സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്നു മുതൽ ആരംഭിക്കും. വൊക്കേഷണൽ ഹയർസെക്കന്‍ഡറി പരീക്ഷകൾക്ക് നാളെ തുടക്കം കുറിക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്നത്.

രാവിലെ പ്ലസ്‌ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. എസ് എസ്എൽസി പരീക്ഷ ഏപ്രിൽ 12വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതൽ രാവിലെയുമാണ് നടക്കുക. റംസാൻ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതൽ എസ്എസ്എൽസി പരീക്ഷ രാവിലത്തേയ്ക്കു മാറ്റുന്നത്. ഇന്നു മുതൽ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രിൽ 15 മുതൽ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് എസ്എസ്എൽസി വിഭാഗത്തിലെ അവസാന പരീക്ഷ. ഈ വർഷം 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. എസ് എസ്എൽസി പരീക്ഷയ്ക്കായി 2,947 പരീക്ഷാകേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഗൾഫിൽ 573 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 627 വിദ്യാർത്ഥികളും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎം എച്ച്എസ് ഇടരിക്കോട് എന്ന പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 2076 പേര്‍. പ്രൈവറ്റ് വിഭാഗത്തിൽ 990 വിദ്യാർഥികളും ഉൾപ്പെടുന്നു.

ടിഎച്ച്എസ്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 2,889 വിദ്യാർത്ഥികളും എസ്എസ്എൽസി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 257 വിദ്യാർത്ഥികളുമുണ്ട്. ടിഎച്ച്എസ്എൽസി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലായി 17 വിദ്യാർത്ഥികളും എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രത്തിൽ 68 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹയർസെക്കന്‍ഡറി പരീക്ഷകൾ ഇന്നു രാവിലെ 9.40 മുതൽ ആരംഭിച്ച് 26ന് സമാപിക്കും. 2,004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഹയർസെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതിൽ 2,26,325 ആൺകുട്ടികളും 2,20, 146 പെൺകുട്ടികളുമാണ്. മാർച്ച് 17മുതൽ നടക്കാനിരുന്ന പരീക്ഷകൾ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഏപ്രിൽ എട്ടിലേക്കുമാറ്റിയത്.