വയനാട്ടിലെ ഡിസിസി മുൻ ട്രഷറർ എന്‍എം വിജയന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി പ്രവര്‍ത്തിച്ചവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം ആണെന്നും ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സാധ്യമായ എല്ലാ നിലപാടുകളും ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ .

കുറ്റം ചെയ്തവര്‍ക്ക് അനുകൂലമായ നിലപാടാണ് വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്. ബത്തേരി എംഎല്‍എയുടെ രാജി വയനാട്ടിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഇതൊന്നും ബാധകമല്ല എന്ന മട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം എന്ന നിലപാടുള്ളവരാണ് സിപിഐഎം. എംഎല്‍എ, ഡിസിസി പ്രസിഡൻ്റ് എന്നിവരുടെയെല്ലാം പേരുകൾ എൻഎം വിജയൻ്റെ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. അത് പരിശോധിക്കണം.

എൻഎം വിജയന് അന്തവും കുന്തവും ഇല്ല എന്ന പരാമര്‍ശം ഒരു രാഷ്ട്രീയ നേതാവ് നടത്തുന്നതിന് കുറച്ച് തൊലിക്കട്ടി വേണമെന്ന് കെ സുധാകരൻ്റെ പരാമർശം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ മറ്റൊരു രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത് അധികാര രാഷ്ട്രീയമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫിൻ്റെ വിജയത്തിൽ ആഹ്ളാദപ്രകടനത്തിന്റെ മുന്‍പന്തിയില്‍ വന്നത് എസ്ഡിപിഐ ആണ്.

എസ്ഡിപിഐ ജനാധിപത്യ വ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി നില്‍ക്കുന്നവരാണോ. അവര്‍ മതരാഷ്ട്ര വാദികളാണ്. മതരാഷ്ട്രവാദികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ന്യൂനപക്ഷ മതരാഷ്ട്രവാദികളും ശക്തിപ്പെടുന്നു. വര്‍ഗീയ വാദത്തിന്റെ ആപത്കരമായ നിലയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ ഉയരുന്ന ഇത്തരം പുഴുക്കുത്തുകളെ അമര്‍ച്ച ചെയ്യണം. അതാണ് സിഎച്ച് ഹരിദാസ് മുന്നോട്ടുവച്ച രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളുടെ നിലപാട് ബോധ്യപ്പെടുത്തുന്നതിന് ഏത് അറ്റം വരെയും പോകുമെന്ന് പെരിയ കേസ് സംബന്ധിച്ച് ടിപി രാമകൃഷ്ണൻ പറഞ്ഞു. സിബിഐ അത്തരമൊരു നിലപാടില്‍ വന്നത് രാഷ്ട്രീയപ്രേരണയുടെ ഭാഗമായാണ്. കോടതി ഇനിയും പലതും പരിശോധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നിലപാട് ശരിയാണെന്നും ഇനിയും ശിക്ഷ നിലപാടില്‍ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.