മാധ്യമരംഗത്തെ വിദ്വേഷപ്രചാരകർ

സംഘപരിവാർ മുന്നോട്ടു വെക്കുന്ന സാമൂഹ്യജീർണ്ണതയിലേക്ക് സമൂഹത്തെ നയിക്കാൻ മുന്നിൽ നിൽക്കുന്നത് കേരളത്തിലെ വൻകിട കുത്തകമാധ്യമങ്ങളാണ്. ഒരുപക്ഷേ ദേശീയതലത്തിൽ ഉള്ളതിനേക്കാൾ ശക്തവും നിരന്തരവും ചരിത്രപരവുമാണ് കേരളത്തിലെ വലതുമാധ്യമ നീക്കങ്ങൾ. സംഘപരിവാറിനു കടന്നുവരാനുള്ള സാമൂഹ്യാന്തരീക്ഷമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് അവർ. അതിനു വേണ്ടി അവർ സമൂഹത്തെ മലിനീകരിക്കുന്നു. രോഗാണുക്കൾ എന്ന പോലെ മതരാഷ്ട്രവാദവും മലിനവും ജീർണ്ണവുമായ സാഹചര്യത്തിൽ മാത്രമേ വളരൂ എന്ന് അവർക്കറിയാം. കേരളത്തിലെ വൻകിട മാധ്യമങ്ങളെക്കുറിച്ചു പറയുമ്പോൾ അവയുടെ "കമ്യൂണിസ്റ്റ് വിരുദ്ധ"തയിലാണ് പലരും ഊന്നുക പതിവ്. എന്നാൽ ഈ വിലയിരുത്തൽ തികച്ചും അപൂർണ്ണമാണ്. കമ്യൂണിസ്റ്റു വിരുദ്ധതയല്ല; മറിച്ച് തികഞ്ഞ സാമൂഹ്യവിരുദ്ധയാണ് അവർ പ്രകടിപ്പിക്കുന്നത്. നവോത്ഥാനാശയങ്ങൾ തകർക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുവാനുമാണ് ഇത്തരം മാധ്യമങ്ങൾ ശ്രമിച്ചിട്ടുള്ളത്.

രാജ്യത്ത് സംഘപരിവാർ നടത്തുന്ന വിഭജനനീക്കത്തെ ക്വട്ടേഷൻ പോലെ ഏറ്റെടുത്തു സഹായിക്കുന്ന ഏതാനും മാധ്യമപ്രവർത്തകരെ ബഹിഷ്ക്കാരിക്കാൻ ഇന്ത്യാമുന്നണി തീരുമാനിച്ചിരിക്കുകയാണ്. മാധ്യമങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ജനാധിപത്യവിശ്വാസികൾ മുഴുവൻ ഈ തീരുമാനത്തെ അംഗീകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കോർപ്പറേറ്റ് മൂലധനത്തിൻ്റെ സഹായത്തോടെ രാജ്യത്തെ സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ ഇല്ലാതാക്കാനുള്ള പ്രവർത്തനമാണ് ആർ.എസ്.എസ് / ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമസ്ഥാപനങ്ങളേയും മാധ്യമപ്രവർത്തകരേയും വിലക്കെടുത്തു കൊണ്ടും വഴങ്ങാത്തരെ ശാരീരികമായിത്തന്നെ ആക്രമിച്ചു കൊണ്ടുമാണ് അവർ ഈ പരിപാടി നടപ്പിലാക്കുന്നത്. കീഴടങ്ങിയ അടിമമാധ്യമങ്ങളിൽ സംവാദം എന്നു പേരിട്ടു വിളിക്കുന്ന രാഷ്ട്രീയപ്രചരണത്തിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ല.

കേരളത്തിലും ഇത്തരം മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും ഉണ്ടെന്നും അവരെയും അകറ്റി നിറുത്തണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്. സംഘപരിവാറിൻ്റെ അടിമകളായ മാധ്യമ പ്രവർത്തകർ ഇവിടെയുമുണ്ട് എന്നതിൽ സംശയമില്ല. പ്രച്ഛന്നവേഷധാരികളായാണ് ഇവിടെ അവരുടെ രംഗപ്രവേശം എന്നതാണ് വിശേഷം. അതിവിപ്ലവകാരികളായും "കൂടുതൽ മികച്ച" കമ്യൂണിസ്റ്റുകളായും കോൺഗ്രസ്സ് അനുഭാവികളായും "പഴയ എസ്.എഫ്.ഐ."ക്കാരായും രംഗത്തുവരാൻ അവർക്കു മടിയില്ല.

എന്നാൽ കേരളത്തിൽ ഏതെങ്കിലും മാധ്യമത്തെയോ പ്രവർത്തകരെയോ ബഹിഷ്ക്കരിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. മാധ്യമവേഷത്തിലും അല്ലാതെയും വരുന്ന സംഘപരിവാർ ആശയപ്രചരണത്തെ ചെറുത്തുനിൽക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരളത്തിൻ്റെ സാംസ്കാരികാന്തരീക്ഷത്തിനുണ്ട്. പത്രങ്ങൾ എങ്ങനെ വായിക്കണമെന്നും ചാനലുകൾ എങ്ങനെ കാണണമെന്നും കേരളജനതക്ക് നല്ല നിശ്ചയമുണ്ട്. അല്ലായിരുന്നെങ്കിൽ ഒരു സന്ദർഭത്തിലും ഇവിടെ കമ്യൂണിസ്റ്റുപാർടിയും അവർ നയിക്കുന്ന മുന്നണികളും അധികാരത്തിൽ വരുമായിരുന്നില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ തോറ്റ് തകർന്നത് വാസ്തവത്തിൽ കേരളത്തിലെ വലതുമാധ്യമങ്ങളാണ്. അതിൻ്റെ കരച്ചിലുകളാണ് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്.

സംഘപരിവാർ മുന്നോട്ടു വെക്കുന്ന സാമൂഹ്യജീർണ്ണതയിലേക്ക് സമൂഹത്തെ നയിക്കാൻ മുന്നിൽ നിൽക്കുന്നത് കേരളത്തിലെ വൻകിട കുത്തകമാധ്യമങ്ങളാണ്. ഒരുപക്ഷേ ദേശീയതലത്തിൽ ഉള്ളതിനേക്കാൾ ശക്തവും നിരന്തരവും ചരിത്രപരവുമാണ് കേരളത്തിലെ വലതുമാധ്യമ നീക്കങ്ങൾ. സംഘപരിവാറിനു കടന്നുവരാനുള്ള സാമൂഹ്യാന്തരീക്ഷമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് അവർ. അതിനു വേണ്ടി അവർ സമൂഹത്തെ മലിനീകരിക്കുന്നു. രോഗാണുക്കൾ എന്ന പോലെ മതരാഷ്ട്രവാദവും മലിനവും ജീർണ്ണവുമായ സാഹചര്യത്തിൽ മാത്രമേ വളരൂ എന്ന് അവർക്കറിയാം.

കേരളത്തിലെ വൻകിട മാധ്യമങ്ങളെക്കുറിച്ചു പറയുമ്പോൾ അവയുടെ "കമ്യൂണിസ്റ്റ് വിരുദ്ധ"തയിലാണ് പലരും ഊന്നുക പതിവ്. എന്നാൽ ഈ വിലയിരുത്തൽ തികച്ചും അപൂർണ്ണമാണ്. കമ്യൂണിസ്റ്റു വിരുദ്ധതയല്ല; മറിച്ച് തികഞ്ഞ സാമൂഹ്യവിരുദ്ധയാണ് അവർ പ്രകടിപ്പിക്കുന്നത്. നവോത്ഥാനാശയങ്ങൾ തകർക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുവാനുമാണ് ഇത്തരം മാധ്യമങ്ങൾ ശ്രമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വളർന്നു വരുന്ന പലവിധ മതരാഷ്ട്രവാദങ്ങളെ പത്രസ്ഥലം നൽകി പോഷിപ്പിക്കാനുള്ള അവരുടെ ശ്രമം ശ്രദ്ധേയമാണ്.

പണിയെടുത്തു കൂലിചോദിക്കുന്നവരോടും, തൊഴിലാവശ്യപ്പെടുന്ന യുവാക്കളോടും, സമത്വമാഗ്രഹിക്കുന്ന സ്ത്രീകളോടും, ആശയപരമായി സംഘടിക്കുന്ന വിദ്യാർത്ഥികളോടും പകയോടെയാണ് ഈ മാധ്യമങ്ങൾ പ്രതികരിച്ചിട്ടുള്ളത്. സംഘപരിവാർ ഇന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ന്യൂനപക്ഷമതവിരുദ്ധതയും ദളിത് / സ്ത്രീവിരുദ്ധതയും സംവരണവിരോധവും വളരെ നേരത്തേ തന്നെ ഈ മാധ്യമങ്ങളുടെ അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. അധികാരത്തിൻ്റെ ഭീകരരൂപമായ ബ്രാഹ്മണപൗരോഹിത്യത്തേയും, രാജവാഴ്ചയുടെ അവശിഷ്ടങ്ങളേയും നാടുവാഴിത്തത്തിൻ്റെ ജീർണ്ണസംസ്കാരത്തേയും ശ്ലാഘിച്ച് പൂജിക്കാനുള്ള ഒരവസരവും കേരളത്തിലെ വൻകിട പത്രമാധ്യമങ്ങൾ ഒഴിവാക്കുക പതിവില്ല.

ബഹിഷ്ക്കരണമല്ല; കരുതലോടെയുള്ള വായനയും കാഴ്ചയുമാണ് കേരളത്തിൽ നടക്കേണ്ടത്. അതിനായുള്ള കേരളത്തിൻ്റെ കരുത്ത് കൈവിടാതെ സൂക്ഷിക്കണം. വാർത്തകൾ ജനകീയതലത്തിൽ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. സോഷ്യൽ മീഡിയക്ക് ഒരു പരിധി വരെ ഇക്കാര്യം നിർവ്വഹിക്കാനാവുന്നുണ്ട്. വായനക്കാർക്കു മേൽ പത്രങ്ങൾക്കും കാഴ്ചക്കാർക്കുമേൽ ദൃശ്യമാധ്യമങ്ങൾക്കും ചെലുത്താനാവുന്ന ആധിപത്യം ഇന്ന് തടസ്സപ്പെടുന്നുണ്ട്. നുണക്കോട്ടകൾ നിമിഷനേരം കൊണ്ട് പൊളിച്ചടുക്കപ്പെടുന്നു. തങ്ങളുടെ ആധിപത്യം തകർന്നതിൻ്റെ പകയും രോഷവും വൻമാധ്യമങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളെ "സൈബർ ഗുണ്ടകൾ"  "കടന്നലുകൾ" എന്നൊക്കെ വിളിച്ചാണ് അവർ രോഷം തീർക്കുന്നത്. സമൂഹമാധ്യമരംഗത്ത് ധാർമ്മികതയില്ല എന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങൾ പരിപൂർണ്ണമായും വിശുദ്ധമാണ് എന്ന് ആർക്കും പറയാനാവില്ല. അവിടെ പലവിഭാഗത്തിൽ പെട്ടവർ പലവിധ താൽപ്പര്യങ്ങൾ പുലർത്തുന്നവർ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ വൻകിടമാധ്യമങ്ങൾ പുലർത്തുന്ന അധാർമ്മികതയുടേയും സത്യവിരുദ്ധതയുടേയും  ഒരു ശതമാനം മാത്രമാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത് എന്നും തിരിച്ചറിയണം.

നേരത്തേ സൂചിപ്പിച്ചതു പോലെ സമൂഹമാധ്യമങ്ങളുടെ പരിമിതിയും നാം തിരിച്ചറിയണം. രണ്ടു കാര്യങ്ങളുണ്ട്. ആ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സാമാന്യ ജനങ്ങളിലേക്ക് എത്രകണ്ട് എത്തുന്നുണ്ട് എന്ന പ്രശ്നം. മറ്റൊന്ന് ഇൻ്റർനെറ്റിൻ്റെ രംഗത്ത് തുടരുന്ന കുത്തകാധിപത്യവും കോർപ്പറേറ്റ് സാന്നിധ്യവും. ജനകീയ ഇടപെടലുകളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ഫേസ് ബുക്ക് പോലുള്ളവർ സംവിധാനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭരണവർഗ്ഗത്തോടൊപ്പം നിൽക്കാനാണ് എക്കാലത്തും അവർക്ക് താൽപ്പര്യം.

മാധ്യമവിമർശനം എന്നത് രാഷ്ട്രീയപ്രവർത്തത്തിൻ്റെ അവിഭാജ്യ ഭാഗമാക്കുക എന്നതാണ് കേരളത്തിൽ പ്രധാനമായും ചെയ്യേണ്ടത്. ഗൃഹസദസ്സുകൾ, വീട്ടുമുറ്റയോഗങ്ങൾ, തൊഴിൽ കൂട്ടായ്മകൾ, കുടുംബസംഗമങ്ങൾ എന്നിവയിൽ അവർ വായിക്കുന്ന പത്രങ്ങളും കാണുന്ന ചാനലുകളും ചർച്ചാവിഷയമാവണം. ജനാധിപത്യജാഗ്രത കൈവെടിയാതെ വായിക്കാനും കാണാനും കേൾക്കാനുമുള്ള ആരോഗ്യകരമായ മനസ്സുള്ള ജനങ്ങൾക്കു മുന്നിൽ ഏതുവിധ ആക്രമണവും പരാജയപ്പെട്ടു പോകും.

13-Oct-2023

തുലാവർഷം മുന്‍ലക്കങ്ങളില്‍

More