സാമ്രാജ്യത്വത്തിന് വേണ്ടി വേണു വായിക്കുന്ന കെ. വേണു

അമേരിക്കയേക്കാള്‍ ഇന്ത്യക്ക് ഭീഷണി ചൈനയാണെന്നും ഇന്ത്യയെ ചൈനയാണ് യഥാര്‍ഥത്തില്‍ വരിഞ്ഞുമുറുക്കുന്നതെന്നും ഇക്കാര്യം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മനസ്സിലായില്ലെന്നു വേണം കരുതാനെന്നും കെ വേണു അഭിപ്രായപ്പെട്ടതായി കണ്ടു. സോഷ്യലിസ്റ്റ് ചേരിയെ തള്ളിപ്പറഞ്ഞും സാമ്രാജ്യത്വശക്തികളെ വെള്ളപൂശിയും അതുവഴി മോഡി സര്‍ക്കാരിന്റെ നയത്തെ പിന്തുണയ്ക്കാനുമാണ് വേണു ആവേശം കാട്ടുന്നത്. ഇടതു സെക്ടേറിയന്‍ നയം സ്വീകരിച്ച വേണുവും കൂട്ടരും എവിടെ എത്തുമെന്നാണോ സിപിഐ എമ്മും മറ്റും വിലയിരുത്തിയത് അത് ശരിയാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും അഭിപ്രായവുമാണ് വേണുവില്‍നിന്ന് ഉണ്ടാകുന്നത്. ലോകത്തെമ്പാടും തീവ്ര ഇടതുപക്ഷനയം സ്വീകരിച്ചവര്‍ അവസാനമായി എത്തിപ്പെടുന്നത് തീവ്ര വലതുപക്ഷത്താണെന്ന വസ്തുത വേണുവിലൂടെ ഒരിക്കല്‍കൂടി ശരിയാണെന്ന് തെളിഞ്ഞു. പ്രായോഗികമല്ലാത്ത മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച് ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട് നിരാശപൂണ്ട തീവ്ര ഇടതുപക്ഷക്കാര്‍ എത്തിച്ചേരുന്നത് തീവ്ര വലതുപക്ഷത്തേക്കാണ്. കെ വേണുവിന്റെ ലേഖനങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇവിടെ കാര്യം മനസ്സിലാകാത്തത് കോടിയേരിക്കല്,ല വേണുവിനാണ്.

അമേരിക്കയേക്കാള്‍ ഇന്ത്യക്ക് ഭീഷണി ചൈനയാണെന്നും ഇന്ത്യയെ ചൈനയാണ് യഥാര്‍ഥത്തില്‍ വരിഞ്ഞുമുറുക്കുന്നതെന്നും ഇക്കാര്യം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മനസ്സിലായില്ലെന്നു വേണം കരുതാനെന്നും കെ വേണു അഭിപ്രായപ്പെട്ടതായി കണ്ടു. സോഷ്യലിസ്റ്റ് ചേരിയെ തള്ളിപ്പറഞ്ഞും സാമ്രാജ്യത്വശക്തികളെ വെള്ളപൂശിയും അതുവഴി മോഡി സര്‍ക്കാരിന്റെ നയത്തെ പിന്തുണയ്ക്കാനുമാണ് വേണു ആവേശം കാട്ടുന്നത്. ഇടതു സെക്ടേറിയന്‍ നയം സ്വീകരിച്ച വേണുവും കൂട്ടരും എവിടെ എത്തുമെന്നാണോ സിപിഐ എമ്മും മറ്റും വിലയിരുത്തിയത് അത് ശരിയാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും അഭിപ്രായവുമാണ് വേണുവില്‍നിന്ന് ഉണ്ടാകുന്നത്. ലോകത്തെമ്പാടും തീവ്ര ഇടതുപക്ഷനയം സ്വീകരിച്ചവര്‍ അവസാനമായി എത്തിപ്പെടുന്നത് തീവ്ര വലതുപക്ഷത്താണെന്ന വസ്തുത വേണുവിലൂടെ ഒരിക്കല്‍കൂടി ശരിയാണെന്ന് തെളിഞ്ഞു. പ്രായോഗികമല്ലാത്ത മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച് ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട് നിരാശപൂണ്ട തീവ്ര ഇടതുപക്ഷക്കാര്‍ എത്തിച്ചേരുന്നത് തീവ്ര വലതുപക്ഷത്തേക്കാണ്. കെ വേണുവിന്റെ ലേഖനങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇവിടെ കാര്യം മനസ്സിലാകാത്തത് കോടിയേരിക്കല്ല മറിച്ച് വേണുവിനാണെന്ന് തുടക്കത്തിലെ പറഞ്ഞുവയ്ക്കട്ടെ.

സിപിഐ എം രൂപം കൊള്ളുന്നത് 1964ലാണ്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിക്ക് വ്യക്തമായ പരിപാടി മുന്നോട്ടുവച്ചു. വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങളുടേതാണ് ഇന്ത്യന്‍ ഭരണകൂടമെന്നും ഇതിനെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കണമെന്നും പാര്‍ടി പരിപാടി വ്യക്തമാക്കി. എന്നാല്‍, ഈ പരിപാടി മുന്നോട്ടുവച്ച സിപിഐ എമ്മിനെ അന്ന് അംഗീകരിക്കാന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായില്ല. സമാധാനപരമായ സഹവര്‍ത്തിത്വവും സമാധാനപരമായ പരിവര്‍ത്തനവും എന്ന ആശയം മുന്നോട്ടുവച്ച സിപിഐയെയാണ് അവര്‍ അന്ന് അംഗീകരിച്ചത്. എന്നാല്‍, അന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സിപിഐ എമ്മിനെ അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍, സിപിഐ എം രൂപീകരിച്ച് മൂന്നാം വര്‍ഷം 1967ല്‍ ഇന്ത്യന്‍ വിപ്ലവപാത ചൈനീസ് പാതയാണെന്നും ഇന്ത്യന്‍ വിപ്ലവനായകന്‍ മാവോയാണെന്നും നിലപാട് സ്വീകരിച്ച് വേണു ഉള്‍പ്പെടെയുള്ള നക്‌സലൈറ്റുകള്‍ രംഗത്തുവന്നു. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമായെന്ന് ചൈനയും വിലയിരുത്തി. അനവസരത്തില്‍ ബംഗാളിലെ കൂട്ടുകക്ഷി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള നക്‌സലൈറ്റ് പ്രസ്ഥാനത്തെ സിപിഐ എം പിന്തുണച്ചില്ല. ഇതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി എകപക്ഷീയമായി സിപിഐ എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. അപ്പോഴും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയെയോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയെയോ തള്ളിപ്പറയാന്‍ സിപിഐ എം തയ്യാറായില്ല. മാത്രമല്ല ഈ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളും നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളെയോ സമ്പദ് വ്യവസ്ഥയെയോ സിപിഐ എം തള്ളിപ്പറഞ്ഞില്ല. എന്നാല്‍, തെറ്റായ നിലപാടുകളും നടപടികളും ചൂണ്ടിക്കാട്ടുകയും ചെയ്തു. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനാണ് അന്നും ഇന്നും സിപിഐ എം തയ്യാറായത് എന്നര്‍ഥം. എന്നാല്‍, ചൈനീസ് പാതയാണ് ഇന്ത്യന്‍ പാതയെന്നു പറഞ്ഞ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കൊടി ഉയര്‍ത്തിയ വേണുവും കൂട്ടരും ഇന്ന് അതേ സോഷ്യലിസ്റ്റ് ചൈനയെ ശത്രുവായും വീക്ഷിക്കുന്നു.

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പാര്‍ടി സമ്മേളനങ്ങളില്‍ സാര്‍വദേശീയ സംഭവങ്ങളുടെ ആഴത്തിലുള്ള പരിശോധന നടക്കാറുണ്ട്. മുതലാളിത്തത്തിന് ബദലായ ഏക വ്യവസ്ഥ സോഷ്യലിസമാണെന്ന് സിപിഐ എം വിശ്വസിക്കുന്നു. അതിനാല്‍ ഈ കാലഘട്ടത്തിലെ കേന്ദ്രവൈരുധ്യം മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ളതാണ്. നവ ലിബറല്‍ കടന്നാക്രമണത്തിന്‍ കീഴില്‍ സാമ്രാജ്യത്വരാജ്യങ്ങളും മൂന്നാംലോക രാജ്യങ്ങളും തമ്മിലുള്ള വൈരുധ്യവും അതിവേഗം മൂര്‍ച്ഛിക്കുകയാണ്. മുതലാളിത്തത്തിനു കീഴിലെ അസമമായ വികാസം കാരണം സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള വൈരുധ്യവും നിലനില്‍ക്കുന്നു. ബ്രെക്‌സിറ്റും മറ്റും വിരല്‍ചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണ്. മുതലാളിത്തത്തിന്റെ ഈ സ്വഭാവ വിശേഷങ്ങള്‍ കാരണം അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യവും രൂക്ഷമായി. ലോകത്ത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രംപോലും ഇല്ലെങ്കിലും ഈ വൈരുധ്യം നിലനില്‍ക്കും.

സാമൂഹ്യപരിവര്‍ത്തനത്തിന്റെ ദിശ നിര്‍ണയിക്കുന്നത് സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള ഈ വൈരുധ്യമാണ്. സോഷ്യലിസ്റ്റ് സാമൂഹ്യ ഉല്‍പ്പാദനവും ഉല്‍പ്പാദന ഉപാധികളുടെ സാമൂഹ്യമായ ഉടമസ്ഥതയില്‍നിന്നുമാണ് സോഷ്യലിസത്തിലേക്കുള്ള പാത തുറക്കുന്നത്. ഈ വൈരുധ്യങ്ങളില്‍ മൂന്നാം ലോകരാജ്യങ്ങളുടെയും ജനങ്ങളുടെയും പക്ഷത്ത് നിലയുറപ്പിക്കാനാണ് കമ്യൂണിസ്റ്റുകാരും പുരോഗമന ശക്തികളും തയ്യാറാകുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് ചേരിയെ തള്ളിപ്പറയുമ്പോള്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന ആശയത്തെ തന്നെയാണ് വേണു നിരാകരിക്കുന്നത്. തീവ്ര ഇടതുപക്ഷത്തുനിന്ന് തീവ്ര വലതുപക്ഷത്തേക്ക്, സാമ്രാജ്യത്വ ദാസ്യത്തിലേക്ക് വേണു അധഃപതിച്ചുവെന്ന് സാരം. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെ കൂടി തള്ളിപ്പറയുമ്പോള്‍ ചിത്രം പൂര്‍ണമായി. കമ്പോള വിപണിക്ക് ബദലായി സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ ഉണ്ടാക്കാന്‍ കഴിയില്ലെന്നു കൂടി പറഞ്ഞുവയ്ക്കുമ്പോള്‍ വേണുവിന്റെ പക്ഷം ഏതെന്ന് പകല്‍പോലെ വ്യക്തം.

ഈ ആശയപാപ്പരത്തത്തിന്റെ ആഴം അറിയണമെങ്കില്‍ 'അമേരിക്കയെന്ന സാമ്രാജ്യത്വശക്തി നിയമപരമായ ചട്ടക്കൂടില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന' വേണുവിന്റെ പ്രസ്താവന കൂടി വായിക്കണം. ചൈനയാണത്രെ മര്യാദകെട്ട രാഷ്ട്രം! വടക്കന്‍ കൊറിയയെ പൂര്‍ണമായും നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും അമേരിക്കയ്ക്കു മുമ്പിലില്ലെന്ന് യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ ഭസ്മമാക്കുമെന്ന് യുഎന്‍ വേദിയില്‍ സംസാരിക്കുന്ന അമേരിക്കയാണോ തെമ്മാടി രാഷ്ട്രം അതോ കൊറിയയോ? പതിനായിരക്കണക്കിന് പലസ്തീന്‍ അറബികളെ കൊന്നുതള്ളിയ ഇസ്രയേല്‍ എന്ന ഭീകര രാഷ്ട്രവുമായി ചങ്ങാത്തം സ്ഥാപിക്കുന്നതില്‍ തെറ്റ് കാണാത്തവരാണ് വടക്കന്‍ കൊറിയയെ പഴിക്കുന്നത്. വിയത്‌നാം യുദ്ധകാലത്തുപോലും ഒരു അമേരിക്കന്‍ പ്രസിഡന്റും വിയത്‌നാമിനെ തകര്‍ക്കുമെന്നു പറഞ്ഞിട്ടില്ല. ഗ്വാട്ടിമാലയില്‍ അര്‍ബെന്‍സിനെയും ഇറാനില്‍ മൊസാദിക്കിനെയും ചിലയില്‍ സാല്‍വദോര്‍ അലന്‍ഡെയെയും ഇറാഖില്‍ സദ്ദാം ഹുസൈനെയും ലിബിയയില്‍ കേണല്‍ ഗദ്ദാഫിയെയും അമേരിക്കയും കൂട്ടാളികളും വധിച്ചത് ഏത് അന്താരാഷ്ട്ര നിയമം പാലിച്ചാണ്? അമേരിക്ക നടത്തുന്ന ഓരോ യുദ്ധത്തിന്റെയും യുദ്ധനീക്കത്തിന്റെയും പിറകിലുള്ളത് സാമ്പത്തിക ചൂഷണമാണ് എന്ന് തിരിച്ചറിയണം. ധനമൂലധനത്തിന് ലോകമാകെ വ്യാപിക്കുന്നതിനുള്ള അവസരമൊരുക്കലാണ്. ഇത് തിരിച്ചറിയുന്നതു കൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ ചേരിയില്‍ കമ്യൂണിസ്റ്റുകാര്‍ നിലയുറപ്പിക്കുന്നത്.

ചൈനയും വടക്കന്‍ കൊറിയയും ലാവോസും വിയത്‌നാമും ക്യൂബയും മറ്റും സാമ്രാജ്യത്വവിരുദ്ധ നിലപാട് എടുക്കുന്ന രാഷ്ട്രങ്ങളാണ്. സാമ്രാജ്യത്വവിരുദ്ധ നിലപാട് എന്നു പറഞ്ഞാല്‍ അത് ജനപക്ഷ നിലപാടാണ് എന്നര്‍ഥം. രാജ്യത്തിലെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്നതിനെ ഇന്ത്യാവിരുദ്ധ നിലപാടായാണ് വേണുവും മറ്റും ചിത്രീകരിക്കുന്നത്. അടിയുറച്ച ദേശീയവാദികളാണ് ഞങ്ങള്‍. ദേശീയവാദത്തിന്റെ പേരില്‍ സാര്‍വദേശീയതയെ നിഷേധിക്കുകയോ സാര്‍വദേശീയ നിലപാടുകളുടെ പേരില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയോ ഒരിക്കലും സിപിഐ എമ്മിന്റെ പരിപാടിയല്ല. വിവിധ ധാരകളിലുടെയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വളര്‍ന്നുവന്നത്. ദേശീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും മുഖ്യമായ പങ്കുണ്ട്. പൂര്‍ണസ്വാതന്ത്ര്യം എന്ന ആവശ്യം പോലും കമ്യുണിസ്റ്റുകാരാണ് ആദ്യം ഉന്നയിച്ചത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1921ലെ അഹമ്മദാബാദ് സമ്മേളനം). എന്നാല്‍, ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയ താല്‍പ്പര്യം ആര്‍എസ്എസ് പറയുന്നതാണെന്ന് വേണുവിന് പറയാം. എന്നാല്‍, അത് അംഗീകരിക്കാന്‍ സിപിഐ എം തയ്യാറല്ല.

ചൈനയോട് മാത്രമല്ല എല്ലാ അയല്‍രാജ്യങ്ങളുമായും ഊഷ്മളമായ സൗഹൃദം സ്ഥാപിക്കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ചൈനയ്ക്കും റഷ്യക്കുമെതിരെ തന്ത്രപരമായ ഒരു സഖ്യത്തിലേക്ക് ഇന്ത്യയ വലിച്ചിഴക്കുക എന്നത് അമേരിക്കയുടെ ദീര്‍ഘകാല പദ്ധതിയാണ്. മേഖലയില്‍ അമേരിക്കയുടെ താല്‍പ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള നയമാണിത്. ഈ കെണിയില്‍ ഇന്ത്യ വീണുപോകരുതെന്നു പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്? മേഖലയില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് അമേരിക്ക നിരന്തരം ശ്രമിക്കുന്നത്. ക്വാഡിന്റെ രൂപീകരണവും മറ്റും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഏകധ്രുവലോകം സാധ്യമല്ലെന്ന യാഥാര്‍ഥ്യത്തില്‍നിന്നാണ് അമേരിക്കയുടെ ഈ നീക്കം. യുദ്ധംകൊണ്ട് സമാധാനം സ്ഥാപിക്കാനാകില്ല. കീഴ്‌പ്പെടുത്താനേ കഴിയൂ. അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷം അന്തിമമായി ഇന്ത്യന്‍ പൂരോഗതിയെയാണ് തടയുക. അതുകൊണ്ടുതന്നെ അമേരിക്കന്‍ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പാണ് സിപിഐ എമ്മിന് നല്‍കാനുള്ളത്.

നവ കോളനിവല്‍ക്കരണത്തിനാണ് അമേരിക്കയുടെ ശ്രമം. ഇതേ പാതയാണ് ചൈന പിന്തുടരുന്നതെന്ന വാദം അംഗീകരിക്കാനാകില്ല. ചൈന ഇന്നുവരെ കോളനികള്‍ വെട്ടിപ്പിടിച്ചിട്ടില്ല. ചൈന മുന്നോട്ടുവയ്ക്കുന്ന 'ഒരു മേഖല ഒരു പാത' പദ്ധതി പോലും പരസ്പര സഹകരണത്തിലൂടെ വികസനം എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. അതാണ് തൊണ്ണൂറോളം രാഷ്ട്രങ്ങള്‍ അതില്‍ അംഗമായിട്ടുള്ളത്. വേണു പറയുന്നപോലെ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ളതല്ല ഈ പദ്ധതി. ഇന്ത്യക്കും അതില്‍ ചേരാമായിരുന്നു. ഭൂട്ടാനൊഴിച്ചുള്ള ഇന്ത്യയുടെ എല്ലാ അയല്‍രാജ്യങ്ങളും അതില്‍ ഭാഗഭാക്കായി. ഇതിനെയാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായി സൗഹൃദമുണ്ടാക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കുകയാണെന്ന് വേണു ആക്ഷേപിക്കുന്നത്. അയല്‍രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കുന്നതിനായി എന്തേ ഇന്ത്യ കിണഞ്ഞു ശ്രമിക്കാത്തത്? ആരാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് തടസ്സം സൃഷ്ടിക്കുന്നത്? വിദേശനയത്തിലെ സാമ്രാജ്യത്വാനുകൂല ചായ്‌വിനെ പൊരുതി തോല്‍പ്പിക്കുന്നതിനും സാമ്രാജ്യത്വ സമ്മര്‍ദങ്ങളെ അകറ്റുന്നതിനുമായുള്ള പോരാട്ടം സിപിഐ എം തുടരുകതന്നെ ചെയ്യും. പാര്‍ടി പരിപാടിയിലെ ആദ്യവാചകം പറയുന്നതുപോലെ ഇന്ത്യന്‍ ജനതയുടെ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും വിപ്ലവകരവുമായ പാരമ്പര്യമാണ് സിപിഐ എമ്മിനുള്ളത്. സാമ്രാജ്യത്വദാസ്യവേലയുടെ പാരമ്പര്യമുള്ളവര്‍ക്ക് അത് എളുപ്പം ദഹിക്കണമെന്നില്ല.