സ്ത്രീകള്‍ നിലപാടെടുക്കണം
സുഗതകുമാരി
വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത യാഥാസ്ഥിതികനിലപാടുകള്‍ ബാലവിവാഹങ്ങള്‍ പോലെയുള്ള തിന്മകള്‍ക്ക് പിന്നിലുണ്ട്. മാത്രമല്ല, സ്ത്രീകള്‍ക്കു മീതെ പുരുഷനിയന്ത്രിതമായ ഒരു നുകം ഏത് രാജ്യത്തും ഏത് മതത്തിലും ഏത് സാഹചര്യത്തിലും പണ്ട് മുതലേ നിലവിലുണ്ട്. ഇപ്പോഴുമുണ്ട്. പെണ്‍കുട്ടികള്‍ ഏതു പ്രായത്തില്‍ വിവാഹിതരാകണം എന്ന കാര്യത്തില്‍ പുരുഷന്റെ താത്പര്യം ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. സ്ത്രീകള്‍ സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം നിലപാടെടുക്കുകയും ചെയ്യുന്ന കാലം വരെ ഈ കൈകടത്തല്‍ തുടരുക തന്നെ ചെയ്യും. |
പ്രാകൃതകാലത്തില്‍ നിന്നും ആധുനികയുഗത്തിലേക്ക് എത്തുമ്പോള്‍ പല ദുഷ്പ്രവണതകളെയും നാം കൈയൊഴിഞ്ഞിട്ടുണ്ട്. അവയില്‍ ഒന്നായിരുന്നു ശൈശവ വിവാഹം. പെണ്‍കുട്ടികളെ 18 വയസിന് മുന്‍പ് കല്യാണം കഴിപ്പിക്കരുത് എന്ന നമ്മുടെ ബോധ്യത്തിനെ ഇപ്പോള്‍ പലരും ചേര്‍ന്ന് അട്ടിമറിക്കാന്‍ നോക്കുകയാണ്. ഐക്യരാഷ്ട്രസഭയിലെ പ്രകടനത്തോടെ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണംകെട്ടുപോയില്ലേ?
ബാലവിവാഹത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ നടാടെ കൊണ്ടുവന്ന പ്രമേയത്തെ പിന്താങ്ങാന്‍ ഇന്ത്യ തയ്യാറായില്ലെന്നത് ഖേദകരമാണ്. അന്താരാഷ്ട്രതലത്തില്‍ സ്വന്തം ശബ്ദം മുഴക്കാന്‍ ആഗ്രഹിക്കുന്ന, സാമ്പത്തികകുതിപ്പിനെക്കുറിച്ച് രോമാഞ്ചം കൊളളുന്ന നമ്മുടെ രാജ്യത്തിന് എന്തു സംഭവിച്ചു എന്ന് അത്ഭുതം കൂറാത്തവരുണ്ടാകുകയില്ല.
ലോകത്തെ ബാലവിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീവിരുദ്ധമായ ഒട്ടേറെ ദുരാചാരങ്ങള്‍ നിലവിലിരുന്ന, ഇപ്പോഴും കുറച്ചേറെ നിലവിലുള്ള രാജ്യമാണ് നമ്മുടേത്. വളരെയേറെ ദുഷിച്ചുനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയില്‍ നിന്ന് ഇന്നത്തെ അവസ്ഥയിലേക്കെത്താന്‍ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും ബ്രിട്ടിഷ് ഭരണവും ഇംഗ്ലീഷ് വിദ്യാഭ്യാസവും ഒക്കെ സഹായിച്ചു. അത് വസ്തുതയാണ്. നമ്മള്‍ സംസ്‌കരിച്ചെടുത്തതാണ് ഈ നട്ടെല്ല്. അതൊടിച്ചുകളയരുത്.
വര്‍ഷങ്ങളായി ദാരിദ്ര്യത്തില്‍ കൂപ്പുകുത്തിയിരിക്കുന്ന, വിദ്യാഭ്യാസത്തിലും ബോധത്തിലും പിന്നാക്കം നില്‍ക്കുന്ന ആളുകളാണ് പലപ്പോഴും ബാലവിവാഹങ്ങള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രശ്‌നത്തിന്റെ വേരും പറിച്ചുകളയേണ്ടിയിരിക്കുന്നു. ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇതിലുള്ള പങ്കിനെക്കുറിച്ചും ഇന്ത്യ പറയുന്നുണ്ട്. ഇവ നിലവില്‍ വരുന്നതിന് കാരണമായ ഘടകങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ടെന്ന് ഇന്ത്യ ഐക്യാരാഷ്ട്രസഭയില്‍ പറഞ്ഞു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇത്തരം നടപടികള്‍ സമൂഹത്തില്‍ സ്വാഭാവികമരണം കൈവരിക്കുന്നതായിരിക്കും നല്ലത് എന്നും രാജ്യത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത യാഥാസ്ഥിതികനിലപാടുകള്‍ ബാലവിവാഹങ്ങള്‍ പോലെയുള്ള തിന്മകള്‍ക്ക് പിന്നിലുണ്ട്. മാത്രമല്ല, സ്ത്രീകള്‍ക്കു മീതെ പുരുഷനിയന്ത്രിതമായ ഒരു നുകം ഏത് രാജ്യത്തും ഏത് മതത്തിലും ഏത് സാഹചര്യത്തിലും പണ്ട് മുതലേ നിലവിലുണ്ട്. ഇപ്പോഴുമുണ്ട്. പെണ്‍കുട്ടികള്‍ ഏതു പ്രായത്തില്‍ വിവാഹിതരാകണം എന്ന കാര്യത്തില്‍ പുരുഷന്റെ താത്പര്യം ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. സ്ത്രീകള്‍ സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം നിലപാടെടുക്കുകയും ചെയ്യുന്ന കാലം വരെ ഈ കൈകടത്തല്‍ തുടരുക തന്നെ ചെയ്യും.
06-Dec-2013
സുഗതകുമാരി
സുഗതകുമാരി