കണ്ണൂർ ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയൻ. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. യാതൊരുവിധ അനിഷ്ട സംഭവങ്ങളും നടക്കാതിരിക്കാനുള്ള എല്ലാ ക്രമീകരണങ്ങള്‍ പൊലീസിൻ്റെ നേതൃത്വത്തില്‍ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും യോഗത്തില്‍ പങ്കെടുത്തു. പോളിങ് ഭംഗിയായും സമാധാനപരമായും പൂര്‍ത്തിയാക്കുവാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ പോലെ വോട്ടെണ്ണല്‍ ദിനത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ആഹ്ലാദപ്രകടനങ്ങള്‍ ജില്ലയില്‍ പൊതുവില്‍ രാത്രി ഒമ്പത് മണിവരെയാണ് അനുവദിക്കുക. എന്നാല്‍ പ്രശ്ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കില്‍ പരിമിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങള്‍ നടത്താവൂ.

ജില്ലയില്‍ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കണക്കിലെടുത്ത് അതിര്‍ത്തികള്‍ ലംഘിച്ചുള്ള ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനിച്ചു. വാഹന പ്രകടനങ്ങള്‍ തദ്ദേശസ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കണം. മറ്റു പ്രദേശ പരിധിയിലേക്ക് കടക്കാന്‍ പാടില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പാടില്ല. എതിര്‍ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കോ നേതാക്കളുടെ വീടുകള്‍ക്കോ മുന്നില്‍ പ്രകോപനപരമായ പ്രകടനം നടത്താന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.

ഒരേ സമയം ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ ആഹ്ലാദ പ്രകടനം കടന്ന് പോകുന്ന വഴി പൊലീസിന്റെ ഇലക്ഷന്‍ സെല്ലില്‍ മുന്‍കൂട്ടി അറിയിക്കണം. വിജയാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്വമുള്ള വളണ്ടിയര്‍മാരെ നിയോഗിക്കണം. ആഹ്ലാദ പ്രകടനത്തിൻ്റെ ഭാഗമായി ഡിജെ പരിപാടികള്‍ പാടില്ല.

പടക്കങ്ങള്‍ പരമാവധി ഒഴിവാക്കണം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ബൈക്ക് ഓടിക്കല്‍, രണ്ടില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ യാത്ര ചെയ്യല്‍, യാത്ര ചെയ്തുകൊണ്ടുള്ള കൊടി വീശല്‍ എന്നിവ അനുവദിക്കില്ല. കൗണ്ടിങ് കേന്ദ്രത്തിന് സമീപം ഏജന്റുമാരല്ലാത്ത മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തുന്നതും വിലക്കിയിട്ടുണ്ട്. കൗണ്ടിങ് കേന്ദ്രത്തിന് സമീപം ഒരു തരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

ക്രമസമാധാനം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ താഴെ തട്ടിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ബാക്കിയുള്ളവ ഉടന്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് അവ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.