എൽഡിഎഫിൻ്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് പ്രചരിപ്പിക്കുന്നവർ നിരാശരാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ചു. പക്ഷേ, പിന്മാറാനോ കരയാനോ എൽ.ഡി.എഫ് തയ്യാറല്ല. മാറ്റേണ്ടതെല്ലാം മാറ്റി എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ബിനോയ് വിശ്വം പറഞ്ഞു.

പാർട്ടികമ്മിറ്റി കൂടുന്നത് ചർച്ച ചെയ്യാനാണ്. അതല്ലാതെ നേതാക്കൾക്ക് സ്തുതി പാടാനല്ല. ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ശരിയും തെറ്റും മാറ്റങ്ങളും പറയും. അവ തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. നയങ്ങളാണ് സർക്കാറിനെ ജനങ്ങളോട് അടുപ്പിക്കുന്നതെന്ന് അച്യുതമേനോൻ സർക്കാറിനെ ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പറഞ്ഞു.

ഇടത് പക്ഷത്തിന്‍റെ മുഖ്യ ശത്രു ബിജെപിയാണ്. അവരെ തോൽപ്പിക്കാൻ കഴിയുന്നവരെല്ലാവരുമായി കൂട്ട് പിടിക്കാം. രാജസ്ഥാനിൽ കമ്മ്യൂണിസ്റ്റ് എം.പി ഉണ്ടായത് കോൺഗ്രസിന്‍റെ സഹായം കൊണ്ടാണ്. അത് കാലത്തിന്‍റെ മാറ്റമാണ്. കോൺഗ്രസിനെ നേരത്തെ മുൻവിധിയോടെ കാണേണ്ടതില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യശത്രു ഫാസിസ്റ്റായ ബി.ജെ.പിയാണ്. കേരളത്തിലെ ഫലം എന്തായാലും ഇന്ത്യാ സഖ്യത്തെ ജനങ്ങൾ മാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .