മാസപ്പടി കേസില്‍ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടിയില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇതിന്റെ രാഷ്ട്രിയ നിലപാടുകള്‍ പാര്‍ട്ടിയും മറ്റ് ബന്ധപ്പെട്ടവരും പറഞ്ഞതാണ്.

അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. സിപിഎം – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു. ഇത്തരത്തില്‍ ഒരു കാര്യം വരുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ പോകുമെന്ന് മുമ്പുതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് സംബന്ധിച്ചുള്ള രാഷ്ട്രീയ വശങ്ങളെല്ലാം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്.