കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്യവട്ടം ക്യാമ്പസ് സംഘർഷം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കിയപ്പോൾ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോളേജ് ക്യാമ്പസിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിൽ നടപടിയായി പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ക്യാമ്പസിന് പുറത്തുനിന്നുള്ള ആളുകൾ കെഎസ്‌യു പ്രവർത്തകർക്കൊപ്പം എത്തിയതാണ് സംഘർഷത്തിന്റെ കാരണം. എംഎൽഎമാരായ എം വിൻസന്റും ചാണ്ടി ഉമ്മനുമാണ് പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് നേതൃത്വം നൽകിയത്. ഒരു പൊലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാർക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എഫ്ഐക്കെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത് എം വിൻസെന്റ് എംഎൽഎയാണ്. എസ്എഫ്ഐ അതിക്രമങ്ങൾ ചർച്ചയ്ക്ക് വന്നപ്പോഴെല്ലാം അവരെ മുഖ്യമന്ത്രി ന്യായീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി എസ്എഫഐക്ക് രാഷ്ട്രീയസംരക്ഷണം നൽകുന്നുവെന്നും ഇതാണ് അവരെ ആക്രമണങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും എം വിൻസെന്റ് പറഞ്ഞു. ഇതിനായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.