കോവിഡ് 19 കാലത്തെ സോഷ്യലിസ്റ്റ്, മുതലാളിത്ത സാമൂഹ്യക്രമങ്ങൾ


ലോകമാകെ കോവിഡ് ബാധയാല്‍ നട്ടം തിരിയുമ്പോള്‍ ഒരു ചോദ്യം ലോകവ്യാപകമായി മുഴങ്ങുന്നുണ്ട്. കമ്യൂണിസ്റ്റ് ആശയപരിസരത്തുനിന്നും മാനവീകതയിലൂന്നിയുള്ള ആരോഗ്യ പരിരക്ഷയുടെ പുത്തന്‍ പന്ഥാവുകള്‍ വെട്ടിയൊരുക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ നിന്നാണോ, മനുഷ്യത്വരാഹിത്യത്തിലൂന്നി     മനുഷ്യരാശിയെ പലതരം മാനദണ്ഡങ്ങളാല്‍ ജീവിക്കാനും മരിക്കാനും വിധിക്കുന്ന ലാഭേച്ഛമൂത്ത മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നാണോ നാം പാഠം പഠിക്കേണ്ടത് എന്ന ചോദ്യമാണത്. അത് പ്രസക്തമായ ചോദ്യമാണ്, ലോക ജനത വളരെയേറെ ഗൗരവത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കാണുകതന്നെ ചെയ്യും.   
ലോക ജനതയാകെ കോവിഡ് 19ന്റെ വ്യാപനത്തില്‍ പരിഭ്രാന്തിയിലാണ്. ഈ വേളയില്‍ ലോകത്തിന് മുന്നില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ മുന്നോട്ടുവെക്കുന്ന ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തനങ്ങളും മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ രക്ഷാ നടപടികളും തമ്മിലുള്ള വൈരുദ്ധ്യം ഏറെ വലുതാണ്. അത് വര്‍ഗപരവുമാണ്. അധ്വാനിക്കുന്ന മനുഷ്യരെയൊന്നാകെ ഉന്നതിയിലേക്ക് നയിക്കുകയെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാട് പൊതുബോധമാക്കി രൂപപ്പെടുത്തിയാണ് സോഷ്യലിസ്റ്റ് ക്രമങ്ങള്‍ ആരോഗ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നത്. അതിന്റെ മകുടോദാഹരമാണ് ക്യൂബ. മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങളാവട്ടെ വര്‍ഗപരമായ കാഴ്ചപ്പാടിനെയാണ് പിന്‍പറ്റുന്നത്. അവര്‍ മുന്നോട്ടുവെക്കുന്ന ഉല്‍പ്പാദന വിതരണ ഘടനയിലൂടെ രൂപപ്പെട്ടുവരുന്ന അവബോധം അതിസമ്പന്നന്‍മാരുടെ താല്‍പ്പര്യത്തെയാണ് സംരക്ഷിക്കുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന വ്യവസ്ഥയില്‍ ജനങ്ങളെയാകെ ഒന്നായി കാണാന്‍ സാധ്യമാവുകയില്ല. അതിനാല്‍ ആ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ബാക്കിയുള്ള ജനത, പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് അവിടങ്ങളിലെ ആരോഗ്യ മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. അതിനാലാണ് അമേരിക്കയും സ്‌പെയിനും ഇറ്റലിയും ബ്രിട്ടനുമൊക്കെ കോവിഡ് 19 ന് മുന്നില്‍ പതറി നില്‍ക്കുന്നത്. അടിസ്ഥാനപരമായി ഈ പ്രശ്‌നമാണ് കോവിഡ് 19ന്റെ വ്യാപനത്തെ പ്രതിരോധിക്കുന്ന ഈ സമയത്ത് വിലയിരുത്തപ്പെടേണ്ടത്.
 
സോഷ്യലിസ്റ്റ് രാജ്യമായ ക്യൂബ കോവിഡ് 19 ലോകത്തിനാകെ ഭീഷണിയാവുന്ന സാഹചര്യത്തില്‍ 37 രാഷ്ട്രങ്ങള്‍ക്ക് ആരോഗ്യ പിന്തുണ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇറ്റലിയിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി 52 ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം അവിടെ എത്തിയതിന് പിന്നാലെയാണ് ക്യൂബയുടെ ഈ പ്രഖ്യാപനം ഉണ്ടായത്. ക്യൂബയുടെ ആരോഗ്യ മാതൃക മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാന്‍ സാധിക്കുകയില്ല. സോവിയറ്റ് യൂണിയന്റെ പിന്തുണയോടുകൂടിയാണ് ഈ മികവ് അവര്‍ കൈവരുത്തിയത്. ക്യൂബയില്‍ ഒരു ദേശീയ ആരോഗ്യ സംവിധാനം അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവിടെ സ്വകാര്യ മെഡിക്കല്‍ കോളേജുകളോ, ആശുപത്രികളോ, ക്ലിനിക്കുകളോ ഇല്ല. എല്ലാ ആരോഗ്യ സേവനങ്ങളും ദേശസാല്‍ക്കരിച്ചിരിക്കയാണ്. ആരോഗ്യ പരിരക്ഷയുടെ സാമ്പത്തികവും ഭരണപരവുമായ ഉത്തരവാദിത്തം ക്യൂബയിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വിട്ടുവീഴ്ചകളില്ലാതെ നിര്‍വഹിക്കുന്നുണ്ട്. ഒറ്റപ്പെട്ട വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഓരോ കമ്യൂണിറ്റി ഗ്രൂപ്പുകളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ കുടുംബഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ യൂണിറ്റുകള്‍ ക്യൂബയിലുണ്ട്. അവയെ നിയന്ത്രിക്കാനുള്ള വര്‍ക്ക് ടീമുകളും അവയ്ക്കുമുകളിലായുള്ള പോളിക്ലിനിക്കുകളും ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളുമടങ്ങുന്ന വിപുലവും ചോര്‍ച്ചയില്ലാത്തതുമായ സംവിധാനം മറ്റൊരു രാഷ്ട്രത്തിലും നിലവിലില്ല.
 
1957ല്‍ ക്യൂബയില്‍ ഒരു ലക്ഷം പേര്‍ക്ക് ദന്തഡോക്ടര്‍മാരടക്കം 128 ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. അന്നത് ലാറ്റിനമേരിക്കയിലെ മികച്ച അനുപാതമായിരുന്നു. ആ മികവില്‍ സംതൃപ്തരാവുകയായിരുന്നില്ല ക്യൂബ. 1986 ആവുമ്പോഴേക്കും ഒരു ലക്ഷം പേര്‍ക്ക് 219 ഡോക്ടര്‍മാരെന്നുള്ള നിലയില്‍ അരോഗ്യമേഖല വളര്‍ന്നു. അക്കാലത്ത് ക്യൂബയെ വെല്ലാന്‍ ഒരു ലക്ഷം പേര്‍ക്ക് 423.7 ഡോക്ടര്‍മാരുള്ള സോവിയറ്റ് യൂണിയന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 2005 ആകുമ്പോള്‍ ക്യൂബ ഒരു ലക്ഷം പേര്‍ക്ക് 627 ഡോക്ടര്‍മാരും 94 ദന്ത ഡോക്ടര്‍മാരും എന്ന അനുപാതത്തിലേക്ക് കുതിച്ചു. അപ്പോള്‍ അമേരിക്കയില്‍ ഒരു ലക്ഷം പേര്‍ക്ക് 225 ഡോക്ടര്‍മാരും 54 ദന്ത ഡോക്ടര്‍മാരും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. വിവിധ വിദേശ രാജ്യങ്ങളില്‍ ആരോഗ് പരിരക്ഷ ആവശ്യമുള്ളവരെ സഹായിക്കാനായി ഏകദേശം 132000 ആരോഗ്യ പ്രവര്‍ത്തകരാണ് ക്യൂബയില്‍ നിന്നും സേവന സന്നദ്ധരായി പോയിട്ടുള്ളത്. ഇതില്‍ പകുതിയും ഡോക്ടര്‍മാരാണ്. കേരളത്തിന്റെ നാലിരട്ടി മാത്രം വലുപ്പമുള്ള ആ രാഷ്ട്രത്തിന്റെ ആരോഗ്യ സംവിധാനത്തില്‍ 485000 ആരോഗ്യ വിദഗ്ധരുണ്ട്. ഒരു ലക്ഷത്തിലേറെ ഡോക്ടര്‍മാരെയാണ് ക്യൂബ ആരോഗ്യ സേവനത്തിനായി സജ്ജരാക്കി നിര്‍ത്തിയിരിക്കുന്നത്. 1000 പേര്‍ക്ക് 9 ഡോക്ടര്‍ എന്ന നിലയിലേക്ക് അവര്‍ വളര്‍ന്നിരിക്കുന്നു. ക്യൂബന്‍ വിപ്ലവം നടക്കുന്ന വേളയില്‍ അവിടെ വെറും 3000 ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം ഹവാന മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് മാത്രം ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 376000 പ്രോഫഷണലുകളെ ക്യൂബ വാര്‍ത്തെടുത്തു.
 
ക്യൂബയില്‍ വൈദ്യശാസ്ത്ര പഠനം തീര്‍ത്തും സൗജന്യമാണ്. പഠനത്തോടൊപ്പം രണ്ട് വര്‍ഷം പ്രാഥമിക ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുകയും വേണം. ആ കാലഘട്ടത്തിലാണ് സേവന സന്നദ്ധതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പിറവികൊള്ളുന്നത്. പഠന വിഷയങ്ങളില്‍ നല്ല മാര്‍ക്കുള്ളത് കൊണ്ടോ, പുറത്തുനിന്നുള്ള ധനാഢ്യന്‍മാര്‍ക്കോ ക്യൂബയില്‍ വൈദ്യശാസ്ത്ര പഠനം നടത്താന്‍ സാധിക്കില്ല. അവിടെ വിദ്യാര്‍ത്ഥികളുടെ യോഗ്യതയായി പരിഗണിക്കുന്നത് അവരുടെ വൈദ്യസേവനത്തിനുള്ള സമര്‍പ്പണ ശേഷിയെയാണ്. അത് ഉണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടണം. എങ്കില്‍ മാത്രമേ പഠനത്തിനുള്ള ശുപാര്‍ശ ലഭിക്കുകയുള്ളു. പണം വിദ്യാഭ്യാസത്തിനുള്ള മാനദണ്ഡം ആവുന്നില്ല എന്നതുകൊണ്ടുതന്നെ ആരോഗ്യ ബിരുദം പണമുണ്ടാക്കാനുള്ള മാര്‍ഗവുമായി മാറുന്നില്ല. ക്യൂബയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വരെ ഡോക്ടര്‍മാരെക്കാള്‍ വരുമാനമുള്ളവരാണെന്ന് പറയുന്നത് ഇതിനാലാണ്. 21 മെഡിക്കല്‍ കോളേജുകളാണ് ക്യൂബയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വ്വകലാശാലയും അവിടെയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കമ്യൂണിറ്റി ഗ്രൂപ്പുകളിലൂടെ ഓരോ കുടുംബങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ ഇടപഴകും. ക്യൂബയിലെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ കരിക്കുലം അത്തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ രീതിയിലൂടെ വൈദ്യശാസ്ത്രത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിന് പുറമെ സമൂഹത്തിന്റെ അവസ്ഥകളെ കുറിച്ചും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളെ കുറിച്ചും വിപുലമായി മനസിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ആരോഗ്യ മേഖലയില്‍ നൈതികതയും മൂല്യബോധവും അര്‍പ്പണമനോഭാവവും ഊട്ടിയുറപ്പിക്കുന്ന ഈ രീതിയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സന്നദ്ധ സേനയെ വാര്‍ത്തെടുക്കാന്‍ ക്യൂബയ്ക്ക് കഴിഞ്ഞു.
 
ആരോഗ്യ പരിരക്ഷ എന്നത് ലോകത്തിലെ ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ക്യൂബയില്‍ പഠിച്ചിറങ്ങുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് താന്‍ ഒരു പൊതു സേവകനാണെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടാവും. ക്യൂബന്‍ വിപ്ലവാനന്തരം ചെ ഗുവേര തയ്യാറാക്കിയ പദ്ധതിയാണ് അവിടെ ഫിദല്‍ കാസ്‌ട്രോ സാര്‍ത്ഥകമാക്കിയത്. ഓണ്‍ റവലൂഷണറി മെഡിസിന്‍ എന്ന ചെയുടെ പ്രഭാഷണം ക്യൂബയിലെ ഡോക്ടര്‍മാരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. അതൊരു പ്രത്യയശാസ്ത്ര പരികല്‍പ്പന കൂടിയായിരുന്നു. അതിനാലാണ് തങ്ങള്‍ക്ക് മേല്‍ നിരന്തരം ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കയിലെ  ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടിപ്പോലും ക്യൂബ തയ്യാറാവുന്നത്.
 
അമേരിക്കയുടെ ക്യൂബന്‍ വിരുദ്ധ നിലപാടുകള്‍ മൂലം അവശ്യമരുന്നുകളുടെ ലഭ്യതയടക്കമുള്ള കാര്യങ്ങളില്‍ ക്യൂബയിലെ ആരോഗ്യ മേഖല പ്രതിസന്ധിയിലായ ഘട്ടത്തിലാണ് 2005ല്‍ അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റ് വീശിയടിച്ചത്. അമേരിക്കന്‍ ജനത ആ ദുരന്തത്തില്‍ വല്ലാതെ ഉഴറിയ സാഹചര്യത്തില്‍ ക്യൂബയില്‍ നിന്ന് 1500 ഡോക്ടര്‍മാരടങ്ങുന്ന ബ്രിഗേഡിനെ അമേരിക്കന്‍ ജനതയെ രക്ഷിക്കാനായി അയക്കാമെന്ന് ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു. പക്ഷെ, അമേരിക്കയുടെ മുതലാളിത്ത സങ്കല്‍പ്പങ്ങളില്‍ ചുരമാന്തുന്ന ശത്രുതാ മനോഭാവവും ദുരഭിമാനവും ക്യൂബയുടെ മാനവീകമായ സഹായ വാഗ്ദാനത്തെ നിരാകരിച്ചു. ആശയപരമായി ഭിന്നിപ്പുണ്ടെങ്കിലും മനുഷ്യരുടെ വേദനയ്ക്ക് ലോകത്തിന്റെ ഏത് കോണിലും ഒരേ നിറമാണെന്ന് ക്യൂബ മനസിലാക്കി. അതിനാലാണ് ഹോണ്ടുറാസിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച ശേഷവും അവിടേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചത്. നിക്കരാഗ്വയിലെ സോമാസയോടുള്ള കടുത്ത എതിര്‍പ്പ് തുടരുമ്പോഴും ഭൂചലനത്തില്‍ ദുരിതത്തിലായ ജനതയെ ചികിത്സിക്കാനായി ക്യൂബന്‍ സംഘം അവിടേക്ക് ഓടിയെത്തി. പരഗ്വായിലെ ക്യൂബന്‍ അഭ്യുദയകാംക്ഷിയായ ഫെര്‍ണാഡോ ലുഗോയെ നീക്കിയിട്ടും ക്യൂബ അവിടെ ആരോഗ്യ സേവനം നടത്തുന്ന തങ്ങളുടെ ഡോക്ടര്‍മാരെ പിന്‍വലിക്കാന്‍ തയ്യാറായില്ല. കോവിഡ് രോഗികളുമായി വലഞ്ഞ എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിനെ അമേരിക്ക അടക്കമുള്ള സൗഹൃദ രാഷ്ട്രങ്ങള്‍ കൈവിട്ടപ്പോള്‍ ക്യൂബന്‍ തീരത്ത് അടുക്കാനുള്ള അനുമതി നല്‍കുകയും അവര്‍ക്ക് വൈദ്യസേവനം നല്‍കുകയും ചെയ്ത മാതൃക ലോകമാകെ അനുമോദിക്കുകയുണ്ടായി. ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ അമേരിക്കയുടെ കൂടെ നിന്ന രാജ്യമാണ് ബ്രിട്ടനെന്നുള്ള കാഴ്ടപ്പാടിലേക്ക് ചുരുങ്ങുകയല്ല, ലോകമാകെയുള്ള മനുഷ്യരുടെ വേദനയും കണ്ണുനീരും ഒരേവിധമാണെന്നുള്ള കമ്യൂണിസ്റ്റ് ബോധത്തോടെ കപ്പലിലെ ബ്രിട്ടീഷ് പൗരന്‍മാരെ ചേര്‍ത്തുപിടിക്കുരയായിരുന്നു ക്യൂബയുടെ മാനുഷീകത.
 
ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്ന് ഉക്രൈന്‍, ബലാറസ്, റഷ്യ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് ആണവ വികിരണം മൂലം രോഗബാധയുണ്ടായി. അന്ന് 20000 കുട്ടികളെയാണ് ക്യൂബയുടെ ആരോഗ്യസേന ചികിത്സിച്ചത്. അവര്‍ക്ക് മാനസികാരോഗ്യമടക്കം പകര്‍ന്നു നല്‍കി മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാന്‍ ക്യൂബയ്ക്ക് സാധിച്ചു. മൊസാംബികിലുണ്ടായ ചുഴലിക്കാറ്റിന്റെ വേളയില്‍ നാനൂറിലേറെപ്പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ തന്നെയാണ് ക്യൂബ അങ്ങോട്ടേക്ക് അയച്ചത്. ആ വെള്ളപ്പട്ടാളം 63 ദിവസം അവിടെ താമസിച്ച് 22259 രോഗികളെ പരിചരിച്ച് സുഖപ്പെടുത്തി. ദക്ഷിണേഷ്യയില്‍ സുനാമി ആഞ്ഞടിച്ചപ്പോഴും കാശ്മീര്‍ ഭൂകമ്പം ഉണ്ടായപ്പോഴും ഹെയ്തിയില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോഴും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ദുരന്തം വിതച്ചപ്പോഴും ക്യൂബ മനുഷ്യനന്‍മ എന്ന മുദ്രാവാക്യത്തിലൂന്നി നിന്ന് സമാനതകളില്ലാത്ത ഇടപെടലുകള്‍ നടത്തി. അന്ന് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിയായിരുന്ന ജോണ്‍കെറി പോലും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ക്യൂബയുടെ സാന്നിധ്യത്തെയും ആരോഗ്യ സേവനത്തെയും പ്രകീര്‍ത്തിച്ചു. ഇപ്പോഴിതാ കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ യൂറോപ്പിലേക്കും തങ്ങളുടെ വെള്ളപ്പട്ടാളത്തെ അയക്കാന്‍ ക്യൂബ സന്നദ്ധമായിരിക്കുന്നു. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവുമേറെ ബാധിച്ച ലംബാര്‍ഡി മേഖലയില്‍ ക്യൂബന്‍ ആരോഗ്യ സേന കൊറോണ വൈറസുമായി ഏറ്റുമുട്ടുകയാണ്. വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സറിനാം എന്നിവിടങ്ങളിലെല്ലാം കോവിഡ് പ്രതിരോധവുമായി ക്യബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സജീവമായുണ്ട്.
 
ഇറ്റലി പോലുള്ള വികസിത മുതലാളിത്ത രാജ്യത്തില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ലാഭം കുന്നുകൂട്ടുക എന്ന സാമ്രാജ്യത്വ താല്‍പ്പര്യത്തെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്നവയാണ്. അവയ്ക്ക് മാനവീക ബോധമോ താല്‍പ്പര്യമോ ഇല്ല. കോവിഡ് കാലത്തുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ എഴുപത് കഴിഞ്ഞവര്‍ മരിച്ചാലും കുഴപ്പമില്ലെന്ന കാഴ്ചപ്പാടാണ് മുതലാളിത്തത്തിന്റെ ഹൃദയരാഹിത്യത്തില്‍ നിന്നും പിറവി കൊള്ളുന്നത്. ടെക്‌സാസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഡാന്‍ പാട്രിക് ആ നിലപാട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. വികസിത മുതലാളിത്ത രാജ്യങ്ങള്‍ പാട്രിക്കിനെ ആവര്‍ത്തിക്കുകയും വയോജനങ്ങള്‍ക്ക് വെന്റിലേറ്ററുകള്‍ നിഷേധിച്ച് കൂടുതല്‍ ഉല്‍പ്പാദന ശേഷിയുള്ള, ചൂഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ സാധിക്കുന്ന യുവജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയുമാണ്. ക്യൂബന്‍ സമീപനം ഇത്തരത്തിലുള്ളതല്ല. ക്യൂബയെ പിന്‍പറ്റുന്ന കേരളത്തിന്റെ സമീപനവും മുതലാളിത്ത രീതിയിലുള്ളതല്ല. അതുകൊണ്ടാണ് പത്തനംതിട്ടയിലെ 88ഉം 93ഉം വയസായ വയോവൃദ്ധരെ കോവിഡ് ബാധയില്‍ നിന്നും മോചിപ്പിക്കാന്‍ കേരളത്തിന് സാധിച്ചത്. അവരെ പരിചരിച്ച കേരളത്തിന്റെ യുവ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് ബാധിച്ചത് ഏറ്റവും മികച്ച രീതിയിലുള്ള പരിചരണം ആ വയോജനങ്ങള്‍ക്ക് ലഭ്യമാകകയതിന്റെ ഭാഗമായാണ്. വയോജനങ്ങളെ മാറ്റിവെച്ച് യുവജനങ്ങള്‍ക്ക് ചികിത്സ നല്‍കുക എന്ന മുതലാളിത്ത ബോധമല്ല മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്ന് കേരളം ഇതിലൂടെ തെളിയിച്ചു. ഒരു മുതലാളിത്ത ഭരണ സംവിധാനത്തിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ജനകീയ അവബോധത്തെ വളര്‍ത്തിയെടുത്ത് പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖവിലക്കെടുത്തുകൊണ്ടു മുന്നോട്ടുപോകാന്‍ കേരളത്തിന് സാധിച്ചു. വിവിധ ധാരകളിലുള്ള ജനവിഭാഗങ്ങളെയും സാഹിത്യ സാംസ്‌കാരിക കലാ മണ്ഡലങ്ങളിലുള്ളവരെയും ഇതര രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരെയും എല്ലാം ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജനകീയ അവബോധ സൃഷ്ടിക്കായി കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന ഗവണ്‍മെന്റിന് സാധിച്ചു എന്ന കാര്യം തീര്‍ച്ചയായും ഭാവി ലോകം വിലയിരുത്തുക തന്നെ ചെയ്യും.
 
ചൈനയിലാണ് ആദ്യം കോവിഡ് പടര്‍ന്നുപിടിച്ചത്. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ആ രാജ്യത്ത് നിയന്ത്രണവിധേയമാക്കാന്‍ പറ്റാത്ത വിധത്തില്‍ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതയുണ്ടായിരുന്നു. കൊറോണ വൈറസുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും അതിന്റെ മാരകശേഷിയെയും ലോകത്തിലാദ്യമായി അഭിമുഖീകരിച്ച ചൈന സോഷ്യലിസ്റ്റ് മാതൃക പിന്‍പറ്റിക്കൊണ്ട് ജനകീയ പ്രതിരോധത്തിനായി ജനങ്ങളെ പ്രാപ്തരാക്കി. സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന് പറയുമ്പോള്‍ അവിടുത്തെ സമ്പദ് വ്യവസ്ഥ മാത്രമല്ല പരിഗണിക്കപ്പെടുന്നത്. ആ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അവബോധമാണ് നിര്‍ണായകമായ ഘടകം. ജനങ്ങളെ ആ വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റുമ്പോഴാണ് പരസ്പര പൂരകങ്ങളായി അത് മാറുന്നത്. അപ്പോഴാണ് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. എന്നാല്‍, മുതലാളിത്ത രാജ്യങ്ങളില്‍ സംരക്ഷിക്കപ്പെടുന്നത് ജനങ്ങളുടെ താല്‍പ്പര്യമല്ല. സാമ്രാജ്യത്വ താല്‍പ്പര്യമാണ്.
 
വികസനത്തിന്റെ എല്ലാ ഗ്രാഫുകളിലും മികവുണ്ടെന്ന്  അവകാശപ്പെടുന്ന സാമ്രാജ്യത്വ രാജ്യമായ അമേരിക്കയ്ക്ക് ചൈനയെ പോലെ കോവിഡ് 19നെ പ്രതിരോധിക്കാന്‍ സാധിക്കാത്തത് അവര്‍ കൈവരിച്ച വികസനം അവിടുത്തെ ജനതയുടേതായിരുന്നില്ല എന്നതിന്റെ തെളിവാകുന്നു. അതിസമ്പന്നരുടെ കൈയ്യിലേക്ക് സമ്പത്ത് കുന്നുകൂടുന്ന ഒരു വ്യവസ്ഥയില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ അവബോധത്തിലേക്ക് സാമൂഹിക സേവനത്തിലൂന്നിയുള്ള ആരോഗ്യ സേവനങ്ങളടക്കമുള്ള കാര്യങ്ങള്‍ വിപുലപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അത് വര്‍ഗപരമായ പരിമിതിയാണ്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ആ പരിമിതിയില്ലാത്തത് കൊണ്ടാണ് ചൈന ഒരുപരിധിവരെ കോവിഡില്‍ നിന്നും മോചനം നേടി നില്‍ക്കുന്നത്. അമേരിക്ക ചൈനീസ് സഹായം തേടാന്‍ നിര്‍ബന്ധിരായിരിക്കുന്നതിലൂടെ  രണ്ട് വ്യവസ്ഥകളുടെ യഥാര്‍ത്ഥ ചിത്രമാണ് വരച്ചിടപ്പെടുന്നത്.  
 
ലോകമാകെ കോവിഡ് ബാധയാല്‍ നട്ടം തിരിയുമ്പോള്‍ ഒരു ചോദ്യം ലോകവ്യാപകമായി മുഴങ്ങുന്നുണ്ട്. കമ്യൂണിസ്റ്റ് ആശയപരിസരത്തുനിന്നും മാനവീകതയിലൂന്നിയുള്ള ആരോഗ്യ പരിരക്ഷയുടെ പുത്തന്‍ പന്ഥാവുകള്‍ വെട്ടിയൊരുക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ നിന്നാണോ, മനുഷ്യത്വരാഹിത്യത്തിലൂന്നി     മനുഷ്യരാശിയെ പലതരം മാനദണ്ഡങ്ങളാല്‍ ജീവിക്കാനും മരിക്കാനും വിധിക്കുന്ന ലാഭേച്ഛമൂത്ത മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നാണോ നാം പാഠം പഠിക്കേണ്ടത് എന്ന ചോദ്യമാണത്. അത് പ്രസക്തമായ ചോദ്യമാണ്, ലോക ജനത വളരെയേറെ ഗൗരവത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കാണുകതന്നെ ചെയ്യും.   

06-Apr-2020

സംവാദം മുന്‍ലക്കങ്ങളില്‍

More