മുളപൊട്ടുന്ന പ്രതീക്ഷകള്‍

പ്രസംഗത്തേക്കാള്‍ എഴുത്തിനെയാണ് ജനങ്ങള്‍ കുറച്ചെങ്കിലും വിശ്വസിക്കുന്നത്. നമ്മുടെ ആദ്യകാല നേതാക്കള്‍ പ്രസംഗവും എഴുത്തും ഒരു പോലെ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പ്രസംഗം മതി എഴുത്തു വേണ്ട എന്നായിട്ടുണ്ട്. നാളെ പ്രസംഗവും ഒഴിവാക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. കൂടുതല്‍ പണമുള്ളവന്‍, അല്ലെങ്കില്‍ കൂടുതല്‍ തുക സംഭാവന വാങ്ങാന്‍ കഴിയുന്നവനായിരിക്കും നാളത്തെ രാഷ്ട്രീയ നേതാവ്. ഇപ്പോള്‍ തന്നെ അതിന്റെ സൂചനകള്‍ ഉണ്ട്. എഴുതുന്ന പൊതു പ്രവര്‍ത്തകന്‍ ലോകത്തെ ഉറ്റുനോക്കുന്നുണ്ട്. ഷിജുഖാനെപ്പോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ കരുതിവെച്ച പരമ്പരാഗത നെല്‍വിത്തുകള്‍ പോലെയാണ്. വരാന്‍ പോകുന്ന കാലത്തിന്റെ മുളപൊട്ടുന്ന പ്രതീക്ഷകള്‍.

പുസ്തകോത്സവങ്ങളും പുസ്തക പ്രകാശനങ്ങളുമാണ് ഇക്കാലത്തെ മുഖ്യ സാംസ്‌കാരിക പരിപാടികള്‍. നഗരങ്ങളിലെ പുസ്തകോത്സവങ്ങളിലേക്ക് ഒഴുകിയെത്തുന്ന ആള്‍ക്കുട്ടത്തെ കണ്ട് എനിക്ക് അതിശയവും അഭിമാനവും ഉണ്ടായിട്ടുണ്ട്. അതില്‍ കുട്ടികളും വീട്ടമ്മമാരും ഉള്‍പ്പെടുന്നു എന്നതാണ് പ്രധാന സന്തോഷം. പുസ്തക പ്രകാശനങ്ങള്‍ ഏതാണ്ടൊരു സ്വകാര്യ പരിപാടിയായിട്ടാണ് പലപ്പോഴും നടക്കുന്നത്. ചില എഴുത്തുകാര്‍ തന്റെ മകളുടേയോ മകന്റെയോ വിവാഹം പോലെ നേരിട്ട് അതു സംഘടിപ്പിക്കുന്നു. വിവാഹത്തിനെത്തുന്ന അതിഥികളുടെ മട്ടിലാണ് സദസ്സിന്റെ ഘടനയും മനോഭാവവും. ഒട്ടു മിക്കപേരും മുഖം കാണിക്കാന്‍ വരുന്നവരാണ്. വരാന്‍ കഴിയാത്തവര്‍ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കും. കല്യാണ വീട്ടിലേക്കെന്ന പോലെ തലേദിവസം വന്നു പോകുന്നവരും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ കേസരി ഹാളില്‍ നടന്ന ഒരു പുസ്തക പ്രകാശന സദസ്സിലേക്ക് ഞാന്‍ പോയത് പത്രത്തിലെ ഇന്നത്തെ പരിപാടിയില്‍ നിന്നു കിട്ടിയ വിവരം വെച്ചായിരുന്നു. ചില വിശേഷ താല്‍പ്പര്യങ്ങള്‍ ഉള്ളതുകൊണ്ട് അവിടെ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു. പ്രധാന താല്‍പ്പര്യം പുസ്തകത്തിന്റെ രചയിതാവ് ഒരു പൊതുപ്രവര്‍ത്തകന്‍ ആണെന്നതാണ്. കേരളത്തിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവായ ഷിജുഖാന്‍. പുസ്തകത്തിന്റെ പേര്: 'കുട്ടികളുടെ അവകാശങ്ങള്‍; ഒരു സത്യവാങ്മൂലം'.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം ഈ ഭൂമിയിലെ മനുഷ്യജീവന്റെ നിലനില്‍പ്പിനെക്കുറിച്ചും അതിന് ആധാരമായ കാരുണ്യത്തെക്കുറിച്ചുമായിരിക്കും നമ്മെ ഓര്‍മ്മിപ്പിക്കുക. ഒരു പത്രപംക്തിയില്‍ പുസ്തകത്തെ നിരൂപണം ചെയ്യുന്നത് ശരിയല്ലാത്തതു കൊണ്ട് അതിനു മുതിരുന്നില്ല. അവതാരികയില്‍ ടി.കെ.നാരായണദാസ് എഴുതിയ ഒരു വരി ഉദ്ധരിക്കുന്നു: 'മനുഷ്യാവകാശങ്ങള്‍ക്കും കുട്ടികളുടെ അവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്നവര്‍ക്ക് ഒരു കൈപ്പുസ്തകമാണ് ലേഖകന്‍ സമ്മാനിക്കുന്നത്'.  തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുരുന്നു മുഖം ഈ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉണ്ട്. അവന്റെ നോട്ടം നമുക്ക് അഭിമുഖമല്ല. മുതിര്‍ന്നവരെ നോക്കാന്‍ ഇക്കാലത്തെ കുഞ്ഞുങ്ങള്‍ക്ക് ഭയമാണോ എന്നൊരു സംശയം ഈ ചിത്രം പങ്കു വെക്കുന്നുണ്ട്. പുറംചട്ട സംവിധാനം ചെയ്ത കലാകാരന്റെ പേര് സാഗര്‍ലാല്‍. വയസ് പത്ത്. ഏറിയാല്‍ പന്ത്രണ്ട്. ചടങ്ങില്‍ ബഹു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയ മഹതിയുടെ പേര് കല്യാണി. ഒന്‍പതാംക്ലാസില്‍ പഠിക്കുന്നു. ഗ്രന്ഥകര്‍ത്താവ് ഷിജുഖാനെ ചാനല്‍ ദൃശ്യങ്ങളിലാണ് എനിക്കു കണ്ടു പരിചയം. നഗരത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം നടക്കുമ്പോള്‍ സായുധ പോലിസ് നിര ഭേദിക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തെ കാണും. ഇപ്പോള്‍ എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡണ്ടാണ്. അതിനു മുമ്പ് ചെറിയ കുട്ടിയായിരുന്ന ഘട്ടത്തില്‍ ബാലസംഘത്തിന്റെ നേതാവായിരുന്നു.

ഷിജുഖാന്റെ ലേഖനങ്ങള്‍ പത്രങ്ങളിലും മാഗസിനുകളിലും ഈ ലേഖകന്‍ മുന്‍പും വായിച്ചിട്ടുണ്ട്. കാവ്യസമാഹാരവും യാത്രാവിവരണവും ഉള്‍പ്പടെ നാലു പുസ്തകങ്ങള്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര്‍ജ്ജവമുള്ള ഭാഷയും വസ്തുതാപരമായ വിശകലനരീതിയും കൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഴുതുന്ന പൊതുപ്രവര്‍ത്തകര്‍ നമ്മുടെ കാലത്ത് തീരെ കുറവാണ് എന്നു പറയേണ്ടി വന്നതില്‍ എനിക്കു ലജ്ജയുണ്ട്്. പുതിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നന്നായി പ്രസംഗിക്കുമെങ്കിലും എഴുതാന്‍ മടിയുള്ളവരാണ്. ഇത് സമകാലിക ലോകത്തെ ബാധിച്ച മാരക രോഗത്തിന്റെ നാനാവിധ ലക്ഷണങ്ങളില്‍ ഒന്നാണോ എന്നു സംശയിക്കുന്നു. ഇക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ എഴുത്തിന്റെ മാത്രമല്ല വായനയുടേയും സാരമായ കുറവുണ്ട്. നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലെ ഭാവനാ രാഹിത്യമായി ഇതു വെളിപ്പെടുന്നു. എഴുത്തും വായനയും ഒരു വൈതരണിയായി കണക്കാക്കുന്നതു കൊണ്ട് എഴുതുന്നവരോടും വായിക്കുന്നവരോടും ഒരു വക പുച്ഛവും വിരോധവും സമകാലിക രാഷ്ട്രീയ നേതാക്കള്‍ക്കുണ്ടോ എന്നൊരു സംശയവും തോന്നുന്നുണ്ട്. ഇതിന് അപവാദങ്ങള്‍ ഇല്ലാതില്ല. പുതിയ തലമുറയിലെ പി.രാജീവും, എം.സ്വരാജും, വി.ടി.ബല്‍റാമും നന്നായി എഴുതുന്നവരാണ്. എനിക്കറിയാത്ത നിരവധി പേര്‍ വേറെയും ഉണ്ടാകും. രണ്ടു വര്‍ഷം മുന്‍പ് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ പി.സി. വിഷ്ണുനാഥിനെ കണ്ട് പത്തു പത്തു മിനിറ്റ് സംസാരിച്ചു. അദ്ദേഹം ഒരു വായനക്കാരനാണ് എന്ന സത്യം ഞെട്ടലോടെയാണ ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ പാര്‍ടിയെക്കുറിച്ച് അങ്ങനെല്ലല്ലോ പുറത്തുള്ള ധാരണ.

നവോത്ഥാനവും ദേശീയ പ്രസ്ഥാനവും തുടര്‍ന്നുണ്ടായ തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളുമെല്ലാം എത്രമാത്രം സംവാദാത്മകവും ജനാധിപത്യപരവും ആയിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് അക്കാലത്ത് പൊതു പ്രവര്‍ത്തനമാരംഭിച്ച ഒരു പറ്റം രാഷ്ട്രീയ നേതാക്കളുടെ ജീവിതത്തിലൂടെയാണ്. വായിക്കാനും എഴുതാനും വേണ്ടി ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ ഒളിവിലും ജയിലിലും വെച്ച് അക്ഷരം പഠിച്ചവര്‍ അക്കൂട്ടത്തിലുണ്ട്. മലയാളം മാത്രമല്ല ഹിന്ദിയും ഇംഗ്ലീഷും അവര്‍ അനൗപചാരികമായി പഠിച്ചു. ജീവിതത്തിന്റെ ഏതാണ്ട് അവസാന ഘട്ടത്തില്‍ പലവിധ രോഗങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടിയിരുന്ന ഇ.എം.എസിനോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. 'എഴുത്തും വായനയുമൊക്കെ എങ്ങനെ?' ഇ.എം.എസിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അതില്ലെങ്കില്‍ പിന്നെ എല്ലാം അവസാനിച്ചില്ലേ?'  വായിക്കാതെയും എഴുതാതെയും ഉള്ള ജീവിതം മരണമാണെന്ന് അദ്ദേഹം കണക്കാക്കിയിരുന്നു. അവസാനം എഴുതിയ ലേഖനത്തിലെ മഷിയുണങ്ങുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഇതിനെയാണ് ഭാഗ്യം എന്നു പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാവുന്നതും പാര്‍ടിയുടെ അഖിലേന്ത്യാ നേതാവാകുന്നതും ലോകം അറിയുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകനാവുന്നതുമൊക്കെ ആ മരണത്തിനു മുന്നില്‍ എത്ര നിഷ്പ്രഭം.

പൊതു പ്രവര്‍ത്തകന്റെ എഴുത്ത് എന്ന സംഗതിക്ക് നമ്മുടെ സാമൂഹ്യ വികാസ പ്രക്രിയയില്‍ പരമ പ്രാധാന്യമുണ്ട്്. മറഞ്ഞു കിടക്കുന്ന മനുഷ്യാനുഭവങ്ങളെ കണ്ടെടുത്ത് സാമൂഹിക വിഷയമാക്കുക എന്നത് എക്കാലത്തും എഴുത്തിന്റെ ദൗത്യമാണ്. 'ജലത്തില്‍ മത്സ്യമെന്നതു പോലെ' ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ എഴുതുമ്പോള്‍ അത് ഭാഷാ പരിമിതികളെ മറികടന്ന് സമൂഹത്തില്‍ പ്രതിപ്രവര്‍ത്തിക്കും.  എഴുത്ത് എന്നത് ഒരാളെ സാഹിത്യരംഗത്ത് പ്രതിഷ്ടിക്കാനുള്ള ഒരു മിനിമം പരിപാടിയാണ് എന്നു കരുതുന്നത് ശുദ്ധ വിവരക്കേടാണ്. താനൊരു സാഹിത്യകാരനല്ല എന്ന മുഖവുരയോടെയാണ് ഇ.എം.എസ്. സാഹിത്യത്തെക്കുറിച്ച് എഴുതിയത്. ചരിത്രകാരനല്ല എന്ന മുഖവുരയോടെ ചരിത്രവും സാമ്പത്തിക വിദഗ്ദനല്ല എന്ന് ഏറ്റു പറഞ്ഞു കൊണ്ട് സാമ്പത്തികശാസ്ത്രവും എഴുതി. എല്ലാംകൂടി നൂറു വോള്യങ്ങളില്‍ സഞ്ചയിക്കുക അസാദ്ധ്യം. രാഷ്ട്രീയ പ്രവര്‍ത്തകന്റെ സമൂഹത്തിന്മേലുള്ള ഇടപെടലാണത്. മനുഷ്യന് സ്വയം ആവിഷ്‌ക്കരിക്കാനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയാണ് എഴുത്ത്. ആശയ സംവാദത്തിന്റെ മേഖലയില്‍ പ്രസംഗത്തേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നതും ഈടുറ്റതും കൂടുതല്‍ ജനാധിപത്യപരവുമായ മാധ്യമമാണത്. ഏകാധിപതികളുടേയും ഫാസിസ്റ്റുകളുടേയും കൂട്ടത്തില്‍ മികച്ച പ്രാസംഗികര്‍ ഉണ്ടായിരുന്നു. പക്ഷേ നല്ല എഴുത്തുകാര്‍ ഉണ്ടായിരുന്നില്ല. കാരണം എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ക്ക് ജനാധിപത്യവാദിയാവാതെ വയ്യ. സ്വന്തം നേതാക്കളെ അനുയായികള്‍ പോലും വിശ്വസിക്കുന്നില്ല എന്നതാണ് ഈ കാലത്തെ മുഖ്യ ദുരന്തം. പ്രസംഗത്തേക്കാള്‍ എഴുത്തിനെയാണ് ജനങ്ങള്‍ കുറച്ചെങ്കിലും വിശ്വസിക്കുന്നത്. നമ്മുടെ ആദ്യകാല നേതാക്കള്‍ പ്രസംഗവും എഴുത്തും ഒരു പോലെ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പ്രസംഗം മതി എഴുത്തു വേണ്ട എന്നായിട്ടുണ്ട്. നാളെ പ്രസംഗവും ഒഴിവാക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. കൂടുതല്‍ പണമുള്ളവന്‍, അല്ലെങ്കില്‍ കൂടുതല്‍ തുക സംഭാവന വാങ്ങാന്‍ കഴിയുന്നവനായിരിക്കും നാളത്തെ രാഷ്ട്രീയ നേതാവ്. ഇപ്പോള്‍ തന്നെ അതിന്റെ സൂചനകള്‍ ഉണ്ട്.

ഗോസ്റ്റ് റൈറ്റിംഗിന്റെ കാലമാണല്ലോ ഇത്. 'ആധാരമെഴുത്ത്' എന്നാണ് നമ്മുടെ പി.ജി. ഈ പ്രതിഭാസത്തെ വിളിച്ചിരുന്നത്. നേതാവിനു വേണ്ടി ഒരു ഉദ്യോഗസ്ഥന്‍ പുസ്തകങ്ങള്‍ വായിക്കുന്നു, ലേഖനങ്ങളും പ്രസംഗങ്ങളും തയ്യാറാക്കുന്നു. ഗോസ്റ്റ് റൈറ്റിംഗ് ശരിക്കുമൊരു പ്രേതബാധയാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. തനിക്കു വേണ്ടി എഴുതുന്നവരെ നയിക്കാനും നിയന്ത്രിക്കാനും തിരുത്താനും തക്ക ആര്‍ജ്ജവവും അനുഭവശേഷിയും ഉള്‍ബലവമുള്ള നേതാക്കള്‍ ഉണ്ടായെന്നു വരാം. അതില്ലാത്തവരും ഉണ്ടാകുമല്ലോ. അല്ലെങ്കില്‍ പ്രായത്തിന്റേയും രോഗത്തിന്റെയും ഭാഗമായി കരുത്തു നഷ്ടപ്പെട്ടവരും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ നേതാവ് എഴുത്തുകാരനാല്‍ നയിക്കപ്പെടുന്നു എന്ന ദുരന്തം സംഭവിക്കുന്നു. രാഷ്ട്രീയ പാര്‍ടികളുടെ നയങ്ങള്‍ രൂപീകരിക്കുന്നതും ഗവര്‍മ്മേണ്ടുകളുടെ അജണ്ട തീരുമാനിക്കുന്നതും നേതാവോ കമ്മിറ്റികളോ അല്ല, നാലാന്തരം കൂലിയെഴുത്തുകാരാണ് എന്നു വരുന്നതില്‍പ്പരം അപകടം വേറെന്തുണ്ട്. പി.ഗോവിന്ദപ്പിള്ള യൂവാവായിരുന്ന കാലത്തെ ലോകമല്ല ഇതെന്ന് ഓര്‍മ്മിക്കണം. ഇന്നത്തെ ആഗോള ബുദ്ധിജീവിയെ രാഷ്ട്രീമായി അപഗ്രഥിച്ചാല്‍ മാത്രമേ അപകടത്തിന്റെ ആഴം കൂടുതല്‍ വ്യക്തമാവുകയുള്ളു.  കോളേജ് അധ്യാപകനായ ഒരു ബുദ്ധിജീവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞുണ്ടാക്കുന്ന ഒരു തമാശ ഇങ്ങനെയാണ്. അദ്ദേഹം ആഴ്ച്ചയില്‍ മൂന്നു വീതം ലേഖനങ്ങള്‍ എഴുതും നന്നായി തോന്നുന്ന രണ്ടെണ്ണം സ്വന്തം പേരിലും തീരെ മോശമായ മൂന്നാമത്തേത് നേതാവിന്റെ പേരിലും പ്രസിദ്ധപ്പെടുത്തും. കാലാന്തരത്തില്‍ തന്റെ ലേഖനങ്ങള്‍ ബുദ്ധിജീവി പുസ്തകമാക്കി. തന്റെ പേരില്‍ എഴുതപ്പെട്ട ലേഖനങ്ങള്‍ നേതാവും പുസ്തകമാക്കി. അവാര്‍ഡ് നിര്‍ണ്ണയം നടന്നപ്പോള്‍ നേതാവിന്റെ പുസ്തകം ഒന്നാമതെത്തി. ബുദ്ധിജീവിയുടെ പുസ്തകം പത്താമതും.

എഴുതുന്ന പൊതു പ്രവര്‍ത്തകന്‍ ലോകത്തെ ഉറ്റുനോക്കുന്നുണ്ട്. ഷിജുഖാനെപ്പോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ കരുതിവെച്ച പരമ്പരാഗത നെല്‍വിത്തുകള്‍ പോലെയാണ്. വരാന്‍ പോകുന്ന കാലത്തിന്റെ മുളപൊട്ടുന്ന പ്രതീക്ഷകള്‍.

 

https://www.facebook.com/asokan.charuvil.3
asokan charuvil,
kattoor p.o, thrissur. pin 680702.
ph 9447618659

 

 

 

 

 

 

16-Dec-2013

തുലാവർഷം മുന്‍ലക്കങ്ങളില്‍

More