ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് പ്രവേശിച്ചതോടെ ശുഭ പ്രതീക്ഷ പങ്കുവെച്ച് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ എൻഡിഎയെ താഴെയിറക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന് രാഹുൽ പറഞ്ഞു.

ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നതിനിടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.കനത്ത ചൂടിലും ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത് അഭിമാനകരം ആണെന്നും രാഹുൽ കൂട്ടിച്ചേർത്തു.അതേസമയം ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലെ ജനങ്ങൾ ആണ് ഇന്ന് വിധി എഴുതുന്നത്.

പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് ജനം വിധിയെഴുതുക. രാജ്യം ഉറ്റുനോക്കുന്ന പ്രധാന മന്ത്രി അടക്കം മത്സരിക്കുന്ന മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. മൂന്നാം തവണയും മോദിയുടെ ഊഴം ആണെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി മുന്നോട്ട് പോകുന്നത്. എന്നാൽ ഒരു അട്ടിമറിയുടെ സാധ്യതയോടെയാണ് ഇന്ത്യ മുന്നണിയുടെ മുന്നോട്ടുള്ള യാത്ര.

അതിനിടെ ഇന്ന് ആരംഭിക്കുന്ന ചാനൽ എക്സിറ്റ് പോൾ ചർച്ചകളിൽ ബഹിഷ്കരിക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചു. നേതാക്കൾ ചാനൽ പരിപാടികളിൽ പങ്കെടുക്കേണ്ടെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.