സ്ത്രീ പീഡനത്തിനുള്ള ആഹ്വാനം അരുത്

സ്ത്രീകൾ പീഡിപ്പിക്കാനുള്ള വെറും ശരീരങ്ങൾ മാത്രമാണെന്ന ഈ കാഴ്ചപ്പാട് യു ഡി എഫിൻ്റെ ചെയർമാൻ മുന്നോട്ടുവെക്കുമ്പോൾ സമൂഹത്തിലെ സ്ത്രീകൾ പ്രതികരിക്കില്ലെന്നാണോ യു ഡി എഫ് കരുതുന്നത്? സ്ത്രീ പീഡനങ്ങളെ നിസാരവത്‌കരിക്കുന്ന ഈ നിലപാട് കോൺഗ്രസിൻ്റെ അണികൾക്കുള്ള ആഹ്വാനമാണ്. ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരുന്ന് ഇത്തരത്തിൽ സ്ത്രീവിരുദ്ധത വിളമ്പാൻ രമേശ് ചെന്നിത്തല തയ്യാറാവരുതായിരുന്നു.

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌‌പെക്‌ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ മറുപടി സ്ത്രീത്വത്തിനെതിരായ വെല്ലുവിളിയാണ്. 

 ''ഡി വൈ എഫ്‌ ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?''എന്നാണ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. ഇങ്ങനെയൊക്കെ പറയാൻ ഒരു പൊതു പ്രവർത്തകന് എങ്ങിനെയാണ് സാധിക്കുന്നത്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് അദ്ദേഹത്തിൻ്റെ മനസ്സ്!! ലോക സാക്ഷരതാ ദിനത്തിൽ കോൺഗ്രസിന്റെ, യു ഡി എഫിന്റെ സ്ത്രീപക്ഷ രാഷ്ട്രീയ നിരക്ഷരത വെളിപ്പെടുത്തുവാൻ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചിരിക്കുന്നു. 

സ്ത്രീകൾ പീഡിപ്പിക്കാനുള്ള വെറും ശരീരങ്ങൾ മാത്രമാണെന്ന ഈ കാഴ്ചപ്പാട് യു ഡി എഫിന്റെ ചെയർമാൻ മുന്നോട്ടുവെക്കുമ്പോൾ സമൂഹത്തിലെ സ്ത്രീകൾ പ്രതികരിക്കില്ലെന്നാണോ യു ഡി എഫ് കരുതുന്നത്? സ്ത്രീ പീഡനങ്ങളെ നിസാരവത്‌കരിക്കുന്ന ഈ നിലപാട് കോൺഗ്രസിന്റെ അണികൾക്കുള്ള ആഹ്വാനമാണ്. ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരുന്ന് ഇത്തരത്തിൽ സ്ത്രീവിരുദ്ധത വിളമ്പാൻ രമേശ് ചെന്നിത്തല തയ്യാറാവരുതായിരുന്നു.

തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റിന് വേണ്ടി സമീപിച്ച പാവപ്പെട്ട യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പ്രതിപക്ഷ നേതാവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അതിനാലാണ് അയാളെ ന്യായീകരിച്ച് ചെന്നിത്തല സംസാരിക്കുന്നത്. കോൺഗ്രസിന്റെ സർവ്വീസ് സംഘടനയിലെ സജീവ പ്രവർത്തകനായ ഈ സ്ത്രീപീഡകൻ, കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ്. അത്തരത്തിലുള്ള ഒരു നിയമ നടപടിക്ക് പോകാൻ പ്രതിപക്ഷ നേതാവാണ് നിർദേശിച്ചതെന്ന സംശയവും ഉയർന്നു വരുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ ഏൽപ്പിക്കുന്ന ചുമതലകളെല്ലാം നിർവ്വഹിക്കുന്ന സർവ്വീസ് സംഘടനാ നേതാവിന് പിന്തുണ കൊടുക്കുന്ന പ്രതിപക്ഷ നേതാവ് സ്ത്രീ സമൂഹത്തിന് മുന്നിൽ ഇപ്പോൾ നഗ്നനായാണ് നിൽക്കുന്നത്.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി ഓഫീസിൽ സർക്കാർ ജീവനക്കാരുടെ രഹസ്യയോഗം വിളിച്ചതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകനായ ഈ ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന വിധത്തിൽ, സഹായത്തിനായി സമീപിച്ച യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഈയൊരു സാഹചര്യത്തിൽ കെ പി സി സി ഓഫീസിൽ രഹസ്യമായി വിളിച്ചുകൂട്ടിയ സർക്കാർ ജീവനക്കാരുടെ വിശദാംശങ്ങൾ വെളിവാക്കുന്ന ധവളപത്രം പുറത്തിറക്കാൻ കെ പി സി സി തയ്യാറാവണം.

കൊലപാതകികളെയും സ്ത്രീപീഡകരേയും വെള്ളപൂശാൻ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് ശ്രമിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. എൽ ഡി എഫ് സർക്കാരിന്റെ മികവുകളെ ഇല്ലാതാക്കാൻ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയത്തെ കേരളം വലിച്ചെറിയും.

സ്ത്രീകളോടുള്ള പ്രതിപക്ഷ നേതാവിന്റെയും യു ഡി എഫിന്റെയും വെല്ലുവിളിക്ക് സ്ത്രീകൾ തക്കതായ മറുപടി നൽകും. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തെ ആര് പിച്ചിചീന്തിയാലും അതിന് ഉചിതമായ മറുപടി നൽകുന്ന ഇച്ഛാശക്തി സ്ത്രീകൾക്കുണ്ട്. സ്ത്രീ പീഡനത്തിനായി സ്വന്തം പ്രവർത്തകരെ ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളീയ പൊതുസമൂഹത്തോട്  പരസ്യമായി മാപ്പ് പറയാൻ തയ്യാറാവണം. 

08-Sep-2020