പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയെന്ന പരാതിയെ തുടർന്ന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്.. അമരാവതി എംഎല്‍എ സുല്‍ഭ ഖോഡ്കെയെ ആണ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് നടപടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാർട്ടി എംഎല്‍എയ്ക്കെതിരേയുള്ള നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.അതേസമയം നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മാറ്റിയ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരിലൊരാളായിരുന്നു സുല്‍ഭ ഖോഡ്കെ. ക്രോസ് വോട്ടിനെ തുടർന്ന് പ്രതിപക്ഷസഖ്യമായ മഹാവികാസ് അഖാഡി സ്ഥാനാർഥി ജയന്ത് പാട്ടീല്‍ പരാജയപ്പെട്ടു.
ഇതേതുടർന്ന് സുല്‍ഭ അടക്കമുള്ള എംഎല്‍എമാർ പാർട്ടിക്കെതിരേ പ്രവർത്തിക്കുകയാണെന്ന് കാണിച്ച് വ്യാപക പരാതികള്‍ ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാനധ്യക്ഷൻ നാന പട്ടോലെ പ്രസ്തവനയില്‍ അറിയിച്ചു. പാർട്ടിയുടെ മഹാരാഷ്ട്ര ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് എംഎല്‍യ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നും പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.