കോടതികളെ നീതിയുടെ ശ്രീകോവിലായി കാണുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ ദൈവങ്ങളല്ലെന്നും അങ്ങനെ ചിന്തിക്കുന്നത് അപകടമാണെന്നുമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. കൊൽക്കത്തയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി സംഘടിപ്പിച്ച ഈസ്റ്റ് സോൺ II റീജിയണൽ കോൺഫറൻസിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ജഡ്ജിമാരെ ബഹുമാനസൂചകമായി അഭിസംബോധന ചെയ്യുകയും കോടതികൾ നീതിയുടെ ശ്രീകോവിലുകളാണെന്ന് പറയുകയും ചെയ്യുന്നത് വലിയ അപകടമാണെന്ന് അദ്ദേഹം വിലയിരുത്തി. ജഡ്ജിമാരെ താൻ കാണാൻ ആഗ്രഹിക്കുന്നത് ജനസേവകരായാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് തിരിച്ചറിയുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ആത്മാർത്ഥമായും ബുദ്ധിമുട്ടനുഭവിക്കുന്നവരോട് അനുകമ്പയോടെയും പെരുമാറാൻ സാധിക്കും. അല്ലാത്തപക്ഷം നമ്മൾ മുൻവിധികളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകുമെന്നും ചന്ദ്രചൂഡ് പറയുന്നു.

ഒരു ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുകയാണെങ്കിൽ തന്നെ ജനങ്ങളുടെ പക്ഷത്തു നിന്നു തന്നെ ചെയ്യണമെന്നും, പ്രതിയാണെങ്കിൽ പോലും അതൊരു മനുഷ്യനാണെന്ന് കരുതി വേണം ശിക്ഷ വിധിക്കാനെന്നും അദ്ദേഹം പറയുന്നു. നീതിന്യായ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചും ചീഫ് ജസ്റ്റിസ് സംസാരിച്ചു.

കോടതി നടപടികൾ ഡിജിറ്റലായി കൈകാര്യം ചെയ്യുക എന്ന ആശയം നേരത്തെ തന്നെ ഡി വൈ ചന്ദ്രചൂഡ് മുന്നോട്ട് വച്ച ആശയമാണ്. എന്നാൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കേവലം പേരിനു മാത്രമാകരുതെന്നും അത് ജനങ്ങൾക്ക് നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം പറയുന്നു.