'

'ഹൊ! മലയാളക്കരയിലെ പ്രേമത്തില്‍നിന്ന് രക്ഷപ്പെടാന്‍ മലയാള സിനിമ തന്നെ വഴിയൊരുക്കിയോ..!'

'എല്ലാം ഓരോ നിമിത്തമാണ് തന്മയന്‍. അന്ന് രാത്രി ഞാനെല്ലാം തുറന്നു പറയുമ്പോള്‍ അറിവ് മലയാള സിനിമ കാണുകയായിരുന്നു. എന്റെ സംസാരത്തിനിടയിലും അറിവ് സിനിമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞ് ഞാന്‍ കിടപ്പുമുറിയിലേക്ക് കയറി, വാതിലടച്ചു. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് വാതില്‍ മുട്ടുന്ന ശബ്ദം കേട്ടത്. അത് അറിവായിരുന്നു. ആ പ്രേമത്തില്‍ നിന്നകലാന്‍ നമുക്കീ മലയാള സിനിമയുടെ ആശയമുപയോഗിച്ചുകൂടെ എന്നു ചോദിച്ചു. ഞങ്ങള്‍ പുലരുവോളം അതേക്കുറിച്ച് സംസാരിച്ചു. ഒടുവില്‍, മലയാള സിനിമയില്‍ അഭയം തേടി.'

'ഏതാണാ സിനിമ? പുതിയതാണോ?'

'ഒരു പഴയ സിനിമ. പേരെനിക്കറിയില്ല. അതിലെ നായിക ഒരാക്‌സിഡന്റില്‍ പെട്ട് ഓര്‍മ്മ നശിക്കുന്നവളാണ്. അതുവെച്ച് അറിവ് നാടകമൊരുക്കി. ആദ്യഭാഗമായി എനിക്ക് ആക്‌സിഡന്റ് പറ്റിയ വിവരം കോളേജിലറിയിച്ചു.'

'എന്നിട്ടവന്‍ നിങ്ങളുടെ നാട്ടിലേക്ക് വന്നോ?'

'പിന്നെ വരാതിരിക്കുമോ, തന്മയന്‍. നാടകത്തിന്റെ വാതില്‍ വലിച്ചു തുറന്ന്, അറിവ് അവരോട് എനിക്ക് ആക്‌സിഡന്റ് പറ്റിയതും ഓര്‍മ്മ നശിച്ചുപോയതും പറഞ്ഞു. ഞാനും എന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. ആ പാവങ്ങള്‍ എല്ലാം വിശ്വസിച്ച് മലയിറങ്ങിയപ്പോള്‍ നാടകത്തിന് തിരശ്ശീല വീണു.' കാമ്പസ്സിന്റെ കവാടത്തിനരികിലേക്കടുക്കുന്നതിനിടയില്‍ അവളെന്നെ ചിരിയോടെ നോക്കുകയും, പൊടുന്നനെ മുഖം വിഷാദഭരിതമാവുകയും ചെയ്തു. 'തന്മയന്‍, പിന്നീടവന്‍ ഞങ്ങളുടെ പ്രീവെഡ്ഡിംഗ് റിസപ്ഷന് വന്നപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി കേട്ടോ... അവര്‍...!'

കവാടത്തിനരികില്‍ നിര്‍ത്തിയ ഉന്തുവണ്ടിയില്‍ നിന്ന് ഞാന്‍ ചുട്ടെടുത്ത ചോളങ്ങള്‍ വാങ്ങി. ഒന്ന് അവള്‍ക്ക് കൊടുത്തു. ഞങ്ങള്‍ ചോളവും തിന്ന് ഹോസ്റ്റലിലേക്കുള്ള ചെരിവിലൂടെ നടന്നു. മഴ പൊഴിയുന്നുണ്ടായിരുന്നു. അവളുടെ സെല്‍ഫോണ്‍ ശബ്ദിച്ചു. അവള്‍ സംസാരിച്ചുകൊണ്ട് നടന്നു. എന്റെ ഹോസ്റ്റലിനരികില്‍ എത്തുന്നതിനിടയില്‍ അവളുടെ ഫോണ്‍ സംസാരമവസാനിച്ചു.

'അറിവാണ്... നമ്മള്‍ പറഞ്ഞ പ്രേമകഥയിലെ നായകനിപ്പോള്‍ അറിവിനെ വിളിച്ചിരുന്നുവത്രെ.!'

'എന്തുപറ്റി?'

'അടുത്ത സണ്‍ഡേ അവന്റെ വെഡ്ഡിംഗ് റിസപ്ഷനാണത്രെ. ഞങ്ങളെ ക്ഷണിക്കാന്‍...' ഞാന്‍ ചിരിച്ചു. എന്റെ ചിരി അവളുടെ വാക്കുകളെ മുറിച്ചിട്ടു.

'ഹൊ! നിങ്ങളുടെ ആ പ്രേമത്തിന്റെ...'

'നിങ്ങള്‍... നിങ്ങള്‍... നിങ്ങള്‍... ശ്ശോ... ഈ തന്മയന് എന്റെ പേര് വിളിച്ചുകൂടെ?' അവള്‍ ദേഷ്യത്തോടെ ചോദിച്ചു.

'ആ പേര്... അതൊരു മനോഹരമായ പേരല്ലേ? അത് ഞാന്‍...!'

അവള്‍ തലതാഴ്ത്തി മുന്നോട് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വിളിച്ചു.

'മലര്‍... മലര്‍...'

അവള്‍ തിരിഞ്ഞു നോക്കി.

'ഇനി പറയൂ തന്മയന്‍... ഞങ്ങളുടെ ആ പ്രേമത്തിന്റെ...'

'അത്... മലരിന്റെ ആ പ്രേമത്തിന്റെ ക്ലൈമാക്‌സ് ഒരു തമിഴ് സിനിമ പോലുണ്ട് കേട്ടോ...!'

'അതേതാ ആ ഫിലിം?'

'ഓട്ടോഗ്രാഫ്... നമ്മുടെ ചേരന്റെ ഓട്ടോഗ്രാഫ്!'

മലര്‍ ചിരിച്ചു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ അവള്‍ക്കൊപ്പം ഞാനും ചിരിച്ചു. ഞങ്ങളുടെ ചിരി തുടരുന്നതിനിടയില്‍ ഹോസ്റ്റലിലെ ജാലകങ്ങള്‍ തുറക്കുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാനത് മലരിനോട് ആംഗ്യത്തില്‍ കാണിച്ചുകൊടുത്തു. അവള്‍ വാപൊത്തി. പൊടിയന്‍ മഴയിലൂടെ ഹോസ്റ്റലിലേക്ക് നടന്നുപോവുന്ന മലരിനെ നോക്കി ഞാന്‍ നിന്നു.

30-Aug-2016

കാഴ്ച മുന്‍ലക്കങ്ങളില്‍

More