സോവിയറ്റ് യൂണിയനില്ലാത്ത കാലം
സീതാറാം യച്ചൂരി
25 വര്‍ഷംമുമ്പ് ഡിസംബര്‍ 26നാണ് സോവിയറ്റ് യൂണിയന് ഔദ്യോഗികമായി ഇല്ലാതായത്. സാമ്രാജ്യത്വവും പള്ളിയും കമ്യൂണിസ്റ്റുവിരുദ്ധരും സോവിയറ്റ് യൂണിയന്റെ പതനത്തില്‍ ആഹ്ളാദിച്ചു. അവര്‍ കമ്യൂണിസത്തിന് ചരമക്കുറിപ്പ് എഴുതി. എന്നാലിന്ന് അതേ സോവിയറ്റ് യൂണിയനിലെ ജനങ്ങള്‍ 'കമ്യൂണിസ്റ്റ് പ്ളേഗാ'ണ് നല്ലതെന്നും 'മുതലാളിത്ത പ്ളേഗ്'ദുഷ്കരമെന്നും അഭിപ്രായപ്പെടുന്നു. കമ്യൂണിസമെന്ന ആശയത്തിനല്ല മറിച്ച് അത് നടപ്പാക്കിയവര്‍ക്കാണ് തെറ്റുപറ്റിയതെന്ന നിഗമനത്തിന് അടിവരയിടുകയാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍. |
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ 25ാമത് വര്‍ഷം. മുതലാളിത്തശക്തികളുടെ പലവിധത്തിലുള്ള ആക്രമങ്ങള്‍ക്കുമുന്നില്‍ അടിപതറിപ്പോയ ആ നാടിനെ കുറിച്ച് റഷ്യയിലെ ചില മാധ്യമങ്ങള്‍ അഭിപ്രായസര്‍വേ നടത്തി. സോവിയറ്റ് യൂണിയനിലെ ജീവിതമായിരുന്നു മെച്ചപ്പെട്ടതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ സ്പുട്നിക് വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വേയില്‍ റഷ്യയിലെ 64 ശതമാനംപേരും സോവിയറ്റ് യൂണിയനിലെ ജീവിതമായിരുന്നു നിലവിള്ളുതിനേക്കാള് നല്ലതെന്ന് അഭിപ്രായപ്പെട്ടു. 35 വയസ്സിന് മുകളിലുള്ളവരാണ് സര്‍വ്വെയോട് പ്രതികരിച്ചത്. പതിനൊന്ന് മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളില്‍ ഈ സര്‍വേ തുടര്‍ന്നു. ഒമ്പതെണ്ണത്തിലെ ഭൂരിപക്ഷവും ഇതേ അഭിപ്രായം പ്രകാശിപ്പിച്ചു. അര്‍മീനിയയിലെ 69 ശതമാനംപേര്‍, അസര്‍ബൈജാനിലെ 72 ശതമാനംപേര്‍ മുന്‍ സോവിയറ്റ് ജീവിതം തിരിച്ചുവന്നെങ്കിലെന്ന് അഭിപ്രായപ്പെട്ടു. ഉക്രെയിനിലെ 65 ശതമാനവും കസാഖിസ്ഥാനില്‍ 61 ശതമാനവും കിര്‍ഗിസ്ഥാനില്‍ 60 ശതമാനവും സോവിയറ്റ് യൂണിയന്റെ ഗൃഹാതുരത്വത്തിലാണ്. ഇപ്പോഴത്തെ ജീവിതമാണ് മെച്ചപ്പെട്ടതെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. ഉസ്ബെക്കിസ്ഥാനിലും താജിക്കിസ്ഥാനിലും ഉള്ളവര്‍.
ആരോഗ്യം, സാമൂഹ്യസേവനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സബ്സിഡി ഇല്ലാതാക്കിക്കൊണ്ടാണ് സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം നിലവില്‍വന്ന സര്‍ക്കാരുകള്‍ മുന്നോട്ടുപോയത്. അവര്‍ റേഷന്‍ സമ്പ്രദായവും നിര്‍ത്തലാക്കി. ഇത്തരം പരിഷ്കാരങ്ങള്‍ ജനങ്ങളെ ദോഷകരമായി ബാധിച്ചു. ' “സ്വതന്ത്രകമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള പുത്തന്‍ മുതലാളിത്തവും നീതിപൂര്‍വമല്ലാത്ത സാമ്പത്തികവ്യവസ്ഥയു”മാണ് ജനജീവിതം നരകതുല്യമാക്കിയത്. ഒരുഭാഗത്ത് ദാരിദ്യ്രം സൃഷ്ടിക്കാതെ മറുഭാഗത്ത് സമ്പത്ത് കൂട്ടിവയ്ക്കാനാകില്ല. അതായിരുന്നു റഷ്യയുടെ വാചകം. ആ വാചകം ഇന്ന് എല്ലാവരുടെയും ചുണ്ടുകളിലുണ്ട്.
'പ്രാവ്ദ' ഡിസംബര്‍ അഞ്ചിന് ഒരു സര്‍വേഫലം പ്രസിദ്ധീകരിച്ചിരുന്നു. നുസരി മോസ്കോയിലെ ലെവാഡ സെന്റര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടായിരുന്നു അത്. അതില്‍ 56 ശതമാനം റഷ്യക്കാരും പഴയ സോവിയറ്റ് യൂണിയന് ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. 12 ശതമാനംപേര്‍ സോവിയറ്റ് യൂണിയന്റെ പുനരുജ്ജീവനം സാധ്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അട്ടിമറി സംഘടിപ്പിച്ചപ്പോള്‍ പ്രധാനമായും പറഞ്ഞിരുന്നത് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണത്തില്‍ അഭിപ്രായസ്വാതന്ത്യ്രമില്ലെന്നാണ്. കാല്‍നൂറ്റാണ്ട് പിന്നടുമ്പോള്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിച്ച സാമ്രാജ്യത്വശക്തികളും പാശ്ചാത്യമാധ്യമങ്ങളും റഷ്യയില്‍ നിലവില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ഉറക്കെ ആരോപിക്കുന്നു. പുടിനിസമാണ് 'സ്റ്റാലിനിസ'ത്തിനു പകരം റഷ്യയില്‍ നിലവില്‍ വന്നതെന്നാണ് ഇക്കോണമിസ്റ്റ് വാരിക ആരോപിച്ചത്. റഷ്യയെ തങ്ങളുടെ രാഷ്ട്രീയശത്രുവായാണ് സാമ്രാജ്യത്വം കാണുന്നത്. സോവിയറ്റ് കാലത്തും അവരുടെ കാഴ്ചപ്പാട് അങ്ങിനെതന്നെയായിരുന്നു.
1991 ആഗസ്തില്‍ ഗൊര്ബച്ചേവിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാര്‍ടി അധികാരം പിടിച്ചടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയ വേളയില്‍ “റഷ്യയില്‍നിന്ന് കമ്യൂണിസത്തിന്റെ പ്ളേഗിനെ പുറത്താക്കിയതോടെ ഞങ്ങള്‍ വീണ്ടും സ്വതന്ത്രരായി.” എന്നാണ് ബോറിസ് യെട്സിനും കൂട്ടരും വിളിച്ചുപറഞ്ഞത്. തുറന്ന സമീപനവും (ഗ്ളാസ്നോസ്തി), പരിഷ്കരണവും (പെരിസ്ട്രോയിക്ക) നടപ്പിലാക്കി ഗൊര്‍ബച്ചേവും യെട്സിനും കമ്യൂണിസ്റ്റ് 'പ്ളേഗി'നെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം മഹത്തായ സോവിയറ്റ് യൂണിയനെ (യുഎസ്എസ്ആര്‍) ഛിന്നഭിന്നമാക്കി. അത് 15 രാഷ്ട്രങ്ങളായി മാറി.
25 വര്‍ഷംമുമ്പ് ഡിസംബര്‍ 26നാണ് സോവിയറ്റ് യൂണിയന് ഔദ്യോഗികമായി ഇല്ലാതായത്. സാമ്രാജ്യത്വവും പള്ളിയും കമ്യൂണിസ്റ്റുവിരുദ്ധരും സോവിയറ്റ് യൂണിയന്റെ പതനത്തില്‍ ആഹ്ളാദിച്ചു. അവര്‍ കമ്യൂണിസത്തിന് ചരമക്കുറിപ്പ് എഴുതി. എന്നാലിന്ന് അതേ സോവിയറ്റ് യൂണിയനിലെ ജനങ്ങള്‍ 'കമ്യൂണിസ്റ്റ് പ്ളേഗാ'ണ് നല്ലതെന്നും 'മുതലാളിത്ത പ്ളേഗ്'ദുഷ്കരമെന്നും അഭിപ്രായപ്പെടുന്നു. കമ്യൂണിസമെന്ന ആശയത്തിനല്ല മറിച്ച് അത് നടപ്പാക്കിയവര്‍ക്കാണ് തെറ്റുപറ്റിയതെന്ന നിഗമനത്തിന് അടിവരയിടുകയാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍.
കമ്യൂണിസമെന്ന ശത്രുവിന്റെ ഭീഷണി അവസാനിച്ചുവെന്ന് സോവിയറ്റ് യൂണിയന് തകര്‍ന്നതോടെ അമേരിക്കയും പാശ്ചാത്യരാഷ്ട്രങ്ങളും സമാധാനിച്ചു. അവരുടെ സഹായത്തോടെ വളര്‍ന്ന മുതലാളിത്ത വ്യവസ്ഥയുടെതന്നെ സന്തതിയായ വ്ളാദിമിര്‍ പുടിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നു. മത്സരാധിഷ്ഠിത കമ്പോളസമ്പദ്വ്യവസ്ഥയുടെ സൃഷ്ടിയായ പുടിന് ഇപ്പോള്‍ സര്‍ക്കാര്‍മേഖലയില്‍ നിക്ഷേപം ഇരട്ടിയാക്കി കമ്പോളമത്സരത്തെ വെല്ലുവിളിക്കുകയാണെന്ന് 'ന്യൂയോര്‍ക്ക് ടൈംസും' 'ഇക്കോണമിസ്റ്റും' എഴുതിക്കൂട്ടുന്നു.
ക്രിമിയയെ കീഴ്പെടുത്തിയ റഷ്യ, ജോര്‍ജിയെയും ഉക്രെയിനെയും ആക്രമിച്ചതും സോവിയറ്റ് നാളുകളെ ഓര്‍മപ്പെടുത്തുന്നുവെന്നാണ് മുതലാളിത്ത ശക്തികള്‍ പ്രചരിപ്പിക്കുന്നത്. സോവിയറ്റ് തകര്‍ച്ചയോടെ ജനാധിപത്യം പുഷ്പിക്കുമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ പറയുന്നത് അവിടെ സ്വേച്ഛാധിപത്യമാണ്. തങ്ങളുടെ വരുതിക്ക് നിന്നില്ലായെങ്കില്‍ എന്താണ് ഒരു രാഷ്ട്രത്തിന് നേരെ പ്രയോഗിക്കുക എന്ന ദൃഷ്ടാന്തമാണ് റഷ്യയില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ 'നിലവിലുള്ള ബൂര്‍ഷ്വാ ഉല്‍പ്പാദന സാഹചര്യങ്ങളില്‍, സ്വാതന്ത്യ്രത്തിന്റെ അര്‍ഥം സ്വതന്ത്രവ്യാപാരവും സ്വതന്ത്ര ക്രയവിക്രയവുമാണെ'ന്ന്പറഞ്ഞിട്ടുണ്ട്. അതായത് മുതലാളിത്ത കാലത്ത് വ്യക്തിസ്വാതന്ത്യ്രം മരീചിക മാത്രമാണ്. മൂലധനസ്വാതന്ത്ര്യം മാത്രമാണുള്ളത്. മുതലാളിത്ത സ്വാതന്ത്യ്രത്തിന്റെ ഈ പരിമിതിയാണ് പുടിന്റെ റഷ്യ പാശ്ചാത്യലോകത്തെ ഇപ്പോള്‍ ബോധ്യപ്പെടുത്തുന്നത്. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുകയായിരുന്നു മുതലാളിത്തത്തിന്റെ ലക്ഷ്യം.
നാസിസവും ഫാസിസവുമല്ല കമ്യൂണിസമാണ് പ്രധാന ശത്രുവെന്ന് സാമ്രാജ്യത്വ ശക്തികള്‍ പുലമ്പിക്കൊണ്ടിരിക്കുക തന്നെയാണ്. പക്ഷെ ജനങ്ങള്‍ പറയുന്നത് സോവിയറ്റ് യൂണിയന്റെ നന്മകളെ കുറിച്ചാണ്. യൂറോപ്പിലാകെ ഇപ്പോള്‍ നവനാസിസം തലപൊക്കുകയാണ്. അതിന് കാരണമാവുന്നത് നവ ഉദാരവല്ക്കരണവും ചെലവുചുരുക്കല്‍ നയവുമാണ്. അപ്പോഴും അവയുമായി മുന്നോട്ടുപോകാനാണ് യൂറോപ്യന്‍ യൂണിയനും മറ്റും തയ്യാറാകുന്നത്. നാസിസം സ്വീകാര്യമാവുകയും സോഷ്യലിസം വെറുക്കപ്പെട്ടതായി നിലനില്ക്കുകയും ചെയ്യുന്നു എന്നര്‍ത്ഥം. കമ്യൂണിസമെന്ന ഭൂതത്തെ ഭയക്കുന്നവര്‍ നരേന്ദ്രമോഡിയെന്ന പേരിലും ഡൊണാള്‍ഡ് ട്രംപെന്ന പേരിലും മുന്നോട്ടുവരുമ്പോള്‍. സാമ്രാജ്യത്വശക്തികളാകെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ ഭീതിയോടെ വീക്ഷിക്കുമ്പോള്‍, ലോകമാകെയുള്ള തൊഴിലാളി വര്‍ഗം അപരന്റെ സ്വരം മധുരസംഗീതം പോലെ ശ്രവിക്കുന്ന ലോകത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അതിനായാണ് പ്രവര്‍ത്തിക്കുന്നത്. സോവിയറ്റ് യൂണിയനെ കുറിച്ചുള്ള ഓര്‍മകള്‍ അതിന് കരുത്തുപകരുന്നുണ്ട്. സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങള്‍ ലോകമെങ്ങും അലയടിക്കുന്നുമുണ്ട്.
16-Jan-2017
സീതാറാം യച്ചൂരി
സീതാറാം യച്ചൂരി
സീതാറാം യച്ചൂരി
സീതാറാം യച്ചൂരി
സീതാറാം യെച്ചൂരി