കോട്ടയം ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും.

സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും. യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു നേരത്തെ സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എൻഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നുമായിരുന്നു സജി മഞ്ഞക്കടമ്പിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി.