ഗാസ പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലാഹിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. തെക്കൻ ഗാസയിലെ അൽ-മവാസി അഭയാർഥി ക്യാമ്പുകൾക്ക് നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ പൊലീസ് മേധാവി അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹായി ഹുസാം മുസ്തഫ ഷവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.

അതേസമയം, ജ​ബാ​ലി​യ​ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മരണം 17 ആയി. കൊ​ല്ല​പ്പെ​ട്ട​വരിൽ ഭൂരിഭാഗവും സ്ത്രീകളും കു​ട്ടി​ക​ളുമാണ്.​ ഒക്ടോ​ബ​ർ ആറ് മു​ത​ൽ ക​ടു​ത്ത ഉ​പ​രോ​ധം തു​ട​രു​ന്ന വ​ട​ക്ക​ൻ ഗാസയിലെ ജ​ബലി​യ, ബെയ്ത് ലാ​ഹി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും തു​ട​രു​ക​യാ​ണ്. വ​ട​ക്ക​ൻ ഗാസയിൽ എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ച് ക​രു​ത​ൽ മേ​ഖ​ല​യാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.

ഗാസ സി​റ്റി, ദ​ക്ഷി​ണ ഖാൻ യൂനിസ്, ദേർ അൽ-ബലാഹ് ​എന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​യെ തുടർന്ന് ജ​ല​നി​ര​പ്പ് ഉയർന്നു. ഗാസയിൽ അ​തി​ശൈ​ത്യ​ത്തി​നൊ​പ്പം ശ​ക്ത​മാ​യ മഴയും എത്തിയത് ക്യാ​മ്പു​ക​ളി​ലെ ജീ​വി​തം കൂ​ടു​ത​ൽ ദുരിതത്തിലാക്കി. ഗാസയിലേക്ക് പ്ര​തി​ദി​നം 500ലേ​റെ ട്ര​ക്കു​ക​ൾ ആ​വ​ശ്യ​മാ​യി​ട​ത്ത് ഒ​രു മാ​സ​ത്തി​നി​ടെ 160 ഭ​ക്ഷ്യ ട്ര​ക്കു​ക​ളാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്.

അ​തി​നി​ടെ, ഗാസ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ വീ​ണ്ടും വ​ഴി​മു​ട്ടി​. ബ​ന്ദി​ക​ളെ ജീ​വ​നോ​ടെ ല​ഭി​ക്ക​ണ​മെ​ന്നും ഹമാസ് ആ​വ​ശ്യ​പ്പെ​ട്ട ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​നാ​കി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ച​ർ​ച്ച വ​ഴി​മു​ട്ടി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 30 ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കു​ന്ന​തി​ന് പ​ക​രം 60 ദി​വ​സ വെ​ടി​നി​ർ​ത്ത​ലാ​ണ് ഇ​സ്രയേ​ൽ മു​ന്നോ​ട്ടു​വെ​ച്ച​ത്.