A I സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ചൂഷണത്തിന് വഴിവയ്ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ . എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്ന് അദ്ദേഹം പറ‍ഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുക എന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.


10 ലക്ഷം കോടി ധന സമാഹരണം കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത് പൊതു മേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുക വഴിയാണ്. കേരളത്തിൻ്റെ പേര് പോലും ബജറ്റിൽ ഇല്ല. കേരളത്തിന് കിട്ടേണ്ട അവകാശം പോലും നിഷേധിച്ചു. വയനാട് ദുരന്തം ഉൾപ്പെടെ പറഞ്ഞാണ് സഹായം ആവശ്യപ്പെട്ടിരുന്നത്. അടുത്ത നവംബർ 1ന് അതിദരിദ്രർ ഇല്ലാത്തഏക ഇന്ത്യൻ സംസ്ഥാനം ആകും. അപ്പോഴാണ് ദരിദ്രർ ആകണം എന്ന് ജോർജ് കുര്യൻ പറയുന്നത്. കേരളം രാജ്യത്തിന് മാതൃകയാണെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറ‍ഞ്ഞു.

അടിമതുല്യമായ ജീവിക്കേണ്ടി വന്ന കാലത്തെ ആണ് ചിലർ സനാതന ധർമ്മം എന്ന് വിളിക്കുന്നത്. ഒരു സമൂഹത്തിൻ്റെ ജീർണത ആണ് സനാതന ധർമ്മതിന് വേണ്ടി വാദിക്കുന്നവർ പ്രതിഫലിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാക്കുകളും ഇതുതന്നെ എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

യുഡിഎഫ് ഇപ്പോഴേ മുഖ്യമന്തി ചർച്ചകൾ തുടങ്ങി. ലീഗ് പറയുന്നു കുഞ്ഞാലിക്കുട്ടി ആകുമെന്ന്. കോൺഗ്രസിൽ നിരവധി നേതാക്കൾ ഉണ്ട് മുഖ്യമന്ത്രി ആവാൻ നടക്കുന്നവരെന്ന് എംവി ​ഗോവിന്ദൻ പരിഹസിച്ചു. മൂന്നാം തവണയും സിപിഐഎം അധികാരത്തിൽ വരുമെന്നും 100 സീറ്റ് വിജയിച്ച് കേരളത്തിൽ എൽഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു .