യാത്രക്കാർക്ക് ഏറെ ഗുണകരമായ രീതിയിൽ ഇന്ന് മുതൽ കെഎസ്ആർടിസിയിൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം പ്രാബല്യത്തിൽ വരും. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് ഇനി സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും.

പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിച്ചിട്ടുണ്ട്. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകും. ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്ടർ, ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകേണ്ടതാണ്.