മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി 12000 കോടിയോളം രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

തീരദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയില്‍ ഇതുവരെ ആകെ 2578 ഭവനങ്ങള്‍ നിർമിച്ചു. ഇതില്‍ 390 ഫ്ലാറ്റുകളും 2236 വീടുകളുമാണ്. ഇതിനു പുറമേ ലൈഫ് പദ്ധതിയില്‍ ഫിഷറീസ് വിഭാഗത്തില്‍ 12723 പേര്‍ക്ക് വീട് നിർമ്മിച്ചു. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ മറ്റ് വിവിധ ഭവനപദ്ധതികള്‍ പ്രകാരം 4706 വീടുകളും 192 ഫ്ലാറ്റുകളും നിർമ്മിച്ചു. ഇത്തരത്തില്‍ ആകെ 20247 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നിർമ്മിച്ചു നല്കി‍യത്.

തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്ലാറ്റുകളുടെ നിർമ്മിക്കുന്ന നടപടിയും പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മണ്ണെണ്ണ പെർമിറ്റ്‌ അനുവദിക്കുന്നതിനായി 7 വർഷങ്ങൾക്ക് ശേഷം വെരിഫിക്കേഷന്‍ നടത്തി പെർമിറ്റ് വിതരണം ആരംഭിച്ചു.

ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂര്‍), കാസർകോട് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 2078 കോടി രൂപയുടെ മത്സ്യകൃഷി പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

10 പേർ വീതമടങ്ങുന്ന ഗ്രൂപ്പിന് 156 ലക്ഷം രൂപ വീതം വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ വിതരണം ചെയ്തു. 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ രൂപീകരിക്കുന്നതിന് 6.43 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. സംസ്ഥാനത്തെ 21 പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു.

മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസ് 10 ലക്ഷം രൂപയായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2700 രൂപയിൽ നിന്നും 4500 രൂപയായി വർദ്ധിപ്പിച്ചു. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 188 കോടി രൂപയുടെ ധനസഹായം നൽകി.

ടൗട്ടേ ചുഴലിക്കാറ്റ് ബാധിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1200 രൂപ നിരക്കിൽ 18.36 കോടി ധനസഹായം നൽകി. തീരദേശത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നും 36 സ്കൂളുകൾക്ക് 70 കോടി രൂപയും കിഫ്ബിയിൽ നിന്നും 57 സ്കൂളുകൾക്ക് 66 കോടി രൂപയും ഉൾപ്പെടെ 136 കോടി രൂപ അനുവദിച്ചു.

തീരദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി രൂപ ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ചു. മത്സ്യവിപണനത്തിലേർപ്പെടുന്ന സ്ത്രീ തൊഴിലാളികൾക്ക് സൗജന്യയാത്ര ഉറപ്പുവരുത്താന്‍ സമുദ്ര ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി മുഖാന്തിരം 20 തീരദേശ സ്കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിച്ചെന്നും മന്ത്രി പറഞ്ഞു.