ആരാണ് മാധ്യമങ്ങളെ തോല്‍പ്പിക്കുന്നത്?
ലീന്‍ ജെസ്മാസ്
ഈ ദുരന്തനാളുകളിലെ യഥാർത്ഥ വിജയി നമ്മൾ മാധ്യമപ്രവർത്തകർക്കിടയിൽ മാത്രം എന്തിന് ഒളിഞ്ഞിരിക്കണം? കയ്യടിയോടെ മനോരമ ന്യൂസ് ചാനലിനെ വേദിയിലേക്ക് സ്വാഗതം ചെയ്യാം. ചാനലുകളുടെ പരസ്യ മാർക്കറ്റിന് ആധാരമായ ബാർക്റേറ്റിംഗിൽ ഒരു മാസക്കാലമായി രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു പരിഭ്രാന്തരായി കഴിയുകയായിരുന്ന ചാനലിന് ഓഖി നൽകിയത് ഒരു സുവർണാവസരമായിരുന്നു. ചുഴലിക്കാറ്റിന്റെ വേഗതയിൽ വിവാദം വിതച്ചുകൊണ്ട് മനോരമ ചാനൽ മാതൃഭൂമിയിൽ നിന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഏറ്റവും ഒടുവിൽ പുറത്തുവന്ന ബാർക് റേറ്റിംഗ്, ചുഴലിക്കാറ്റ് വീശിയ ദിവസങ്ങൾ കൊണ്ട് മനോരമ നഷ്ടപ്പെട്ടതൊക്കെ നേടിയെടുത്തെന്ന് വെളിപ്പെടുത്തുന്നു. ചുരുക്കത്തിൽ കൊടുംകാറ്റിനോട് ജീവിതത്തിനായി യുദ്ധം ചെയ്തവരെ വിറ്റു നമ്മുടെ മാധ്യമ കുതന്ത്രം വിജയം വരിച്ചിരിക്കുന്നു. |
അത്യധികം വേദനയോടും അതിനേക്കാളേറെ രോഷത്തോടുമാണ് ഒരാഴ്ച്ച പിന്നിടുന്ന
ഓഖി ദുരന്ത റിപ്പോർട്ടുകൾ വാർത്താചാനലുകളിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പ്രകൃതിദുരന്തം റിപ്പോർട്ട് ചെയ്യുക എന്നത് ഓരോ മാധ്യമ പ്രവർത്തകന്റെയും ജീവിതത്തിലെ അപൂർവമായ
അവസരമല്ല. മറിച്ച്, വാർത്താ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്ന് വിളിക്കാവുന്ന
പ്രായോഗികാനുഭവമാണ്. നാളത്തെ മാധ്യമ വിദ്യാർത്ഥികൾ പാഠമായി കണ്ടുപഠിക്കേണ്ട ആർക്കൈവലാണ്.
പക്ഷെ, എത്ര വികലമായാണ് നിങ്ങളും,നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന വാർത്താചാനലുകളും ഈ ഒരാഴ്ച്ചയുടെ
വാർത്തകളെ കൈകാര്യം ചെയ്തത്? അതൊന്ന് റീവൈൻഡ് ചെയ്തു കണ്ടിട്ട് മലയാള വാർത്താചാനൽ ചരിത്രത്തിലെ കറുത്ത ഏടെന്ന് മറ്റൊരാൾ വിളിച്ചുപറയും മുൻപ് നമ്മൾ ഓരോരുത്തരും ഏറ്റുപറയണം.
എങ്ങനെയാണ് ഒരു പ്രകൃതിദുരന്തം അഥവാ ദുരന്തം റിപ്പോർട്ട് ചെയ്യേണ്ടതെന്ന് നിങ്ങളുടെ വാർത്താമുറികളിൽ ഒരു വട്ടമെങ്കിലും ചർച്ചകൾ നടന്നിട്ടുണ്ടോ? ദുരന്ത ഭൂമിയിലേക്ക് പറഞ്ഞയച്ച വാർത്താ ലേഖകർക്ക് ഇത്തരം റിപ്പോർട്ടി൦ഗിൽ പുലർത്തേണ്ട ഔചിത്യമെന്തെന്ന് ഒരു വാട്ട്സ്പ്പ് സന്ദേശമെങ്കിലും വാർത്താ ചുമതലയുള്ളവർ നൽകിയിരുന്നോ? അങ്ങനെ നൽകിയിരുന്നെങ്കിൽ യുവജനോത്സവ വേദിയിൽ സ്വർണക്കപ്പിൻറെ തലയോ ചുവടോ തട്ടിയെടുത്ത് ക്യാമറയ്ക്കു മുന്നിൽ ആദ്യമെത്തിക്കുന്നതാണ് പത്രപ്രവർത്തനം എന്ന ശീലം ഈ ദുരന്ത മുഖത്തും അവർ അനുവർത്തിക്കില്ലായിരുന്നു.
ഇനിയെങ്കിലും നമ്മൾ ചിലത് തുറന്നു പറഞ്ഞേ മതിയാകൂ., അല്ലെങ്കിൽ കേരളത്തിൻറെ വാർത്താമുഖം
കരയ്ക്കെത്താതെ അഴുകിനാറുന്ന അനാഥ ദേഹമായി തുടരും.
എൺപതുകളുടെ അവസാനത്തിൽ മാതൃഭൂമി ദിനപ്പത്രം അന്വേഷണാത്മക റിപ്പോർട്ടി൦ഗ് പരമ്പരകളിലൂടെ
ശ്രദ്ധ നേടിയപ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ മലയാള മനോരമ മാത്യുമറ്റത്തിന്റെയും, ജോയ്സിയുടെയും പേനകൾ ഡെസ്കിലിരിക്കുന്ന മാധ്യമ പ്രവർത്തകർക്ക് കൈമാറി. ആ അവിഹിതത്തിൽ നിന്ന് പത്ര൦ പൈങ്കിളി കഥകളെ പെറ്റു കൂട്ടി. "പാവം പാവാട പടിഞ്ഞാട്ടു പോയി" എന്ന തലക്കെട്ടിൽ ഒരു ഫീച്ചർ ഒന്നാമത്തെ പത്രത്തിന്റെ ഒന്നാം പേജിൽ ഇടം പിടിയ്ക്കുകയും അത് പിന്നീടങ്ങോട്ടുള്ള മാധ്യമ ശൈലിയായി മാറുകയും ചെയ്തു. വികലമാക്കപ്പെട്ട ഭാവനാ വിലാസവും, എന്തിനെയും മഴവില്ലഴകിൽ അവതരിപ്പിക്കാൻ കഴിയുന്ന മുതലാളിയുടെ പ്രൊഫഷണലിസവും ഒത്തുചേർന്നാൽ കൈവരിക്കാവുന്ന വാണിജ്യ വിജയം കൊയ്യാൻ ഈ ശൈലി ധാരാളമായിരുന്നു.
അതിന്റെ ദാരുണാന്ത്യത്തിലാണ് ലോകമറിയേണ്ട ഒരു ശാസ്ത്രജ്ഞൻ ഗതി കിട്ടാത്ത ആത്മാവിനെ പോലെ
ഈ നവമാധ്യമ കാലത്തും നമുക്ക് മുന്നിലലയുന്നത്. കിടപ്പുമുറിയിൽ ട്യൂണയെപ്പോലെ പുളയുന്ന ചാരവനിതയെ മനക്കണ്ണാൽ കണ്ട് ഭ്രമിച്ചവർ അക്കാലത്തെയും, ഇക്കാലത്തെയും വിശ്വവിഖ്യാതരായ മാധ്യമ പ്രവർത്തകരായി തുടരുന്നു.
വ്യാജരേഖയുടെ വശീകരണത്തിൽ പോലും വീണുപോകുന്നവനാണ് മാധ്യമപ്രവർത്തകനെന്ന് വാർത്തകളുടെ ചാനൽ മൽസരം തുടങ്ങുന്ന നാളുകളിൽ തന്നെ നമ്മൾ തെളിയിച്ചു. വാർത്തകൾ എങ്ങനെയും ചമയ്ക്കപ്പെടാമെന്ന ആ സംസ്കാര നിർമ്മിതിയുടെ തുടർച്ചയാണ് ഇന്ന് തേൻകെണി വിവാദക്കുരുക്കിൽ ചെന്നെത്തി നിൽക്കുന്നത്.
ചോദ്യം ചെയ്യപ്പെടാനാകാത്തവരെന്ന് വിശ്വസിച്ചഹങ്കരിക്കുന്ന നമുക്ക് മുന്നിൽ വാതിലുകൾ പലതും കൊട്ടിയടക്കപ്പെട്ടപ്പോൾ ജനം കയ്യടിച്ചാഹ്ലാദിച്ചത് നമ്മൾ കണ്ടില്ലെന്ന് നടിക്കുന്നു. വാർത്താമുറിയിൽ അൽപ ജ്ഞാനത്തിൻറെ ആത്മരതിയിലൂടെ താനിരിക്കുന്നത് ന്യായാധിപകസേരയിലെന്നു സ്വയം വിശ്വസിച്ചു അഹങ്കരിക്കുന്നു.
ഇനി, ചുഴലിക്കാറ്റിന്റെ നാളുകളിലേക്ക് സ്വയം ചൂഴ്ന്നു നോക്കുക. ദുരന്തത്തെ വിവാദക്കണ്ണുകളിലൂടെ മാത്രം പ്രേക്ഷരിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ ചുഴലിക്കാറ്റിൽ പെട്ടുപോയ ജീവിതങ്ങളോടുള്ള മാനുഷിക കടമകളെ നിങ്ങൾ മറന്നു. എന്തുകൊണ്ട് സർക്കാറിന്റെ തെറ്റുകളെ അക്കമിട്ടു നിരത്തുന്നവർ ഏതൊരു ദുരന്തത്തിലും മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടുന്ന കടമകളെ മറന്നു?
ദുരന്തദിനങ്ങളിൽ ഒരു ഹെൽപ് ലൈൻ നമ്പർ ഒരു വാർത്താ ചാനലിലും കണ്ടില്ല. കാണാതായവരെക്കുറിച്ചറിയാൻ ഒരു സംവിധാനം തുറക്കാൻ ലോകമെങ്ങും പ്രേക്ഷകരുള്ള ചാനലുകൾക്ക് കഴിയുമായിരുന്നു. കണക്കുകൾ ക്രോഡീകരിച്ചു സർക്കാരിനും രക്ഷാദൗത്യസംവിധാനത്തിനും കൈമാറാൻ, അങ്ങനെ മാധ്യമ ദൗത്യം നിറവേറ്റാൻ കഴിയാതിരുന്നത് ചാനലുകളുടെ പരാജയമല്ലേ? സ്വയം ഉറപ്പു വരുത്താത്ത വാർത്തകൾ നൽകിയിടത്തുമാത്രം അവസാനിക്കുന്നില്ല പിഴവുകൾ, ആദ്യദിനം മുതൽ അനാവശ്യ വിവാദങ്ങളെ ചർച്ചാവിഷയമാക്കി നിങ്ങൾ ഈ ദുരന്തത്തിന്റെ യഥാർത്ഥ കണക്കുകൾക്കുമേൽ പോലും മറയിട്ടു.
ഇനി, ഈ ദുരന്തനാളുകളിലെ യഥാർത്ഥ വിജയി നമ്മൾ മാധ്യമപ്രവർത്തകർക്കിടയിൽ മാത്രം എന്തിന് ഒളിഞ്ഞിരിക്കണം? കയ്യടിയോടെ മനോരമ ന്യൂസ് ചാനലിനെ വേദിയിലേക്ക് സ്വാഗതം ചെയ്യാം. ചാനലുകളുടെ പരസ്യ മാർക്കറ്റിന് ആധാരമായ ബാർക്റേറ്റിംഗിൽ ഒരു മാസക്കാലമായി രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു പരിഭ്രാന്തരായി കഴിയുകയായിരുന്ന ചാനലിന് ഓഖി നൽകിയത് ഒരു സുവർണാവസരമായിരുന്നു. ചുഴലിക്കാറ്റിന്റെ വേഗതയിൽ വിവാദം വിതച്ചുകൊണ്ട് മനോരമ ചാനൽ മാതൃഭൂമിയിൽ നിന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഏറ്റവും ഒടുവിൽ പുറത്തുവന്ന ബാർക് റേറ്റിംഗ്, ചുഴലിക്കാറ്റ് വീശിയ ദിവസങ്ങൾ കൊണ്ട് മനോരമ നഷ്ടപ്പെട്ടതൊക്കെ നേടിയെടുത്തെന്ന് വെളിപ്പെടുത്തുന്നു. ചുരുക്കത്തിൽ കൊടുംകാറ്റിനോട് ജീവിതത്തിനായി യുദ്ധം ചെയ്തവരെ വിറ്റു നമ്മുടെ മാധ്യമ കുതന്ത്രം വിജയം വരിച്ചിരിക്കുന്നു.
ചിന്തിക്കുക. നമുക്ക് ആരോടാണ് പ്രതിബദ്ധത? ആരാണ് യഥാർത്ഥ മാധ്യമ പ്രവർത്തനത്തെ അനുദിനം തോൽപ്പിച്ചുകൊണ്ടിരിക്കുന്നത്?
10-Dec-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി