നുണ

വിമോചന സമരം കേരളരാഷ്ട്രീയാവബോധത്തിന്റെ വളര്‍ച്ചയില്‍ ഒരു വിള്ളലേല്‍പ്പിച്ചു എന്നത് അവിതര്‍ക്കിതമാണ്. ജനാധിപത്യപ്രക്രിയക്ക് ഒരു തിരിച്ചടിയുമായി. കേരളത്തില്‍ വലതുപക്ഷവല്‍ക്കരണത്തിന് സാമൂഹ്യാടിത്തറ സൃഷ്ടിക്കുകയും ധൈഷണിക മൂലധനം സമാഹരിക്കുകയും ചെയ്തു. ഇന്നും വലതുപക്ഷ ശക്തികള്‍ ഉപയോഗിക്കുന്നത് ഈ ഊര്‍ജ്ജമാണ്. ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ മുഖമുദ്രയാക്കി വെച്ചിരിക്കുന്നത് നുണപ്രചരണത്തെ തന്നെയാണ്. സമ്പന്നരുടെതാല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി വിമോചന സമരക്കാലത്ത് പാവപ്പെട്ടവനും സാധാരണക്കാരനും രംഗത്തിറങ്ങിയത് ഇന്നും ആവര്‍ത്തിക്കുന്നു. ബൂര്‍ഷ്വാസി തന്റെ താല്‍പ്പര്യങ്ങളെ സമൂഹത്തിന്റെ താല്‍പ്പര്യമാക്കി മാറ്റുന്ന പ്രക്രിയയെ കുറിച്ച് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ സമ്പന്നവര്‍ഗം തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി ജനങ്ങളെ അണിനിരത്തുന്നു. സമ്പന്നവര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഭരണകൂടത്തെ നയിക്കുന്ന വിമോചനസമരക്കാര്‍ അതിന് ആക്കം കൂട്ടുന്നു.

വിമോചനസമരക്കാലത്തും അതിന് മുന്‍പ് സമരത്തിനുള്ള അന്തരീക്ഷമൊരുക്കുമ്പോഴും ഏറ്റവും നന്നായി പ്രയോഗിച്ച ആയുധം നുണയായിരുന്നു. ഇത്രയും വലിയൊരു ജനവിഭാഗത്തെ എങ്ങനെ വിമോചന സമരത്തിന്റെ കാലാള്‍പ്പടയാക്കി തെരുവിലിറക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഇ എം എസ് നല്‍കുന്ന ഉത്തരം ഇപ്രകാരമാണ്. : “ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി രണ്ടുവാക്കുകളില്‍ മാത്രമടങ്ങുന്ന ഒരു ചെറുവാചകമാണ് - നുണപറഞ്ഞിട്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാരെപ്പറ്റി, ഇന്ത്യന്‍ കമ്യൂണിസ്റ്റ്കാരെ പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്‍മാരെയും പറ്റി, സോവിയറ്റ് യൂണിയനെയും ചൈനയേയും പറ്റി എല്ലാം തന്നെ വെള്ളംകൂട്ടാതെ തനിക്കള്ളം പറഞ്ഞുപരത്തിയാണ് അവര്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയില്‍ നിര്‍ത്തുന്നത്”. ഇ എം എസ് സൂചിപ്പിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിക്ക് കരുത്ത് പകരാന്‍ ഇപ്പോഴും പ്രധാനമായും ഉപയോഗിക്കുന്നത് നുണ തന്നെയാണ്.

വിമോചനസമരത്തില്‍ പങ്കെടുത്ത, നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ ഇന്ന് മുതിര്‍ന്നവരായിരിക്കുന്നു. ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ ചുക്കാന്‍ പിടിച്ച് നില്‍ക്കുന്നത് അവരാണ്. ഇവര്‍ വിമോചന സമരം സംഘടിപ്പിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നു? ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാമൂഹ്യസാമ്പത്തികനയങ്ങളോടും ഭരണനടപടികളോടുമുള്ള പ്രതികരണമായിരുന്നു വിമോചനസമരം എന്നതാണല്ലൊ പൊതുവിലുള്ള ധാരണ. കാര്‍ഷിക ബന്ധങ്ങളില്‍ വരുത്തിയ മാറ്റങ്ങളും വിദ്യാഭ്യാസ പരിഷ്‌കാരവും ഭരണസമ്പ്രദായത്തില്‍ വികേന്ദ്രീകരണത്തിന് നല്‍കിയ ഊന്നലുമൊക്കെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സുപ്രധാനമായ ആദ്യകാല കാല്‍വയ്പ്പുകള്‍ നിലവിലുണ്ടായിരുന്ന അധികാരബന്ധങ്ങളെ അസന്തുലിതമാക്കാന്‍ പര്യാപ്തമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ, മന്ത്രിസഭ എന്തുചെയ്തു എന്നതിനേക്കാള്‍ എന്തുചെയ്യാന്‍ കഴിഞ്ഞില്ല എന്നത് കൂടുതല്‍ പ്രാധാന്യമുള്ളതാണ്. രണ്ടുകൊല്ലത്തില്‍ ചെയ്യാന്‍ ശ്രമിച്ചത് ഭാവിയുടെ വാഗ്ദാനം മാത്രമായിരുന്നു. കേരളസമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നേക്കും എന്നതിന്റെ സൂചന. അത്തരമൊരു പരിവര്‍ത്തനത്തിന് തടയിടാനുള്ള ശ്രമമായിരുന്നു വിമോചനസമരം.

വിമോചനസമരം എന്തുനേടി എന്നതല്ല എന്തുനേടാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് പ്രാധാന്യമര്‍ഹിക്കുന്നത്. നേടിയത് അട്ടിമറിച്ചു എന്നതാണ്. പക്ഷെ, വിമോചന സമരത്തിന്റെ അന്തിമമായ ലക്ഷ്യം അതായിരുന്നില്ല. കമ്യൂണിസത്തെ കേരളത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. അമേരിക്കന്‍ കുരിശുയുദ്ധക്കാര്‍ മുതല്‍ മന്നത്ത് പത്മനാഭന്‍വരെയുള്ളവരുടെ അന്തിമ ഉദ്ദേശ്യം അതായിരുന്നു. അവരെല്ലാം പരസ്യമായി പ്രഖ്യാപിച്ച ലക്ഷ്യം. പക്ഷെ, ആ 'വിമോചനം' യാഥാര്‍ത്ഥ്യമാക്കാന്‍ അമേരിക്കന്‍ ചാരസംഘത്തിനോ കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ നേതൃത്വത്തിനോ സാധിച്ചില്ല. അധികം വൈകാതെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ മടങ്ങിയെത്തി. ഇന്ന് കേരളത്തിലെ ഏറ്റവും പ്രബലരായ രാഷ്ട്രീയശക്തിയായി വളര്‍ന്നുവരികയും ചെയ്തിരിക്കുന്നു.അതായത് വിമോചന സമരത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നേടാന്‍ കഴിയാതെ പോയെന്നര്‍ത്ഥം.

വിമോചന സമരം കേരളരാഷ്ട്രീയാവബോധത്തിന്റെ വളര്‍ച്ചയില്‍ ഒരു വിള്ളലേല്‍പ്പിച്ചു എന്നത് അവിതര്‍ക്കിതമാണ്. ജനാധിപത്യപ്രക്രിയക്ക് ഒരു തിരിച്ചടിയുമായി. കേരളത്തില്‍ വലതുപക്ഷവല്‍ക്കരണത്തിന് സാമൂഹ്യാടിത്തറ സൃഷ്ടിക്കുകയും ധൈഷണിക മൂലധനം സമാഹരിക്കുകയും ചെയ്തു. ഇന്നും വലതുപക്ഷ ശക്തികള്‍ ഉപയോഗിക്കുന്നത് ഈ ഊര്‍ജ്ജമാണ്. ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ മുഖമുദ്രയാക്കി വെച്ചിരിക്കുന്നത് നുണപ്രചരണത്തെ തന്നെയാണ്. സമ്പന്നരുടെതാല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി വിമോചന സമരക്കാലത്ത് പാവപ്പെട്ടവനും സാധാരണക്കാരനും രംഗത്തിറങ്ങിയത് ഇന്നും ആവര്‍ത്തിക്കുന്നു. ബൂര്‍ഷ്വാസി തന്റെ താല്‍പ്പര്യങ്ങളെ സമൂഹത്തിന്റെ താല്‍പ്പര്യമാക്കി മാറ്റുന്ന പ്രക്രിയയെ കുറിച്ച് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ സമ്പന്നവര്‍ഗം തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി ജനങ്ങളെ അണിനിരത്തുന്നു. സമ്പന്നവര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഭരണകൂടത്തെ നയിക്കുന്ന വിമോചനസമരക്കാര്‍ അതിന് ആക്കം കൂട്ടുന്നു.

06-Dec-2013

സമകാലികം മുന്‍ലക്കങ്ങളില്‍

More